സുരക്ഷാ പ്രശ്‌നം; കശ്മീരിലെ 87ല്‍ 48 ടൂറിസം സ്‌പോട്ടുകളും അടച്ചെന്ന് റിപ്പോര്‍ട്ട്, നാളെ നിര്‍ണായക മന്ത്രിസഭാ യോഗം

സഞ്ചാരികളെ മറയാക്കി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുവെന്ന സംശയവും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുണ്ട്
Kashmir shikkara boat
Canva
Published on

ഇനിയും ഭീകരാക്രമണം ഉണ്ടാകാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കശ്മീരിലെ 87ല്‍ 48 ടൂറിസം കേന്ദ്രങ്ങളും സര്‍ക്കാര്‍ അടച്ചതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്തക്ക് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. അനന്ദ്‌നാഗിലെ സൂര്യക്ഷേത്രം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളാണ് അടച്ചത്. എത്ര കാലത്തേക്കാണ് വിലക്കെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കശ്മീരിലെ പകുതിയോളം ടൂറിസം കേന്ദ്രങ്ങളിലും ചൊവ്വാഴ്ച മുതല്‍ സഞ്ചാരികളെ തടഞ്ഞത്. മേഖലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ തുടരുന്നു. സഞ്ചാരികളെ മറയാക്കി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുവെന്ന സംശയവും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുണ്ട്. ഭീകരാക്രമണത്തിന് ശേഷം പെഹല്‍ഗാമിലേക്ക് അടക്കം വിനോദസഞ്ചാരികള്‍ തിരിച്ചുവരുന്നതിനിടെയാണ് നടപടി. നിരവധി റിസോര്‍ട്ടുകളും സര്‍ക്കാര്‍ അടച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു.

ടൂറിസത്തിന് വന്‍ തിരിച്ചടി

കശ്മീര്‍ ജനതയുടെ പ്രധാന ജീവിതോപാധിയായിരുന്ന ടൂറിസത്തിന് കനത്ത തിരിച്ചടിയാണ് പെഹല്‍ഗാമിലെ ഭീകരാക്രമണം. 26 പേര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. സുരക്ഷാ ഭീഷണി നിലനില്‍ക്കെ നിരവധി പേരാണ് കശ്മീര്‍ യാത്ര റദ്ദാക്കിയത്. കേരളത്തില്‍ നിന്നടക്കം അടുത്ത മാസങ്ങളില്‍ കശ്മീര്‍ പോകാന്‍ പദ്ധതിയിട്ടവരും തത്കാലം യാത്ര വേണ്ടെന്ന് വെച്ചു. ഒരാഴ്ച മുമ്പ് വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്ന കശ്മീരിലെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാളെ മന്ത്രിസഭാ യോഗം

പെഹല്‍ഗാം ഭീകരാക്രമണം കഴിഞ്ഞ ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭാ യോഗം നാളെ (ഏപ്രില്‍ 30) നടക്കും. ഏപ്രില്‍ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി സിന്ധു നദീജല കരാര്‍ റദ്ദാക്കാനും വാഗ-അട്ടാരി അതിര്‍ത്തി അടക്കാനും നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു. നാളത്തെ യോഗത്തില്‍ നിര്‍ണായകമായ എന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Following the Pahalgam terror attack, authorities close 48 tourist spots in Kashmir; Union Cabinet to meet to discuss security measures.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com