

രാജ്യത്തെ ഇതര പ്രദേശങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളത്തിലെ കുടുംബ ബിസിനസുകളുടെ സവിശേഷമായ കരുത്തും ദൗര്‍ബല്യങ്ങളും എന്തൊക്കെയാണ്?
ഒട്ടനവധി കാര്യങ്ങള്‍ എടുത്തുപറയാനുണ്ട്. ഇവയില്‍ ചിലത് കെട്ടുറപ്പുള്ള കുടുംബ ബിസിനസുകള്‍ കെട്ടിപ്പടുക്കാന്‍ മലയാളികളെ സഹായിച്ചു. മറ്റ് ചിലത് അവര്‍ക്ക് ദൗര്‍ബല്യവുമായിട്ടുണ്ട്. ഒരു പ്രത്യേക ഘടകം അനുകൂലമായുണ്ടെങ്കില്‍ പോലും നമ്മള്‍ അത് പ്രയോജനപ്പെടുത്തിയാല്‍ മാത്രമെ അതൊരു കരുത്തായി മാറുകയുള്ളൂ. അല്ലാത്തപക്ഷം അതുകൊണ്ടൊരു പ്രയോജനവുമില്ല. അതുകൊണ്ട് കേരളത്തിലെ കുടുംബ ബിസിനസുകളെ സ്വാധീനിക്കുന്ന ചില ഘടകങ്ങളെ കുറിച്ച് പറയാം.
മലയാളികള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരുമായി ചേര്‍ന്ന് ജോലി ചെയ്തും ബിസിനസ് നടത്തിയും അനുഭവസമ്പത്ത് നേടിയവരാണ്. മലയാളികള്‍ എത്തിപ്പെടാത്ത ലോകരാജ്യങ്ങള്‍ കുറവാണല്ലോ!
ഗുണമേന്മക്ക് മലയാളികള്‍ കൊടുക്കുന്ന പ്രാധാന്യം വളരെ ഉയര്‍ന്നതാണ്. അതുപോലെ തന്നെ ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനും സാധിക്കും.
പുറമെ നിന്നുള്ളവരെ സ്വീകരിക്കാന്‍ ഒരു മടിയുമില്ല.
കുടുംബങ്ങളില്‍ സ്ത്രീകള്‍ക്ക് ബഹുമാനവും സ്ഥാനവുമുണ്ട്. അതുകൊണ്ട് തന്നെ പല കുടുംബ ബിസിനസുകളിലും സ്ത്രീകള്‍ക്ക് കടന്നുവരാനും അവരുടെ കഴിവുകള്‍ ഉപയോഗിക്കാനുമുള്ള അവസരം ലഭിക്കുന്നു.
വ്യാപാരത്തോട് ആഭിമുഖ്യമുണ്ട്. പക്ഷേ കേരളത്തിന്റെ തനതായ നാണ്യവിളകളില്‍ പോലും മൂല്യവര്‍ധനവ് നടത്തുന്നതിലും നൈപുണ്യം വികസിപ്പിക്കുന്നതിലും പരിമിതമായ മുന്നേറ്റമേ നടത്തുന്നുള്ളൂ.
കുടുംബം കഴിഞ്ഞേ മലയാളിക്ക് മറ്റെന്തുമുള്ളൂ. ഇത് നല്ലതുമാണ്. പക്ഷേ പലരും കുടുംബ ബിസിനസ് ഒരു ജന്മാവകാശമാണെന്ന് കരുതുന്നു. ചില കുടുംബാംഗങ്ങള്‍ അവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണെന്നും അതിനെ കരുതുന്നു.
പൊതുവെ മലയാളികളെ സംബന്ധിച്ചിടത്തോളം കുടുംബ ബിസിനസ് ജീവിക്കാനുള്ള ഉപാധിയാണ്. ചുരുക്കം ചിലര്‍ മാത്രമാണ് അതിനെ ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ തലത്തിലേക്ക് ഉയര്‍ത്തിക്കാണുന്നുള്ളൂ.
പശ്ചിമഘട്ട മലനിരകളാല്‍ സംരക്ഷിതമാണ് കേരളം. എനിക്ക് തോന്നുന്നത് മലയാളികളുടെ മനസിലും ഇതുപോലൊരു കോട്ടകെട്ടിയ മലയുണ്ടെന്നാണ്. ആഗോളതലത്തില്‍ വളരാന്‍ കെല്‍പുണ്ടെങ്കിലും കുടുംബ ബിസിനസ് സാരഥികള്‍ ലോകം കണ്ടിട്ടുണ്ടെങ്കിലും പരിമിത വളര്‍ച്ച കൊണ്ട് പലരും സംതൃപ്തരാണ്. പശ്ചിമഘട്ടത്തിനുള്ളില്‍ ഒതുങ്ങിക്കിടക്കുകയാണ് മലയാളികള്‍.
കുടുംബ ബിസിനസിലെ പിന്‍തലമുറക്കാരെ കൂടെക്കൊണ്ടുനടന്ന് കാര്യങ്ങള്‍ പഠിക്കാന്‍ കുടുംബനാഥന്മാര്‍ ശ്രമിക്കാറുണ്ട്. പക്ഷേ പ്രൊഫഷണ
ലിസവും ഫാമിലി ഗവേണന്‍സ് പ്രാക്ടീസു മൊക്കെ കൊണ്ടുവരുന്നത് പരിമിതമാണെന്ന് മാത്രം.
പല കുടുംബ ബിസിനസ് സാരഥികളും പുതുതലമുറയിലേക്ക് ഉത്തരവാദിത്തങ്ങളും ചുമതലകളും കൈമാറാന്‍ വിമുഖത കാണിക്കാറുണ്ട്. നിയന്ത്രണാധികാരം നഷ്ടപ്പെടുത്താന്‍ പലര്‍ക്കും മടിയാണ്. ഈ വെല്ലുവിളിയെ എങ്ങനെ നേരിടാം?
ഇത് സാര്‍വത്രികമായൊരു പ്രശ്നമാണ്. കൈവശമുള്ള അധികാരങ്ങള്‍ ഒഴിയുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. സാരഥ്യത്തിലുള്ളവര്‍ പ്രൊഫഷണല്‍ ജീവിതത്തിലായാലും വ്യക്തിജീവിതത്തിലായാലും അടുത്തത് എന്തെന്ന് നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കണം. വൈകാരികമായും ഭൗതികമായും ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് വേണം മുന്നോട്ട് പോകാന്‍. ആളും ബഹളവും ഒഴിഞ്ഞ് ഒരു 'ഡബ്ള്‍സ് ഗെയിം' കളിക്കാന്‍ സ്വയം സജ്ജമാകുക എന്നതാണ് ഏറ്റവും പ്രധാനം. ആ ഡബ്ള്‍സ് ഗെയിമിലെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതും ശ്രദ്ധാപൂര്‍വമായിരിക്കണം.
ഒരു ബിസിനസ് സാരഥി എപ്പോഴാണ് പുതുതലമുറക്ക് സാരഥ്യം കൈമാറാന്‍ തീരുമാനിക്കേണ്ടത്?
കുടുംബ ബിസിനസിലെ സാരഥിക്ക് 50-55 വയസാകുമ്പോള്‍ തന്നെ ഘട്ടംഘട്ടമായി ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാം. പിന്തുടര്‍ച്ചാവകാശികളെ നിശ്ചയിച്ച്, അവരുടെ റോളുകള്‍ കൃത്യമായി നിര്‍വചിച്ച് ഉത്തരവാദിത്തങ്ങള്‍ വീതിച്ച് നല്‍കണം. 60 വയസാകുമ്പോഴേക്കും പിന്‍തലമുറയുടെ പ്രകടനം ഗൗരവമായി വിലയിരുത്തണം. എന്നിട്ട് ചുമതല കൈമാറ്റം ത്വരിതപ്പെടുത്തണം. 65-70 വയസൊക്കെയാവുമ്പോള്‍ കുടുംബ ബിസിനസിലെ റോളുകള്‍ പൂര്‍ണമായി തന്നെ പുനര്‍നിര്‍വചിക്കണം.
ബിസിനസ് നടത്തിപ്പില്‍ യാതൊരു വിധ തടസങ്ങളുമില്ലാതെ, പ്രവര്‍ത്തനങ്ങളില്‍ അസ്ഥിരതയോ അവ്യക്തതയോ വരാതെ ലീഡര്‍ഷിപ്പ് കൈമാറ്റം നടത്താന്‍ ബിസിനസ് സാരഥികള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
കുടുംബ ബിസിനസ് ഒരു റിലേ ഓട്ടമാണ്. ഓരോ ലാപിലും ഓടേണ്ടവരെ സജ്ജമാക്കി മുന്‍കൂട്ടി നിര്‍ത്തണം. ബാറ്റണ്‍ കൈമാറിയാല്‍ മുന്നേ ഓടിയവരേക്കാള്‍ വേഗത്തില്‍ വേണം ഇവര്‍ കുതിക്കാന്‍. അതുകൊണ്ട് ഇക്കാര്യത്തില്‍ മികച്ച ആസൂത്രണം അനിവാര്യമാണ്. കുടുംബ ബിസിനസിലുള്ള കുടുംബാംഗങ്ങളും കുടുംബത്തിന് പുറത്തുള്ളവരുമായവരുടെ റോളുകള്‍ പുനര്‍ നിര്‍വചിച്ച് കൃത്യമായ റോഡ് മാപ് തയാറാക്കിയിരിക്കണം. ഓരോ ലാപിലും ഓടേണ്ടവരെ അതിന് പാകപ്പെടുത്തിയെടുക്കണം. അവരെ ശാക്തീകരിച്ചുകൊണ്ടേയിരിക്കണം.
മാത്രമല്ല കുടുംബ ബിസിനസിനെ പുതിയ സാരഥിയെ സ്വീകരിക്കാന്‍ പാകത്തില്‍ ശക്തിപ്പെടുത്തുകയും വേണം. ഉത്തരവാദിത്തങ്ങള്‍ പിന്‍മുറക്കാരെ ഏല്‍പിച്ചാല്‍ പിന്നെ അതിലേക്ക് തലയിടാതിരിക്കുന്നതാണ് നല്ലത്. ജീവനക്കാര്‍ ചിലപ്പോള്‍ ഉപദേശം തേടിയെന്നിരിക്കും. അത് പുതിയ സാരഥിയുമായി ആലോചിക്കാന്‍ പറയാം. ചെയ്തുവന്ന പല കാര്യങ്ങളും വീണ്ടും ചെയ്യാന്‍ തോന്നും. പക്ഷേ അത് ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ട, പുതിയ റോളിലെത്തിയവരുണ്ടാകും. അവരത് ചെയ്യട്ടെ.
കാലങ്ങളോളം നിലനില്‍ക്കുന്ന, ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായി തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തിയുള്ള കുടുംബ ബിസിനസുകള്‍ സൃഷ്ടിക്കാനായി കേരളത്തിലെ കുടുംബ ബിസിനസ് സാരഥികള്‍ എന്ത് ചെയ്യണം?
വലുതായി ചിന്തിക്കുക. ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉപാധി എന്നതിലുപരിയായി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുക.
എല്ലായ്പ്പോഴും ഏത് വിപണിയിലും മത്സരാധിഷ്ഠിതമായി നില്‍ക്കാന്‍ എന്ത് വേണമെന്ന് അന്വേഷിക്കുക. അത് പ്രാവര്‍ത്തികമാക്കുക.
വിപണി സദാ മാറിക്കൊണ്ടിരിക്കും. പുതിയ അവസരങ്ങള്‍ വരും. ചിലതെല്ലാം അസ്തമിക്കും. ഇതെല്ലാം തിരിച്ചറിയാന്‍ സംരംഭകത്വം അനിവാര്യമാണ്.
കുടുംബ ബിസിനസിനെയാണ് നയിക്കുന്നതെങ്കിലും പരമ്പരാഗത രീതിയുടെ തടവറയില്‍ കിടക്കരുത്. അവസരങ്ങള്‍ കണ്ടെത്തി ബുദ്ധിപൂര്‍വം അവയിലേക്ക് ചുവടുവെക്കണം. പ്രസ്ഥാനത്തെ പ്രൊഫഷണലൈസ് ചെയ്യാന്‍ സമയം നോക്കിനില്‍ക്കേണ്ട. ആദ്യം മുതല്‍ അതിനായി തന്നെ ശ്രമിക്കുക. ഫാമിലി ഗവേണന്‍സ്, പ്രൊഫഷണല്‍ മാനേജ്മെന്റ് എന്നിവയെല്ലാം കൊണ്ടുവരിക.
നിങ്ങളുടെ കൈവശമുള്ള സമ്പത്ത് തലമുറകളായി കൈമാറി വന്നതാണ്. അതിന്റെ ഉത്തരവാദപ്പെട്ട കാര്യസ്ഥന്‍ മാത്രമാണ് നിങ്ങള്‍. അതുകൊണ്ട് ആ സമ്പത്ത് കൈമോശം വരാതെ സൂക്ഷിക്കുക. അതിനെ വളര്‍ത്തുക. മതിയായ പരിശീലനം സിദ്ധിച്ച, നിങ്ങളേക്കാള്‍ മിടുക്കരായ പുതുതലമുറയിലേക്ക് അത് കൈമാറുക.
നിരന്തരം പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കണം. എവിടെയും പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ അതാണ് വഴി. അതിനൊപ്പം മാറ്റത്തെ ത്വരിതപ്പെടുത്തുന്ന വ്യക്തിയായി മാറുക. മാറ്റങ്ങളോട് വിമുഖത കാണിച്ചുനില്‍ക്കുന്ന പിന്തിരിപ്പനാകരുത്.
പുതുതലമുറയെ എങ്ങനെ ബിസിനസിലേക്ക് ആകര്‍ഷിക്കാം?
കുടുംബ ബിസിനസ് എന്നതിലുപരി സംരംഭകത്വത്തെ കുറിച്ച് നാം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ഏതൊരു ബിസിനസും കാലോചിതമായി മാറിയില്ലെങ്കില്‍ പ്രസക്തി നഷ്ടപ്പെടും. അതത് വ്യവസായ രംഗത്തെ ചലനങ്ങള്‍, ഓരോ ഉല്‍പന്നത്തിനും സേവനത്തിനും കാലാനുസൃതമായി വരുന്ന മാറ്റങ്ങള്‍, ഘടനാപരമായ മാറ്റങ്ങള്‍ ഇവയൊക്കെ മറ്റ് ബിസിനസുകളെ എന്നപോലെ കുടുംബ ബിസിനസുകളെയും സ്വാധീനിക്കും. പരമ്പരാഗതമായി ചെയ്ത പോലെ തന്നെ തുടരാമെന്ന് കുടുംബ ബിസിനസുകള്‍ കരുതിയിട്ട് കാര്യമില്ല. മാറുന്ന സാഹചര്യങ്ങളോട് അതിവേഗം ഇഴുകിച്ചേര്‍ന്ന് ഒരു സ്റ്റാര്‍ട്ടപ്പിന്റേതിന് സമാനമായ ആര്‍ജവത്തോടെയാണ് കുടുംബ ബിസിനസുകള്‍ മുന്നേറുന്നതെങ്കില്‍ പുതുതലമുറ സ്വാഭാവികമായും അതിലേക്ക് ആകര്‍ഷിക്കപ്പെടും.
പുതുതലമുറ കുടുംബ ബിസിനസുകളെ തങ്ങള്‍ക്ക് തൊഴില്‍ നല്‍കാനുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചായും കരുതരുത്. അങ്ങനെ വന്നാല്‍ കുടുംബാംഗങ്ങളെക്കൊണ്ട് കുടുംബ ബിസിനസ് നിറയും. ആകര്‍ഷകമായ സാമ്പത്തിക നേട്ടം ഉണ്ടാവുകയുമില്ല.കുടുംബ ബിസിനസുകളെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരേണ്ടതുണ്ട്. ചില സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും കുടുംബ ബന്ധങ്ങളും ബിസിനസും സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാനും അത് സഹായിക്കുമെന്ന് തോന്നുന്നു.
കുടുംബ ബിസിനസിന്റെ പര്‍പ്പസ് (ലക്ഷ്യം) എന്താണെന്ന് എല്ലാവര്‍ക്കും മനസിലാകാനും അത് മനസില്‍ നിറഞ്ഞുനില്‍ക്കാനും കുടുംബങ്ങള്‍ക്കിടയിലെ ചര്‍ച്ചയും സംഭാഷണങ്ങളും ഉപകരിക്കും. സുസ്ഥിര വളര്‍ച്ചയുള്ള പ്രസ്ഥാനമായിരിക്കണം ഏവരുടെയും ലക്ഷ്യം. കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും റോളുകള്‍ നല്‍കിയാല്‍ അത് ചിലപ്പോള്‍ സാധ്യമാകണമെന്നില്ല.
കുടുംബ ബിസിനസ് എന്നതില്‍ നിന്ന് കുടുംബ സംരംഭകത്വം എന്ന മാറ്റം ഉള്‍ക്കൊള്ളണം. മാറ്റങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ സജ്ജമാകണം. കുടുംബ ബിസിനസിലെ പോര്‍ട്ട്ഫോളിയോകള്‍ പുനര്‍ചിന്തക്ക് വിധേയമാക്കപ്പെടുന്നത് അപ്പോഴാണ്.
കുടുംബത്തിലുള്ളവര്‍ക്ക് പല റോളുകളും വഹിക്കാനുള്ള സാധ്യതകള്‍ തുറന്നുകൊടുക്കണം. ഓപറേറ്റിങ് ഓണര്‍ഷിപ്പ്, തന്ത്രപരമായ പങ്കാളിത്തം, ഗവേണന്‍സ് തലത്തിലുള്ള സാന്നിധ്യം, അല്ലെങ്കില്‍ നിക്ഷേപകനായി തുടരുന്ന വിധത്തിലുള്ള ഉടമസ്ഥാവകാശം എന്നിങ്ങനെ പല റോളുകളും കുടുംബത്തിലുള്ളവര്‍ക്ക് പറ്റും. അതായത് കുടുംബത്തിലുള്ളവരെല്ലാം ബിസിനസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ടതില്ല.
Read DhanamOnline in English
Subscribe to Dhanam Magazine