പുന്നമടയില്‍ ആവേശത്തിന്റെ ആര്‍പ്പുവിളി, റെക്കോര്‍ഡ് കുതിപ്പില്‍ കാരിച്ചാലിന് കിരീടം
ആവേശത്തിന്റെ ആര്‍പ്പുവിളികളുയര്‍ന്ന പുന്നമടക്കായലില്‍ റെക്കോര്‍ഡ് കുതിപ്പില്‍ കിരീടം കൈപ്പിടിയിലൊതുക്കി കാരിച്ചാല്‍ ചുണ്ടന്‍. 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സമയം കുറിച്ചാണ് കാരിച്ചാല്‍ ചൂണ്ടന്‍ ജേതാക്കളായത്. ചുണ്ടന്‍ വള്ളങ്ങളുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുന്നമടക്കായലില്‍ ശനിയാഴ്ച കണ്ടത്. കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ വിയ്യപുരം ചുണ്ടന്‍ രണ്ടും നെടുംഭാഗം മൂന്നും നിരണം ചുണ്ടന്‍ നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബിന്റെ കരുത്തിലാണ് കാരിച്ചാല്‍ കിരീടം ചൂടിയത്.
റെക്കോര്‍ഡ് ഫിനിഷിംഗ്
4:29.786 മിനുട്ടിലാണ് കാരിച്ചാല്‍ ചുണ്ടന്‍ ഫിനിഷ് ചെയ്തത്. മല്‍സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സമയമാണിത്. രണ്ടാം സ്ഥാനത്തെത്തിയ വീയ്യപുരം ചുണ്ടന്‍ 4:29.790 മിനുട്ടിലാണ് ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനക്കാരായ നെടുംഭാഗം ചുണ്ടന്‍ 4:30.13 മിനുട്ടും നാലാം സ്ഥാനക്കാരായ നിരണം ചുണ്ടന്‍ 4:30.56 മിനുട്ടും സമയമെടുത്തു. മൊത്തം 74 വള്ളങ്ങളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. 19 ചുണ്ടന്‍ വള്ളങ്ങള്‍, മൂന്ന് ചുരുളന്‍ വള്ളങ്ങള്‍, ഇരുട്ടുകുത്തി വിഭാഗങ്ങളിലായി 34 വള്ളങ്ങള്‍, ഏഴ് വെപ്പ് വള്ളങ്ങള്‍ തുടങ്ങിയവ രംഗത്തുണ്ടായിരുന്നു.
ലേറ്റായെങ്കിലും ലേറ്റസ്റ്റ്
ഓഗസ്റ്റ് മാസത്തില്‍ നടക്കേണ്ടിയിരുന്ന വള്ളകളി ഇത്തവണ വയനാട് ഉരുല്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് എല്ലാ വര്‍ഷവും നെഹ്‌റു ട്രോഫി മല്‍സരം നടക്കുന്നത്. ഇത്തവണ മാറ്റിവെക്കേണ്ടി വന്നെങ്കിലും മല്‍സരത്തിന്റെ ആവേശം ഒട്ടും ചോര്‍ന്നില്ല. പുത്തന്‍ ആവേശത്തോടെയാണ് ക്ലബ്ബുകള്‍ മല്‍സരത്തിനെത്തിയത്. പുന്നമടയുടെ തീരങ്ങളില്‍ കാണികള്‍ ആവേശത്തിമിര്‍പ്പിലായിരുന്നു. വിദേശ ടൂറിസ്റ്റുകളും മല്‍സരം കണ്ട് കയ്യടിച്ചു. ക്ലബ്ബുകള്‍ വീറും വാശിയും നിലനിര്‍ത്തിയതോടെ ഈ വര്‍ഷത്തെ വള്ളംകളി മല്‍സരവും കാണികള്‍ക്ക് ആവേശക്കാഴ്ചയായി. സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മല്‍സരം ഉദ്ഘാടനം ചെയ്തു.