കല്യാണ്‍ ജുവലേഴ്‌സിന്റെ പാദാധിഷ്ഠിത ലാഭം കുറഞ്ഞു, വരുമാനം കൂടി

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 135 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തില്‍ 106 കോടി രൂപയായിരുന്നു. 27 ശതമാനമാണ് ഉയര്‍ച്ച. അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ലാഭം 143 കോടി രൂപയായിരുന്നു. പാദാധിഷ്ഠിത ലാഭത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ പാദത്തില്‍ കല്യാണിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 4,387 കോടി രൂപയില്‍ നിന്ന് 4,427 കോടി രൂപയായി ഉയര്‍ന്നു. 0.9 ശതമാനമാണ് ഉയര്‍ച്ച. തൊട്ടു മുന്‍പാദത്തില്‍ വരുമാനം 3,484 കോടി രൂപയായിരുന്നു.
കല്യാണിന്റെ ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 95 കോടി രൂപയില്‍ നിന്ന് 32 ശതമാനം ഉയര്‍ന്ന് 126 കോടി രൂപയായി. ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 32 ശതമാനം ഉയര്‍ന്ന് 3,754 കോടി രൂപയായി.
ഗള്‍ഫ് ബിസിനസ്
ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള വിറ്റുവരവ് രണ്ടാംപാദത്തില്‍ 629 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാന പാദത്തിലിത് 601 കോടി രൂപയായിരുന്നു. ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള ലാഭം (Profit after tax) മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 14 കോടി രൂപയില്‍ നിന്ന് 12 രൂപയായി കുറഞ്ഞു.
ഇ-കൊമേഴ്സ്
ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയറിന്റെ രണ്ടാം പാദ വിറ്റുവവരവ് 31 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 37 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ കാന്‍ഡിയര്‍ 2.5 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3 കോടി രൂപ നഷ്ടത്തിലായിരുന്നു.
നേട്ടം ഓഹരിയുടെ 225 ശതമാനത്തിലധികം!
ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ 0.25ശതമാനം ഇടിഞ്ഞ് 337 രൂപയിലാണ് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തില്‍ 66.6 ശതമാനവും ഒരു വര്‍ഷത്തില്‍ 225.95 ശതമാനവും നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് കല്യാണ്‍ ജുലവേഴ്‌സ്. ഇന്ന് ഓഹരി വിപണി അവധിയായതിനാല്‍ നാളത്തെ വ്യാപാരത്തില്‍ പ്രവര്‍ത്തന ഫലങ്ങളുടെ പ്രതിഫലനം ഓഹരിയില്‍ ദൃശ്യമായേക്കാം.

നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ വളരെ മികച്ചതായിരുന്നെന്നും ആദ്യപകുതിയിൽ വരുമാനം 29 ശതമാനം വര്‍ധിച്ചെന്നും കല്യാണ്‍ ജുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. സ്വര്‍ണവിലയില്‍ വലിയ വ്യതിയാനങ്ങളുണ്ടായെങ്കിലും നടപ്പു പാദത്തിലെ നവംബര്‍ 12 വരെയുള്ള കാലയളവില്‍ മുന്‍ വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ 35 ശതമാനം വരുമാന വളര്‍ച്ച നേടാനായെന്നും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it