എസ്.ബി.ഐക്കും പി.എന്‍.ബിക്കും കര്‍ണാടകയുടെ ചെക്ക്; സര്‍ക്കാരിനെ പ്രകോപിപ്പിച്ചതെന്ത്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളിലെ ഇടപാടുകള്‍ മുഴുവന്‍ അവസാനിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ അടക്കം സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും ഈ രണ്ട് ബാങ്കുകളില്‍ നിന്ന് നീക്കാനാണ് ഉത്തരവ്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിര്‍ദേശം നല്‍കിയത്.
ഇടപാടുകള്‍ തീര്‍ക്കാന്‍ സെപ്റ്റംബര്‍ 20 വരെയാണ് സര്‍ക്കാര്‍ സമയം നല്‍കിയിരിക്കുന്നത്. ഈ ബാങ്കുകളില്‍ ഇനി അക്കൗണ്ട് തുറക്കരുതെന്നും സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജീവനക്കാരുടെ അക്കൗണ്ടുകള്‍, പെന്‍ഷന്‍കാരുടെ അക്കൗണ്ടുകള്‍ എന്നിവയെ നീക്കം ബാധിക്കില്ലെന്നാണ് വിവരം.

തര്‍ക്കത്തിന് കാരണം

കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡും (കെ.ഐ.എ.ഡി.ബി) കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും (കെ.എസ്.പി.സി.ബി) ഇരു ബാങ്കുകളുമായി നടത്തിയ നിക്ഷേപത്തിലെ ക്രമക്കേടുകള്‍ കണക്കിലെടുത്താണ് രണ്ട് ബാങ്കുകളുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കുലറില്‍ പറയുന്നു.
കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് പി.എന്‍.ബി ബാങ്കില്‍ 25 കോടി രൂപ ഒരു വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമിട്ടു. 12,13 കോടി രൂപയുടെ രണ്ട് വ്യത്യസ്ത എഫ്.ഡികളായിരുന്നു ഇട്ടത്. എന്നാല്‍ കാലാവധിക്ക് ശേഷം ഇതില്‍ 13 കോടി രൂപ തിരിച്ചു നല്‍കിയില്ലെന്നും പണം ബാങ്ക് ജീവനക്കാര്‍ തട്ടിച്ചെടുത്തുവെന്നുമാണ് കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം.
കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എസ്.ബി.ഐ മൈസൂരു ബ്രാഞ്ചില്‍ നിക്ഷേപിച്ച 10 കോടി രൂപ ഏതോ സ്വകാര്യ കമ്പനി വ്യാജരേഖയുണ്ടാക്കി തട്ടിയെന്നതാണ് രണ്ടാമത്തെ കേസ്. റീഫണ്ട് നല്കാന്‍ ബാങ്ക് തയാറായില്ലെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ കേസ് കോടതിയില്‍ നടക്കുന്നതിനാലാണ് റീഫണ്ട് വിഷയത്തില്‍ തീരുമാനമാകാത്തതെന്നാണ് ബാങ്കിന്റെ വിശദീകരണം.

ബാങ്കുകളുടെ പ്രതികരണം

വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരണം നടത്തുന്നില്ലെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രതികരണം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് എസ്.ബി.ഐയും വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികള്‍ വെള്ളിയാഴ്ച രാവിലെ ഒരു ശതമാനത്തിന് മുകളില്‍ ഇടിഞ്ഞാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, എസ്.ബി.ഐ മൂന്നു ശതമാനത്തിലധികം കുതിപ്പാണ് രാവിലെ തന്നെ കാഴ്ചവച്ചത്.

Related Articles

Next Story

Videos

Share it