'സ്വര്‍ണ' തിളക്കത്തില്‍ കാന്തല്ലൂര്‍; പോകാം ഒരു വണ്‍ഡേ ട്രിപ്പ്

ലോക ടൂറിസം ഭൂപടത്തില്‍ കേരളം ഇങ്ങനെ തിളങ്ങി നില്‍ക്കുന്നതിന് പിന്നില്‍ ഇടുക്കി എന്ന മിടുക്കിയുടെ പങ്ക് ചെറുതല്ല. ഇടുക്കിയുടെ സൗന്ദര്യത്തില്‍ മുന്നിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ കാന്തല്ലൂര്‍. ബെസ്റ്റ് ടൂറിസം വില്ലേജിനുള്ള 'ഗോള്‍ഡ്' അവാര്‍ഡും അണിഞ്ഞ് നില്‍ക്കുന്ന കാന്തല്ലൂരിലേക്ക് ഒരു വണ്‍ഡേ ട്രിപ്പ് പോയാലോ...

പോയി വരാം കാന്തല്ലൂരിൽ

മൂന്നാറില്‍ നിന്നും 48 കിലോമീറ്ററകലെ പച്ചപ്പും സസ്യ വൈവിധ്യങ്ങളും നിറഞ്ഞ കാന്തല്ലൂരിലേക്കെത്തുന്നത് നിരവധി പേരാണ്. പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്ന നിരവധി കുടുംബങ്ങളുടെ നാടാണ് കാന്തല്ലൂര്‍. മലിന ജലമോ മാലിന്യ കൂമ്പാരങ്ങളോ അമിതമായ പ്ലാസ്റ്റിക് വേസ്റ്റോ കാന്തല്ലൂരില്‍ തൊട്ടു തീണ്ടിയിട്ടില്ല. ഈ ശാന്തസുന്ദരമായ അന്തരീക്ഷമുള്ളതിനാല്‍ തന്നെ മൂന്നാറിലേക്കെത്തുന്ന യാത്രക്കാരില്‍ പലരും കാന്തല്ലൂരില്‍ സ്റ്റേ ചെയ്യാറുമുണ്ട്.

കൊച്ചിയില്‍ നിന്നോ സമീപ ജില്ലകളില്‍ നിന്നോ കാലത്ത് വളരെ നേരത്തെ പുറപ്പെടുന്നവര്‍ക്ക് കാന്തല്ലൂരില്‍ ഒരു ദിനം ചെലവിട്ട് 'ഫ്രഷ് ' ആയി തിരിച്ചു പോകാം. മൂന്നാറില്‍ നിന്നും മറയൂര്‍ വഴിയും നേരെ ടോപ് സ്റ്റേഷന്‍ വഴിയും കാന്തല്ലൂരിലെത്താം. പ്രകൃതി സുന്ദര ഗ്രാമമെങ്കിലും ഹോം സ്‌റ്റേ, റിസോര്‍ട്ട് എന്നിവയുണ്ട്. എന്നിരുന്നാലും കൂടുതല്‍ സഞ്ചാരികളും ടെന്റ് സ്റ്റേകളാണ് തിരഞ്ഞെടുക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം കാന്തല്ലൂരിലേക്ക് പ്രവേശനമില്ല. പ്ലാസ്റ്റിക്, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക പരിശോധനാ സ്‌ക്വാഡും ഇവിടെയുണ്ട്.

ഇന്ത്യയിലെ സുവർണ ഗ്രാമം

ഇനി മുതല്‍ കാന്തല്ലൂര്‍ ഇന്ത്യയിലെ 'ഇടുക്കി ഗോള്‍ഡ്' ആണ്. ഇടുക്കിയിലെ മാത്രമല്ല, രാജ്യത്തെ 767 ഗ്രാമങ്ങളില്‍ നിന്നുമാണ് കാന്തല്ലൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളില്‍ നടത്തിയ സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. വിവിധ ഘട്ടങ്ങളില്‍ എട്ടു മാസമായി നടത്തിയ പരിശോധനകളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ലോക ടൂറിസം ദിനത്തിൽ (സെപ്റ്റംബര്‍ 29), ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി വി.വിദ്യാവതിയില്‍ നിന്നും കേരള ടൂറിസം ഡയറക്റ്റര്‍ പി.ബി. നൂഹ്, സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫിസറും ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ കെ. രൂപേഷ് കുമാര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.മോഹന്‍ദാസ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

പദ്ധതികൾ

ഉത്തരവാദിത്ത ടൂറിസം മിഷനും യു.എന്‍ വിമണും സംയുക്തമായി നടപ്പാക്കുന്ന 'സ്ത്രീ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതി' പഞ്ചായത്ത് തലത്തില്‍ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളില്‍ ഒന്നാണ് കാന്തല്ലൂര്‍. ഇത്തരത്തില്‍ നിരവധി മാതൃകാ പദ്ധതികളാണ് കാന്തല്ലൂര്‍ എന്ന ടൂറിസം ഹബ്ബിനെ രാജ്യാന്തര തലത്തിലേക്കുയര്‍ത്തുന്ന പ്രത്യേകതകള്‍.

ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സുസ്ഥിര-ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതികള്‍ക്ക് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നാണ് ഈ ബഹുമതി.

രാജ്യാന്തര തലത്തില്‍ കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പിലാക്കുന്ന സ്ട്രീറ്റ് പദ്ധതി തുടര്‍ച്ചയായി അംഗീകരിക്കപ്പെടുന്നു എന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.





Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it