റാണ കപൂര്‍ കുടുംബം നിയന്ത്രിച്ചിരുന്നത് 101 കമ്പനികളെന്ന് ഇ.ഡി

റാണ കപൂര്‍ കുടുംബം നിയന്ത്രിച്ചിരുന്നത് 101 കമ്പനികളെന്ന് ഇ.ഡി
Published on

യെസ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ എംഡിയും സിഇഒയുമായ റാണ കപൂറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  കുറ്റപത്രത്തില്‍ നിരത്തിയിട്ടുള്ളത് ഒട്ടേറെ കുംഭകോണങ്ങളുടെ തെളിവുകള്‍. റാണ കപൂര്‍ കുടുംബം നിയന്ത്രിച്ചിരുന്ന 101 കമ്പനികളിലൂടെ യെസ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നത് നൂറു കണക്കിനു കോടി രൂപയുടെ ക്രമക്കേടുകളാണെന്ന് ഇ.ഡി ആരോപിക്കുന്നു.

5,050 കോടി രൂപയുടെ അഴിമതിയും ക്രമക്കേടുകളും ആരോപിച്ച് മുംബൈയിലെ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ യെസ് ബാങ്ക് സഹസ്ഥാപകന്‍ കൂടിയായ റാണ കപൂറിനെതിരെ കൂടാതെ ഭാര്യ ബിന്ദു കപൂര്‍, പെണ്‍മക്കളായ റോഷ്നി കപൂര്‍, രാധ കപൂര്‍, രാഖി കപൂര്‍ എന്നിവരും പ്രതികളാണ്.മാര്‍ച്ച് എട്ടിനാണ് കള്ളപ്പണം തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) കേന്ദ്ര അന്വേഷണ ഏജന്‍സി കപൂറിനെ അറസ്റ്റ് ചെയ്തത്.

രാജീവ് ഗാന്ധിയുടെ എം.എഫ് ഹുസൈന്‍ പെയിന്റിംഗ് ഉള്‍പ്പെടെ 59 പെയിന്റിംഗുകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കപൂര്‍ കുടുബത്തില്‍ നിന്നു പിടിച്ചെടുത്ത് കോടതിയിലെത്തിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയില്‍ നിന്ന് കപൂര്‍ രണ്ട് കോടി രൂപയ്ക്ക് വാങ്ങിയതാണ് ഹുസൈന്‍ പെയിന്റിംഗ്.

വായ്പ നല്‍കാന്‍ കനത്ത തുക കൈക്കൂലിയായി റാണ കപൂര്‍ വാങ്ങിയ നിരവധി സംഭവങ്ങള്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കപൂറിനെ അറസ്റ്റ് ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പ് മുതല്‍ റിസര്‍വ് ബാങ്ക് യെസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.ബാങ്കിന്റെ തകര്‍ച്ച ഒഴിവാക്കാന്‍  എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക തുടങ്ങിയവയുടെ സഹകരണത്തോടെയുള്ള പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പാക്കിവരുന്നു.

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള കൊട്ടാര ഡ്യുപ്ലെക്സിന്റെ വാടകക്കാരനാണ് റാണ കപൂര്‍. കപൂര്‍ യെസ് ബാങ്കില്‍ നിന്ന് പുറത്താകുന്നതുവരെ, ഈ വീട് പലപ്പോഴും യെസ് ബാങ്കിന്റെ അനൗദ്യോഗിക ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നു.ഉയര്‍ന്ന മൂല്യമുള്ള കോര്‍പ്പറേറ്റ് വായ്പാ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നതിവിടെയായിരുന്നു. യെസ് ബാങ്ക് മുങ്ങുമ്പോള്‍, കപൂറും കുടുംബവും ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

മഗോര്‍ ക്രെഡിറ്റ് (എംസിപിഎല്‍), യെസ് ക്യാപിറ്റല്‍ ഇന്ത്യ (വൈസിപിഎല്‍), ആര്‍എബി എന്റര്‍പ്രൈസസ് എന്നീ മൂന്ന് ഹോള്‍ഡിംഗ് സ്ഥാപനങ്ങളിലൂടെ 101 കമ്പനികളുടെ നിയന്ത്രണമാണ് കപൂറും കുടുംബവും നടത്തിപ്പോന്നത്. റിയല്‍ എസ്റ്റേറ്റ്, പുനരുപയോഗ ഊര്‍ജ്ജം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ബിസിനസുകളില്‍ ഏര്‍പ്പെട്ടു. ഒരു ബിസിനസിനോടും കപൂര്‍ കുടുംബത്തിനു വെറുപ്പുണ്ടായിരുന്നില്ല. ഇക്കോ ടൂറിസം, പാല്‍ ഉല്‍പന്നങ്ങള്‍, കല, ഡ്രൈ ക്ലീനിംഗ്, അലക്കു ബിസിനസുകള്‍ പോലും ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു.

കപൂര്‍, ഭാര്യ ബിന്ദു, പെണ്‍മക്കളായ റോഷ്‌നി കപൂര്‍, രാധ കപൂര്‍, രാഖി കപൂര്‍ എന്നിവര്‍ വിവിധ ബാങ്കുകളില്‍ മൊത്തം 168 ബാങ്ക് അക്കൗണ്ടുകള്‍ സൂക്ഷിച്ചു.

എന്തുകൊണ്ടാണ്  കമ്പനികളുടെ ഇത്രയും വലിയ ശേഖരം കപൂര്‍ സൃഷ്ടിച്ചത്? ഇത്രയധികം ബാങ്ക് അക്കൗണ്ടുകളുടെ ആവശ്യകത എന്താണ്? എങ്ങനെ ഈ ബിസിനസുകള്‍ സൃഷ്ടിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു? എങ്ങനെ നിയമങ്ങള്‍ ലംഘിച്ചു്? അവര്‍ നടത്തിയ സംശയാസ്പദമായ നിക്ഷേപങ്ങള്‍ ഏതെല്ലാം? ക്രമരഹിതമായ ഇടപാടുകള്‍ ഏതെല്ലാം?... സ്വത്തുക്കള്‍ കണ്ടുകെട്ടിയ ശേഷം ഇ.ഡി നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടുള്ളത് നിരവധി തെളിവുകളാണ്.

ഫാമിലി ഹോള്‍ഡിംഗ് കമ്പനികള്‍ 15 മ്യൂച്വല്‍ ഫണ്ടുകളിലായി നിക്ഷേപിക്കുകയും 4 കോടി രൂപയുടെ 59 പെയിന്റിംഗുകള്‍ ശേഖരിക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ കപൂര്‍ കുടുംബം താമസിച്ചുപോന്ന മുംബൈ വര്‍ളിയിലെ സമുദ്ര മഹലില്‍ ഒരു പ്രത്യേക മുറി ഉണ്ടായിരുന്നു. അന്തരിച്ച രാജീവ് ഗാന്ധിയുടെ ഛായാചിത്രവും എം എഫ് ഹുസൈന്റെ ചിത്രങ്ങളും അസ്ലം ഷെയ്ഖിന്റെ ചിത്രങ്ങളും ശേഖരത്തില്‍ ഉള്‍പ്പെടുന്നു. 1991 മുതല്‍ കപൂര്‍ കുടുംബം കമ്പനികളുടെ വെബ് നിര്‍മ്മിക്കാന്‍ തുടങ്ങി.മഗോര്‍ ക്രെഡിറ്റ് (എംസിപിഎല്‍) രൂപീകരിച്ച വര്‍ഷമായിരുന്നു അത്. എന്നിരുന്നാലും, ഈ ഹോള്‍ഡിംഗ് കമ്പനി ആരംഭം മുതല്‍ ഏകദേശം 12 വര്‍ഷത്തോളം നിഷ്‌ക്രിയമായി തുടര്‍ന്നു.

മുമ്പ് ഡൊയിറ്റ് ക്യാപിറ്റല്‍ എന്ന് നാമകരണം ചെയ്തിരുന്ന വൈസിപിഎല്‍ 2003 മെയ് മാസത്തില്‍ പുനഃസംഘടിപ്പിച്ചു. ആ വര്‍ഷം അവസാനത്തോടെ - 2004 ല്‍ യെസ് ബാങ്ക് രൂപീകരിച്ചു - ഈ രണ്ട് കമ്പനികളെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ കമ്പനികളായി അംഗീകരിച്ചു. സംയുക്ത സംരംഭ കമ്പനിയായ റാബോ ഇന്ത്യ ഫിനാന്‍സിലെ ഓഹരികള്‍ റാബോ ബാങ്ക് ഹോളണ്ടിന്  വിറ്റതില്‍ നിന്ന് കപൂറിന് ലഭിച്ച ഫണ്ടാണ് യെസ് ബാങ്കിലെ പ്രധാന നിക്ഷേപ സ്രോതസ്സ്.

കപൂറിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രോജക്ടായിരുന്നു റാബോ ഇന്ത്യ, ഒരു തരത്തില്‍ പറഞ്ഞാല്‍ യെസ് ബാങ്കിന്റെ സ്ഥാപക ശില. ഈ കമ്പനിയില്‍ 75 ശതമാനം ഓഹരിയാണ് റബോ ബാങ്കിന്റെ കൈവശമുണ്ടായിരുന്നത്.ബാക്കി 25 ശതമാനം മൂന്ന് പങ്കാളികള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു. 2002-03 ല്‍ റാണ കപൂറും പങ്കാളികളായ അശോക് കപൂറും ഹര്‍കിരത് സിങ്ങും റാബോ ബാങ്കിന് ഓഹരി വിറ്റ് പുറത്തുകടന്നു. 2004 ല്‍ റാണ കപൂറും അശോക് കപൂറും യെസ് ബാങ്ക് ആരംഭിച്ചു. ഹര്‍കിരത് സിങ്ങിനെ തഴഞ്ഞു. 26/11 ഭീകരാക്രമണത്തില്‍ അശോക് കപൂര്‍ കൊല്ലപ്പെടുന്ന 2008 വരെ യെസ് ബാങ്കിന്റെ തലപ്പത്ത് ഇരുവരും വിരാജിച്ചു.ആര്‍ബിഐ ഇടപെട്ട 2018 വരെ റാണ കപൂര്‍ യെസ് ബാങ്കിനെ കൈവെള്ളയിലിട്ടു നിയന്ത്രിച്ചു.

2020 മാര്‍ച്ച് 6 ന് രാത്രി 11 ന് സമുദ്ര മഹലിലെ ഡ്യുപ്ലെക്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ ഇഡി റെയ്ഡ് നടത്തി. റാണാ കപൂറും ഡിഎച്ച്എഫ്എല്‍

ഹൗസിംഗ് ഫിനാന്‍സിലെ (ഡിഎച്ച്എഫ്എല്‍) വാധവാനും തമ്മിലുള്ള ഇടപാടുകളുടെ ഉള്ളറകള്‍ അതോടെയാണു തുറന്നത്.

ഒരുകാലത്ത് രാജ്യത്തെ മുന്‍നിര സ്ഥാപനമായിരുന്ന ഡിഎച്ച്എഫ്എല്‍ ഇപ്പോള്‍ പാപ്പരത്ത നടപടികളെ അഭിമുഖീകരിക്കുന്നു. 36,000 കോടി രൂപയാണ് കമ്പനിയുടെ കടം. ഈടു വ്യവസ്ഥകള്‍ നാമമാത്രമാക്കി ഇഷ്ടപ്രകാരം ഡിഎച്ച്എഫ്എല്ലിനു വായ്പകള്‍ നല്‍കുകയും പകരമായി വന്‍ ആനുകൂല്യങ്ങള്‍ കുടുംബ കമ്പനികളിലേക്കു കൈപ്പറ്റുകയുമാണ് കപൂര്‍ ചെയ്തതെന്നും ഈ അഴിമതി 5050 കോടി രൂപയുടേതാണെന്നും സി.ബി.ഐ കണ്ടെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com