

കൗതുകകരമായ രൂപകൽപ്പനയ്ക്ക് പേരുകേട്ടതാണ് ആദിവാസി വിഭാഗം നിര്‍മ്മിക്കുന്ന മുള കൊണ്ടുളള കണ്ണാടിപ്പായ. കണ്ണാടി പോലെ മിനുസമാർന്ന പായയുടെ പ്രതലം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹങ്ങൾ രാജാക്കന്മാർക്കും മറ്റ് പ്രധാന നേതാക്കള്‍ക്കും ഈ പായ സമ്മാനമായി നൽകിയിരുന്നു. 1976 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി അണക്കെട്ട് ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ ഈ പായ സമ്മാനിച്ചിട്ടുണ്ട്.
തൃശൂർ പീച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ട് (കെഎഫ്ആർഐ) 2022 മുതൽ നടത്തുന്ന ശ്രമങ്ങളുടെ ഫലമായി ഈ ഉൽപ്പന്നത്തിന് ജി.ഐ (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍) ടാഗ് ലഭിച്ചു. ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഉണ്ടാകുന്ന അതുല്യമായ ഗുണങ്ങളുളള ഉൽപ്പന്നങ്ങള്‍ക്കാണ് ജി.ഐ ടാഗ് നല്‍കുന്നത്. പ്രാദേശിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനും സഹായകമാണ് ഈ നേട്ടം.
ഊരാളി, മന്നാൻ, മുതുവാൻ ഗോത്ര സമൂഹങ്ങളാണ് ഈ ഉല്‍പ്പന്നം നിർമ്മിക്കുന്നത്. ടെയ്‌നോസ്റ്റാച്ചിയം വൈറ്റി എന്ന അസംസ്കൃത വസ്തു ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. സാധാരണയായി 0.75-1.0 മീ × 2 മീ വലിപ്പത്തിലാണ് ഈ പായ നിര്‍മ്മിക്കുന്നത്. 10 സെന്റിമീറ്ററിൽ താഴെ വ്യാസമുള്ള ഒരു കുഴലായി ഇത് ചുരുട്ടാൻ സാധിക്കും.
ഒരു മാസത്തിലധികം സമയമെടുത്താണ് ഒരു കണ്ണാടിപ്പായ നിര്‍മ്മിക്കുന്നത്. കാട്ടില്‍ നിന്ന് ശേഖരിക്കുന്ന ഞൂഞ്ഞിലീറ്റയുടെ നേർത്ത കഷ്ണങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. നല്ല തണുപ്പു നല്‍കുന്ന പായ 10 വര്‍ഷം വരെ ഈടുളളതാണ്.
പരമ്പരാഗത അറിവിന്റെ ബ്രാൻഡിംഗിനും പരമ്പരാഗത ഉൽപ്പന്നങ്ങളുടെ ദുരുപയോഗം തടയുന്നതിനും ജിഐ ടാഗ് വളരെയേറെ സഹായകമാണ്. മറ്റ് രാജ്യങ്ങളിലേക്ക് ഈ ഉൽപ്പന്നം വിപണനം ചെയ്യാനും ജിഐ രജിസ്ട്രേഷൻ സഹായിക്കും. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ ആദിവാസി വിഭാഗങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ബൗദ്ധിക സ്വത്ത് അവകാശം. പായ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിന് പുതിയ അംഗീകാരം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine