
കര്‍ണാടകയില്‍ ബൈക്ക് ടാക്സി നിരോധനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഓട്ടോയേക്കാള്‍ നിരക്ക് കുറവാണ് എന്നുളളതും വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താമെന്നുളളതും ബൈക്ക് ടാക്സികളെ ചുരുങ്ങിയ കാലം കൊണ്ടാണ് ജനപ്രിയമാക്കിയത്. ബൈക്ക് ടാക്സി നിരോധനത്തിനെതിരെ വ്യാപക ജനരോഷമാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്. ഈ മേഖലയ്ക്കായി ഒരു നിയന്ത്രണ ചട്ടക്കൂട് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ നിരോധനം നിലനിൽക്കുമെന്നാണ് കരുതുന്നത്.
അതേസമയം ബൈക്ക് ടാക്സി നിരോധനത്തെ മറികടക്കാന്‍ വ്യത്യസ്തയാര്‍ന്ന തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍. ബൈക്ക് ടാക്സി പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന്, കമ്പനികൾ അവരുടെ ഓഫറുകളില്‍ തന്ത്രപരമായ മാറ്റം വരുത്തി. പ്രശസ്ത ഓണ്‍ ലൈന്‍ ടാക്സി കമ്പനിയായ റാപ്പിഡോയാണ് ഇതില്‍ ശ്രദ്ധേയമായ നടപടി സ്വീകരിച്ചത്. കർണാടകയിലെ ഉപയോക്താക്കൾക്കായി "ബൈക്ക് ടാക്സി" ബുക്കിംഗ് ഓപ്ഷൻ കമ്പനി നീക്കം ചെയ്തു. പകരം "ബൈക്ക് പാഴ്സൽ" എന്ന ഓപ്ഷനാണ് കമ്പനി അവതരിപ്പിച്ചത്. യൂബറും ബൈക്കി ടാക്സി നിരോധനത്തെ മറികടക്കാന്‍ "മോട്ടോ പാഴ്സൽ" എന്ന ഓപ്ഷന്‍ അവതരിപ്പിച്ചു.
നിങ്ങൾക്ക് ഇപ്പോൾ ഒരു ബൈക്ക് പാഴ്സൽ/മോട്ടോ കൊറിയർ ബുക്ക് ചെയ്ത് നിങ്ങളെ തന്നെ തിരഞ്ഞെടുത്ത സ്ഥലത്തേക്ക് പാഴ്സൽ ചെയ്യാനുളള ഓപ്ഷനാണ് കമ്പനികള്‍ നല്‍കുന്നതെന്നാണ് പുതിയ മാറ്റത്തെക്കുറിച്ചുളള രസകരമായ അഭിപ്രായമായി ഒരു ഉപയോക്താവ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. ബംഗളൂരുവിലെ കനത്ത ദൈനംദിന ഗതാഗതക്കുരുക്കിൽ മല്ലിടുന്ന നിരാശരായ യാത്രക്കാർക്കിടയിൽ ഈ പുതിയ മാറ്റത്തിന് മികച്ച പൊതുജന പിന്തുണയാണ് ലഭിച്ചത്.
ബൈക്ക് ടാക്സികൾ നിരോധിച്ചതിനുശേഷം ബംഗളൂരുവിൽ യാത്ര ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുകയാണെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ബൈക്ക് ടാക്സിയിൽ 65 മുതൽ 75 രൂപ വരെ നിരക്കിൽ സഞ്ചരിച്ച അതേ ദൂരം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിന് 117 മുതൽ 165 രൂപ വരെയാണ് വാങ്ങുന്നത്. ഇത് ദൈനംദിന ഉപയോഗത്തിന് ഉപയോഗപ്രദമല്ലെന്നും ഞങ്ങൾക്ക് ബൈക്ക് ടാക്സി തിരികെ വേണമെന്നും ജനങ്ങള്‍ പറയുന്നു.
അതേസമയം നിരോധനം പ്രാബല്യത്തില്‍ വന്ന ഇന്നലെ (ജൂൺ 16 ന) കർണാടക ഗതാഗത വകുപ്പ് നിരോധനം ലംഘിച്ച് പ്രവർത്തിച്ച 100 ലധികം ബൈക്ക് ടാക്സികളാണ് പിടിച്ചെടുത്തത്. ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കപ്പെട്ടത് വെസ്റ്റ് ബംഗളൂരു, ഇലക്ട്രോണിക്സ് സിറ്റി പ്രദേശങ്ങളില്‍ നിന്നാണ്.
വമ്പിച്ച ജനവികാരം കണക്കിലെടുത്ത് കര്‍ണാടക സര്‍ക്കാര്‍ ഈ മേഖലയ്ക്കായുളള നിയന്ത്രണ ചട്ടക്കൂട് താമസിയാതെ പുറത്തിറക്കുമെന്നാണ് കരുതുന്നത്.
Karnataka's ban on bike taxis sparks public backlash, with strong demand to reinstate the affordable service.
Read DhanamOnline in English
Subscribe to Dhanam Magazine