

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ദ്രുതഗതിയിലുള്ള ഒരുക്കത്തിലാണ് അധികൃതര്‍. കണ്ണൂര്‍ വിമാനത്താവളം പ്രവർത്തനം തുടങ്ങിയിട്ട് ആറ് വർഷം കഴിഞ്ഞിരിക്കുകയാണ്.
ഇതിനകം ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ ഉള്ളത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കോ, യു.എസ്, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കോ കണ്ണൂര്‍ ഭാഗത്തു നിന്ന് യാത്ര ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.
മലബാറില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഒഴികെയുളള പ്രദേശങ്ങളില്‍ ജോലി ആവശ്യങ്ങള്‍ക്കും പഠന ആവശ്യങ്ങള്‍ക്കുമായി പോകുന്നത്. ഇവര്‍ക്ക് കണ്ണൂര്‍ വിമാനത്താവളം വഴിയുളള യാത്ര ബുദ്ധിമുട്ടാകുന്ന സാഹചര്യമാണ് നിലവിലുളളത്.
അതേസമയം ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയിരിക്കുന്നത്. എയര്‍പോര്‍ട്ടിന് പോയിന്റ് ഓഫ് കോൾ പദവി വൈകാതെ ലഭ്യമാകുമെന്നും, ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയുമായും സംസ്ഥാന സര്‍ക്കാര്‍ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും പിണറായി വിജയൻ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (കിയാല്‍) 15ാമത് വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കി.
കിയാലിന് പോയിന്റ് ഓഫ് കോൾ പദവി നല്‍കാന്‍ വിമാനത്താവള അധികൃതരും സംസ്ഥാന സര്‍ക്കാരും നിരന്തര ശ്രമങ്ങളിലാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏര്‍പ്പെട്ടിരിക്കുന്നത്.
ഒരു വിദേശ വിമാനക്കമ്പനിക്ക് വിമാനം ഇറക്കാനോ പോകാനോ കഴിയുന്ന വിമാനത്താവളങ്ങളെയാണ് പോയിന്റ് ഓഫ് കോൾ പദവിയുളള എയർപോർട്ടുകള്‍ എന്നു പറയുന്നത്. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ് എന്നും പുതിയ വിമാനത്താവളങ്ങൾക്ക് പോയിന്റ് നൽകാനാവില്ല എന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പറഞ്ഞിരുന്നത്.
അതേസമയം വൻ നഗരങ്ങളിലല്ലാത്ത ഒട്ടേറെ വിമാനത്താവളങ്ങൾക്ക് ഈ പദവി നല്‍കിയിട്ടുണ്ടെന്നും കണ്ണൂരിന് ശേഷം പ്രവർത്തനം തുടങ്ങിയ വിമാനത്താവളങ്ങള്‍ക്ക് അടക്കം പദവി അനുവദിച്ചതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കിയാൽ കടന്നുപോകുന്നത്.
വലിയ വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള 3,050 മീറ്റര്‍ റണ്‍വേ സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുളളത്. 97,000 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയുള്ള ടെര്‍മിനല്‍ ഏരിയയില്‍ ഒരു മണിക്കൂറില്‍ 2,000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. കോവിഡ് കാലത്ത് വൈഡ് ബോഡി വിമാനങ്ങളും ഹജ്ജ് യാത്രക്കാര്‍ക്കായി സൗദി എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങളും ഇവിടെ നിന്ന് സര്‍വീസ് നടത്തിയിട്ടുണ്ട്.
ഇതിനോടകം 60 ലക്ഷം യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു കഴിഞ്ഞു. സൗകര്യങ്ങൾ വർദ്ധിച്ചാൽ ഇനിയും യാത്രക്കാരുടെ എണ്ണം ഉയരുമെന്നാണ് കിയാലിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതീക്ഷ.
2024-25 സാമ്പത്തിക വര്‍ഷം 180 കോടിയിലധികം വരവാണ് കിയാല്‍ പ്രതീക്ഷിക്കുന്നത്. കൊച്ചി എയര്‍പോര്‍ട്ട് മാതൃകയില്‍ കൂടുതൽ വൈവിധ്യവത്കരണ പദ്ധതികൾ നടപ്പാക്കാനും കിയാലിന് ഉദ്ദേശങ്ങളുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine