Begin typing your search above and press return to search.
കര്‍ഷകര്‍ക്ക് ആവശ്യമായ മുഴുവന്‍ വിവരങ്ങളും ഇനി വിരല്‍ തുമ്പില്‍; കതിര്‍ ആപ്പുമായി കൃഷി വകുപ്പ്
കര്‍ഷകര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങളും വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന കൃഷി വകുപ്പാണ് കതിര്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്. കേരള അഗ്രികൾചർ ടെക്‌നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നത് ചുരുക്കി എഴുതുന്നതാണ് 'കതിർ (KATHIR)'. വെബ് പോർട്ടലായും ഈ സേവനം ലഭ്യമാണ്.
കാലാവസ്ഥാ വിവരങ്ങൾ, മണ്ണു പരിശോധന സംവിധാനം, മണ്ണിലെ പോഷക നില, പ്ലാന്റ് ഡോക്ടർ സംവിധാനം, കാർഷിക പദ്ധതികള്‍ തുടങ്ങിയവ ഇവയിലൂടെ അറിയാന്‍ സാധിക്കും. മലയാള മാസം ചിങ്ങം ഒന്നിനാണ് (ഓഗസ്റ്റ് 17) ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രധാന ഉദ്ദേശങ്ങള്‍
കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകട സാദ്ധ്യത കുറയ്ക്കുക, കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക, കാലാവസ്ഥ അധിഷ്ഠിതമായി വിളകൾ കണ്ടെത്താന്‍ സഹായിക്കുക, വിള വിസ്തീർണം, വിളവ് എന്നിവ കണക്കാക്കാന്‍ സഹായിക്കുക, വിതരണ ശൃംഖലയും സേവനവും ഉറപ്പാക്കുന്നതിനുമായി മാർക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക, സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും കര്‍ഷകരിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് കതിരിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.
കർഷകർക്ക് നേരിട്ട് കാർഷിക വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും ആശയവിനിമയം നടത്തുന്നതിനും സംശയങ്ങൾ നിവാരണം നടത്തുന്നതിനും ആപ്പില്‍ സംവിധാനമൊരുക്കുന്നുണ്ട്. പ്ലേ സ്റ്റോറിൽ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറിൽ നിന്നും കതിര്‍ ഡൗൺലോഡു ചെയ്യാന്‍ സാധിക്കുന്നതാണ്. ക്യു.ആർ കോഡ് സ്കാന്‍ ചെയ്തും സ്മാര്‍ട്ട്ഫോണുകളില്‍ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കൃഷി ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നു
നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃഷി സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനു വേണ്ടിയാണ് കൃഷി വകുപ്പ് ഈ പ്ലാറ്റ്ഫോം സജ്ജമാക്കിയിരിക്കുന്നത്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ, കീടങ്ങളും രോഗങ്ങളേയും കുറിച്ചുള്ള മുന്നറിയിപ്പുകൾ, കൃഷി സംബന്ധമായി വിദഗ്‌ധര്‍ നല്‍കുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളും, മണ്ണിന്റെ പോഷക നിലയും മണ്ണു പരിശോധനയും അറിയാന്‍ സാധിക്കുക, കാർഷിക പദ്ധതികൾ/ സബ്സിഡി യോഗ്യത തുടങ്ങിയ വിവരങ്ങള്‍, വിള ഡോക്ടർ അഥവാ പ്ലാന്റ് ഡോക്ടറുടെ സേവനം, കാർഷിക വാർത്തകൾ/ അറിയിപ്പുകൾ/ പുതിയ സംരംഭങ്ങൾ, നേരിട്ട് കൃഷിഭവൻ സഹായം എങ്ങനെ തേടാം, കൃഷിയിടത്തില്‍ ഒരുക്കേണ്ട ജലസേചന ക്രമീകരണങ്ങള്‍, ജൈവ സർട്ടിഫിക്കേഷൻ, മൂല്യവർധിത ഉല്‍പ്പന്ന പരിശീലനം തുടങ്ങിയ ഒട്ടേറെ സേവനങ്ങളാണ് പ്ലാറ്റ്ഫോം കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
Next Story
Videos