യാത്രക്കാർ ശ്രദ്ധിക്കുക' കാമറ കണ്ണുകൾ നിങ്ങളുടെ പിന്നാലെയുണ്ട്!

പ്രധാനപ്പെട്ട മൂക്കിലുംമൂലയിലുമൊക്കെ ഇനി ട്രാഫിക് കാമറകൾ വരുന്നു. ട്രാഫിക് നിയമം അനുസരിച്ചില്ലെങ്കിൽ കുരുങ്ങുക തന്നെചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ അണിയറയിൽ ഒരുങ്ങുന്നത് 235കോടി രൂപയുടെ ആധുനിക ട്രാഫിക്ക്‌ കാമറകൾ. ഇതിൽ 100കാമറകൾ കഴിഞ്ഞദിവസം സർക്കാരിന് കൈമാറി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിലൂടെയാണ് കാമറകളുടെ നിർമ്മാണം. കേരളത്തിലെ റോഡപകടങ്ങൾ കുറക്കുന്നതിന് വേണ്ടിയാണ് സർക്കാർ കെൽട്രോണിനോട് കാമറകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടത്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയാലുടൻ ചിത്രസഹിതം സന്ദേശം കൺട്രോൾ റൂമുകളിലേക്ക് പോകും. വൈകാതെ തന്നെ വാഹന ഉടമകൾക്ക് നിയമ ലംഘന നോട്ടീസുകൾ നൽകുകയും ചെയ്യും. സൗരോർജ്ജത്തിലാണ് കാമറ പ്രവർത്തിപ്പിക്കുക. കാമറ പ്രവർത്തിപ്പിക്കുന്ന പോസ്റ്റിൽ തന്നെ സോളാർ പാനലുമുണ്ടാകും. നിയമലംഘനം നടത്തുന്ന കാമറകളെ നിർമ്മിത ബുദ്ധിയിലൂടെയാണ് കണ്ടെത്തുന്നത്. വ്യക്തമായ ചിത്രങ്ങളോടെയായിരിക്കും നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്ക് നോട്ടിസ് ലഭിക്കുക.

700 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളുടെ നിർമ്മാണം ഇപ്പോൾ കെൽട്രോണിൽ നടന്ന് കൊണ്ടിരിക്കുന്നു. സേഫ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ഫണ്ട്‌ കണ്ടെത്തിയത്. ഉപകരണങ്ങളുടെ ഘടകങ്ങൾ കൂട്ടിച്ചേർക്കുന്നതും പരിശോധിക്കുന്നതും കെൽട്രോണിന്റെ മൺവിള യൂണിറ്റിലാണ്. നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന 100 കാമറകളും സിഗ്നൽ ലംഘനം കണ്ടുപിടിക്കുന്ന 18 കാമറകളും വേഗപരിധി ലംഘനം കണ്ടു പിടിക്കുന്ന നാലു ക്യാമറകളും ആണ് കഴിഞ്ഞ ദിവസം സർക്കാരിന് ആദ്യഘട്ടമായി കൈമാറിയത്. മന്ത്രി രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു. മന്ത്രി ആൻറണി രാജു ഉപകരണങ്ങൾ ഏറ്റുവാങ്ങി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കെൽട്രോൺ ചെയർമാനും എം.ഡി.യുമായ നാരായണമൂർത്തി, എസ്.ആർ.ഐ.ടി. ചെയർമാനും എം.ഡി.യുമായ മധു നമ്പ്യാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കാമറകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും അഞ്ചുവർഷത്തെ പ്രവർത്തന ചുമതലയും വാറൻറിയും ഉൾപ്പെടെയാണ് കെൽട്രോൺ നൽകുന്നത്.

കാമറകൾ 5വർഷത്തെ ഗ്യാരന്റിയിലാണ് നൽകുന്നത്. നേരത്തെയും അങ്ങനെ തന്നെയായിരുന്നു. എന്നാൽ ഈ കാമറകൾ പലപ്പോഴും 10വർഷം വരെ ഉപയോഗിക്കുന്നു. ഇതിനെ തുടർന്നാണ് പലതും പല സ്ഥലങ്ങളിലും കേടായി കിടക്കുന്നതെന്നുള്ള പരാതി ഉയരുന്നതെന്നും കെൽട്രോൺ കോർപ്പറേറ്റ് പ്ലാനിങ് ഹെഡും കെൽട്രോൺ മൺവിള യൂണിറ്റ് ജനറൽ മാനേജരുമായ സി.ജി.സുബ്രമണ്യം പറഞ്ഞു. കാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് ഭവനിലെ കെട്ടിടത്തിൽ സ്റ്റേറ്റ് കൺട്രോൾ റൂമും എറണാകുളം, കോഴിക്കോട് ഒഴികെയുള്ള 12 ജില്ലകളിൽ ജില്ലാ കൺട്രോൾ റൂമുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it