കമലഹാരിസിന്റെ വിജയം കൊതിച്ച് തമിഴ്‌നാട്ടിലെ ഈ ഗ്രാമവും; തുളസേന്ദ്രപുരത്തെ വിശേഷങ്ങള്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ഈ ഉള്‍നാടന്‍ ഗ്രാമവും ശ്വാസമടക്കിയിരിക്കുകയാണ്. അമേരിക്കയിലെ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസിന് വേണ്ടി ഇവിടുത്തെ ക്ഷേത്രത്തില്‍ പൂജവരെ നടത്തിക്കഴിഞ്ഞു. അവരുടെ ഫോട്ടോയുമായുള്ള ഫ്‌ളെക്‌സുകള്‍ ഗ്രാമത്തില്‍ കാണാം. ചെന്നൈയില്‍ നിന്ന് 300 ലേറെ കിലോമീറ്റര്‍ അകലെയുള്ള തുളസേന്ദ്രപുരം എന്ന ഗ്രാമം അമേരിക്കന്‍ തെരഞ്ഞെടുപ്പിനൊപ്പം മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ വന്‍ മാധ്യമസംഘമാണ് ഈ ഗ്രാമത്തില്‍ നാളുകളായി തമ്പടിച്ചിരിക്കുന്നത്.
കമലയുടെ തമിഴ്‌നാട് ബന്ധം
കമലഹാരിസ് ജനിച്ചതും പഠിച്ചതുമെല്ലാം അമേരിക്കയിലാണെങ്കിലും അവരുടെ കുടുംബവേരുകള്‍ ഉള്ളത് തമിഴ്‌നാട്ടിലെ തുളസേന്ദ്രപുരത്താണ്. കമലയുടെ മുത്തച്ഛന്‍ പി.വി ഗോപാലന്റെ ജന്മഗ്രാമമാണിത്. അദ്ദേഹം പഠനത്തിനായി ചെന്നൈയിലേക്ക് പോകുകയും പിന്നീട് ആഫ്രിക്കയിലെ സാംബിയയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനായി ജോലി ചെയ്യുകയും ചെയ്തു. കമല ഹാരിസിന്റെ അമ്മ ഡോ.ശ്യാമള ഗോപാലന്‍ ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തുകയായിരുന്നു. കമല ഹാരിസ് തുളസേന്ദ്രപുരത്ത് വന്നിട്ടിട്ടില്ലെങ്കിലും അവരുടെ പേരില്‍ ഈ ഗ്രാമത്തിലെ അമ്പലത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു. ക്ഷേത്രത്തിലെ ഫലകത്തില്‍ കമലയുടെ പേര് കാണാം.
അമ്മയാണ് കരുത്തെന്ന് കമല
തെരഞ്ഞെടുപ്പ് കാമ്പയിനുകളിലും തന്റെ ഇന്ത്യന്‍ ബന്ധം പറയാറുള്ള കമല ഹാരിസ് ഏഷ്യന്‍ വംശജരുടെ പിന്തുണ ഏറെ പ്രതീക്ഷിക്കുന്ന സ്ഥാനാര്‍ഥിയാണ്. മാതാവ് ഡോ. ശ്യമാള ഗോപാലനാണ് തന്റെ വളര്‍ച്ചക്ക് പിന്നിലെ കരുത്തെന്ന് കമല ആവര്‍ത്തിച്ച് പറയാറുണ്ട്. 19-ാമത്തെ വയസിലാണ് അമ്മ അമേരിക്കയില്‍ എത്തിയത്. അമ്മയിലൂടെ തമിഴ്‌നാടിനെ കുറിച്ചും ബന്ധുക്കളെ കുറിച്ചുമെല്ലാം കമല ആഴത്തില്‍ മനസിലാക്കിയിട്ടുണ്ട്. തനിക്കും സഹോദരി മായക്കും ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാനുള്ള ധൈര്യം അമ്മയാണെന്ന് അടുത്തിടെ എക്‌സിലെ കുറിപ്പില്‍ കമല പറഞ്ഞിരുന്നു.
തുളസേന്ദ്രപുരത്ത് ഇന്നുള്ളവര്‍ക്ക് കമലഹാരിസിനെയോ കുടുംബത്തേയോ ഏറെയൊന്നും അറിയില്ല. നേരത്തെ അവര്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങളിലൂടെയാണ് പലരും ഇക്കാര്യം അറിഞ്ഞത്. പിന്നീട് അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഓരോ ചലനങ്ങളിലും ഈ ഗ്രാമവാസികള്‍ക്കും താല്‍പര്യമായി. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കമലയുടെ ഫ്ളക്സ് ഇവിടെ ഉയര്‍ത്തിയിരുന്നു. ഇത്തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ കമലയുടെയും ജോ ബൈഡന്റെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ കലണ്ടറുകളും ഈ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.