കുറഞ്ഞ ടിക്കറ്റില്‍ കേരള യാത്രക്കാരെ പൊക്കാന്‍ കര്‍ണാടക; കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി

മലയാളി യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ ആഡംബര ബസുകള്‍ റോഡിലിറക്കാന്‍ കര്‍ണാടക ആര്‍.ടി.സി. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള റൂട്ടുകളുടെ സാധ്യത തിരിച്ചറിഞ്ഞാണ് കര്‍ണാടക ആര്‍.ടി.സിയുടെ നീക്കം. കോഴിക്കോട്, കൊച്ചി, കോട്ടയം റൂട്ടിലാകും കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുകയെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള വാരാന്ത്യ ബസുകളിലെല്ലാം നല്ല തിരക്കാണ്. ട്രെയിനിലും സമാന അവസ്ഥയാണ്. വിശേഷാവസരങ്ങളില്‍ ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടാണ്.
യാത്രക്കാരിലേറെയും ടെക്കികള്‍
കൊവിഡ് മഹാമാരിക്കു ശേഷം ഐ.ടി ഫീല്‍ഡില്‍ വര്‍ക്ക് ഫ്രം ഹോം രീതി വര്‍ധിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചതോടെ കേരളത്തിലെത്തി വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇത്തരം യാത്രക്കാര്‍ കൂടിയതാണ് ബംഗളൂരു റൂട്ടില്‍ തിരക്കു കൂടാന്‍ കാരണം.
കൊച്ചിയില്‍ നിന്ന് രാത്രി യാത്ര തുടങ്ങി പിറ്റേന്ന് രാവിലെ ബംഗളൂരുവിലെത്തുന്ന ബസുകളില്‍ പലപ്പോഴും സീറ്റ് കാലിയായി കിടക്കാറില്ല. കേരളത്തിലേക്കുള്ള റൂട്ട് കൂടുതല്‍ സാമ്പത്തികനേട്ടം നല്‍കുമെന്ന തിരിച്ചറിവിലാണ് കര്‍ണാടക കൂടുതല്‍ ബസുകള്‍ രംഗത്തിറക്കി റൂട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്.
പുതിയ ബസും കൂടുതല്‍ സൗകര്യങ്ങളും നല്‍കുന്നതോടെ യാത്രക്കാര്‍ കൂടുതല്‍ തങ്ങളെ തേടിയെത്തുമെന്നാണ് കര്‍ണാടകയുടെ പ്രതീക്ഷ. അടുത്തമാസം മുതല്‍ പുതിയ ബസുകള്‍ കേരള റൂട്ടില്‍ സര്‍വീസ് നടത്തും. പുതിയ എ.സി അംബാരി ബസുകളാണ് കൊച്ചിയിലേക്കും കോട്ടയത്തേക്കും ഓടിക്കാന്‍ പോകുന്നത്.
കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് അംബാരി ഡ്രീം ക്ലാസ് ബസുകളും സര്‍വീസ് നടത്തും. എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്കാണ് നിലവില്‍ വോള്‍വോയുടെ അംബാരി ഉത്സവ് സര്‍വീസുള്ളത്. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്ക് നിലവിലോടുന്ന ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പര്‍ ബസുകള്‍ക്ക് പകരമാണ് സ്ലീപ്പര്‍ ബസുകള്‍ ഓടിക്കുക.
കെ.എസ്.ആര്‍.ടി.സിയുടെ ബംഗളൂരു റൂട്ടിലെ ബസുകള്‍ എല്ലാ സമയത്തും ഒരേ നിരക്കാണ്. എന്നാല്‍ കര്‍ണാടകയുടെയും സ്വകാര്യ ബസുകളുടെയും ടിക്കറ്റ് നിരക്കില്‍ തിരക്കിന് അനുസരിച്ച് മാറ്റംവരുത്താറുണ്ട്. ഉത്സവകാലത്ത് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും അല്ലാത്ത സമയങ്ങളില്‍ നിരക്ക് കുറവാണെന്നതാണ് യാത്രക്കാരെ ആകര്‍ഷിക്കുന്ന ഘടകമാണ്.
Related Articles
Next Story
Videos
Share it