കടലിനടിയിലെ നീക്കങ്ങള്‍ നേവി അറിയും, കെല്‍ട്രോണ്‍ സഹായത്തോടെ; 17 കോടിയുടെ ഓര്‍ഡര്‍

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍ട്രോണിന് പ്രതിരോധ മേഖലയില്‍ നിന്ന് വീണ്ടും സുപ്രധാന ഓര്‍ഡര്‍ ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കെല്‍ട്രോണ്‍ ഉപകമ്പനിയായ കുറ്റിപ്പുറം കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡിന് (കെ.ഇ.സി.എല്‍) 17 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചത്. പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയില്‍ നിന്നും കെ.ഇ.സി.എല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡര്‍ ആണിതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയുടെ പ്രധാന പദ്ധതികളിലൊന്നായ എ.എസ്.ഡബ്‌ള്യൂ ഷാലോ വാട്ടര്‍ ക്രാഫ്റ്റിലെ സോണാറുകള്‍ക്ക് ആവശ്യമായ നൂതന ട്രാന്‍സ്ഡ്യൂസര്‍ എലമെന്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് മുഖേന ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ 2000 ലധികം ട്രാന്‍സ്ഡ്യൂസര്‍ എലമെന്റുകള്‍ കെ.ഇ.സി.എല്‍ നിര്‍മ്മിച്ചു നല്‍കും.
സമുദ്രത്തിനടിയിലുള്ള ശബ്ദ തരംഗങ്ങളിലൂടെ മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഹൈഡ്രോഫോണുകളുടെ പ്രധാന ഘടകമാണ് ട്രാന്‍സ്ഡ്യൂസറുകള്‍. രാജ്യത്ത് ആഭ്യന്തരമായി ട്രാന്‍സ്ഡ്യൂസറുകള്‍ നിര്‍മ്മിക്കുന്ന സുപ്രധാന പൊതുമേഖലാ സ്ഥാപനമാണ് കെ.ഇ.സി.എല്‍. വര്‍ഷങ്ങളായി നാവികസേനയ്ക്ക് വേണ്ടി വിവിധ തരം അണ്ടര്‍ വാട്ടര്‍ പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കെല്‍ട്രോണ്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
Related Articles
Next Story
Videos
Share it