മമ്മി വിചാരിച്ചിട്ട് നടക്കുന്നില്ല, പിന്നെയാ ഈ മാമന്‍! കര്‍ണാടകയുടെ സോഷ്യല്‍ മീഡിയ വിലക്ക് നടപ്പാവുമോ?

കര്‍ണാടക സര്‍ക്കാര്‍ പുതിയ നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയോ വിലക്കുകയോ ചെയ്യുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബജറ്റ് പ്രഖ്യാപനം
social media for children
Image Courtesy: Canva
Published on

ഇന്‍സ്റ്റഗ്രാം, ടിക്ടോക്, സ്നാപ്ചാറ്റ്, ഫേസ്ബുക്ക്, എക്‌സ് എന്നിവയില്‍ സമയം ചെലവഴിക്കുന്ന കുട്ടികള്‍ രക്ഷിതാക്കളുടെ വലിയ ഉത്കണ്ഠയാണിന്ന്. കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കണോ? ഇതേക്കുറിച്ച ചര്‍ച്ചകള്‍ പലേടത്തായി ഉയര്‍ന്നു കേള്‍ക്കുന്നതിനിടയില്‍ കര്‍ണാടക സര്‍ക്കാര്‍ പുതിയ നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. 2026-27 സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം, 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയോ വിലക്കുകയോ ചെയ്യുമെന്നാണ്. ഇതിന് നിയമം കൊണ്ടുവരാനാണ് കര്‍ണാടക സര്‍ക്കാറിന്റെ ഉദ്ദേശം. കുട്ടികളില്‍ വര്‍ധിച്ചു വരുന്ന സ്മാര്‍ട്ട്ഫോണ്‍ അടിമത്തം, സൈബര്‍ ബുള്ളിയിംഗ്, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഈ നീക്കത്തിന് പ്രധാന കാരണങ്ങളെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദീകരിച്ചു. പക്ഷേ, മാതാപിതാക്കള്‍ വീട്ടകങ്ങളില്‍ കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടത് സിദ്ധരാമയ്യക്കും ടീമിനും കര്‍ണാടകത്തില്‍ മാത്രമായി നിയമം കൊണ്ട് നടത്തിയെടുക്കാന്‍ കഴിയുമോ? ചോദ്യം ബാക്കി.

പ്രഖ്യാപനം മാത്രം

കുട്ടികളിലെ ഡിജിറ്റല്‍ അടിമത്തം കുറക്കാനുള്ള ഈ പദ്ധതി ഇപ്പോള്‍ പ്രഖ്യാപന ഘട്ടത്തില്‍ മാത്രമാണ്. നടപ്പിലാക്കാന്‍ ആവശ്യമായ നിയമപരവും സാങ്കേതികവുമായ മാര്‍ഗങ്ങള്‍ പരിശോധിച്ചു വരുന്നു. ഇന്ത്യയില്‍ ഇത് നടപ്പാക്കുന്നത് നിയമപരമായി സങ്കീര്‍ണമായ വിഷയമാണ്. കാരണം, ഇന്റര്‍നെറ്റ് സേവനങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രധാനമായും കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയിലാണ്. സംസ്ഥാനങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നു മാത്രം. ഉദാഹരണത്തിന്, സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കാം. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷാ പരിപാടികള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഒരുക്കാം. എന്നാല്‍ സോഷ്യല്‍ മീഡിയ പൂര്‍ണമായും വിലക്കാന്‍ കേന്ദ്ര നിയമങ്ങളില്‍ മാറ്റം ആവശ്യമായേക്കും.

ഓസ്‌ട്രേലിയ മോഡല്‍

നിലവിലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം (2023) കുട്ടികളുടെ ഡാറ്റ ഉപയോഗിക്കാന്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ് എന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓസ്ട്രേലിയ ഇതിനകം ഇത്തരമൊരു നിയമം കൊണ്ടുവന്നു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതില്‍ ലോകത്ത് ആദ്യമായി കടുത്ത നിയമം കൊണ്ടുവന്ന രാജ്യമാണ് ഓസ്ട്രേലിയ. അവിടെ 'സോഷ്യല്‍ മീഡിയ മിനിമം ഏജ്' നിയമം പ്രകാരം 16 വയസ്സിന് താഴെയുള്ളവരെ് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കില്ല. ഈ നിയമം 2025 ഡിസംബറില്‍ പ്രാബല്യത്തില്‍ വന്നു.

ആ നിയമപ്രകാരം, പ്ലാറ്റ്ഫോമുകള്‍ ഉപയോക്താക്കളുടെ പ്രായം പരിശോധിക്കണം. 16 വയസ്സിന് താഴെയുള്ള അക്കൗണ്ടുകള്‍ നിരോധിക്കണം. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് വലിയ പിഴ ചുമത്തും. ശ്രദ്ധേയമായ കാര്യം - കുട്ടികളെ ശിക്ഷിക്കുന്നില്ല. പ്ലാറ്റ്ഫോം കമ്പനികളെയാണ് ഉത്തരവാദികളാക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിയമം നടപ്പിലാക്കിയതിന് ശേഷം ലക്ഷക്കണക്കിന് അണ്ടര്‍ഏജ് അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയും മാനസികാരോഗ്യവും സംബന്ധിച്ച് സമൂഹത്തില്‍ വലിയ ചര്‍ച്ചയും നടക്കുന്നു. എന്നാല്‍ ചില പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു: പല കുട്ടികളും തെറ്റായ ജനനത്തീയതി നല്‍കി അക്കൗണ്ട് തുറക്കുന്നു. ചിലര്‍ മാതാപിതാക്കളുടെ അക്കൗണ്ട് ഉപയോഗിക്കുന്നു. ചിലര്‍ മെസേജിംഗ് ആപ്പുകളിലേക്ക് മാറുന്നു. അതുകൊണ്ട് തന്നെ നിയമത്തിന്റെ ദീര്‍ഘകാല ഫലം പഠിക്കാന്‍ ഗവേഷണങ്ങള്‍ നടക്കുകയാണ്.

അനുകൂലിച്ചും എതിര്‍ത്തും വാദങ്ങള്‍

സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നത് കുട്ടികള്‍ക്ക് ഗുണകരമാകുമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കുറയാം. സൈബര്‍ ബുള്ളിയിംഗ് കുറയാം. സ്‌ക്രീന്‍ അടിമത്തം നിയന്ത്രിക്കാം. ഉറക്കവും പഠനശേഷിയും മെച്ചപ്പെടാം. മറുവശത്ത്, ഇത്തരം വിലക്കുകള്‍ക്കെതിരെ ചില വിമര്‍ശനങ്ങളും ഉണ്ട്. നിയമം നടപ്പിലാക്കാന്‍ ബുദ്ധിമുട്ട്, പ്രായ പരിശോധനയ്ക്ക് സ്വകാര്യതാ പ്രശ്‌നങ്ങള്‍, സോഷ്യല്‍ മീഡിയ പഠനത്തിനും ആശയവിനിമയത്തിനും ഉപകാരപ്പെടുന്നു എന്ന വാദം എന്നിങ്ങനെ പോകുന്നു അത്. ചില വിദഗ്ധര്‍ പറയുന്നത് വിലക്കിന് പകരം ഡിജിറ്റല്‍ വിദ്യാഭ്യാസവും ഉത്തരവാദിത്വമുള്ള ഉപയോഗവും പ്രോത്സാഹിപ്പിക്കണം എന്നതാണ്.

ഇന്ത്യയില്‍ ചര്‍ച്ച തുടങ്ങുന്നു

കര്‍ണാടകയുടെ നീക്കം ഇന്ത്യയില്‍ കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചുള്ള പുതിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. 500 കോടിയിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്ള രാജ്യമായ ഇന്ത്യയില്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്നത് എളുപ്പമല്ല. എന്നാലും ഒരു കാര്യം വ്യക്തമാണ് -

ഡിജിറ്റല്‍ ലോകത്ത് കുട്ടികളെ എങ്ങനെ സംരക്ഷിക്കണം എന്ന ചര്‍ച്ച ഇനി കൂടുതല്‍ ശക്തമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com