

തിരക്കേറിയ റോഡുകളിലെ ട്രാഫിക് പ്രശ്‌നം പരിഹരിക്കാന്‍ എ.ഐ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ 174 ജംഗ്ഷനുകളില്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ 170 കോടി രൂപയുടെ കരാര്‍ കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ട്. ഈ പദ്ധതി കേരളത്തിലെ റോഡുകളിലും സ്ഥാപിക്കാന്‍ ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി.
നിലവിലുള്ള ട്രാഫിക് സിഗ്നല്‍ സിസ്റ്റം പലപ്പോഴും ജംഗ്ഷനുകളില്‍ തിരക്ക് വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ട്രാഫിക് പോലീസുകാരെ ഇവിടങ്ങളില്‍ വിന്യസിക്കേണ്ട അവസ്ഥയും വരാറുണ്ട്. ഇത് ഒഴിവാക്കാനാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ജംഗ്ഷനില്‍ ഈ സിസ്റ്റം സ്ഥാപിക്കാന്‍ ഏകദേശം അഞ്ചുലക്ഷം രൂപ മുടക്കു വരും.
ജംഗ്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന എ.ഐ ക്യാമറയില്‍ നിന്നും റോഡിലെ മുഴുവന്‍ വാഹനങ്ങളുടെയും ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് നല്കും. ഇവിടെ നിന്ന് ആവശ്യമായ സിഗ്നല്‍ ക്രമീകരണങ്ങള്‍ നടത്താനാകും. തിരക്കുള്ള സമയങ്ങളില്‍ ഉചിതമായ രീതിയില്‍ സിഗ്നല്‍ ക്രമീകരണം നടത്താന്‍ ഇതുവഴി സാധിക്കും.
തിരക്ക് കൂടുന്ന സമയത്ത് പലപ്പോഴും സിഗ്നല്‍ ലൈറ്റുകള്‍ ഓഫാക്കി പോലീസുകാര്‍ ട്രാഫിക് നിയന്ത്രിക്കുകയാണ് ഇപ്പോള്‍ പതിവ്. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ ഗതാഗതവകുപ്പ് ശ്രമിച്ചേക്കുമെന്നാണ് വിവരം.
സൂര്യപ്രകാശമുള്ളപ്പോള്‍ നിരീക്ഷണ ക്യാമറയില്‍ ഡ്രൈവറുടെ മുഖം നേരായരീതിയില്‍ പതിയാത്തതിന് പരിഹാരമാകുന്ന ആന്റി ഗ്ലെയര്‍ ഫില്‍ട്ടര്‍ സംവിധാനം ഉപയോഗപ്പെടുത്താനുള്ള നിര്‍ദ്ദേശവും കെല്‍ട്രോണ്‍ പൊലീസ് വകുപ്പിന് നല്കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine