
സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു. കടപ്പത്രങ്ങളുടെ ലേലം കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി മെയ് ആറിന് നടക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നടപ്പുസാമ്പത്തിക വര്‍ഷം (2025-26) ഇത് രണ്ടാം തവണയാണ് കടമെടുപ്പ്. കഴിഞ്ഞ മാസം 2,000 കോടി രൂപ സംസ്ഥാനം പൊതുവിപണിയില്‍ നിന്നും സമാഹരിച്ചിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 5,000 കോടി രൂപ കടമെടുക്കാനുള്ള താത്കാലിക അനുമതിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
ഈ മാസത്തെ ക്ഷേമപെന്‍ഷന് പുറമെ കഴിഞ്ഞ വര്‍ഷം മുടങ്ങിക്കിടന്ന ഒരു ഗഡു കൂടി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് 1,600 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്. അടുത്ത് തന്നെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നതിനാല്‍ ക്ഷേമപെന്‍ഷന്‍ ഒരു രാഷ്ട്രീയ വിഷയമായി ഉയരാതെ ഇരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ ചൊവ്വാഴ്ച വിപണിയില്‍ നിന്നും സമാഹരിക്കുന്നത് 23,000 രൂപയാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 7,000 കോടി രൂപ സമാഹരിക്കുന്ന ആന്ധ്രാപ്രദേശാണ് കൂട്ടത്തില്‍ മുന്നിലുള്ളത്. മധ്യപ്രദേശ് 5,000 കോടി രൂപയും ഗുജറാത്ത് 3,000 കോടി രൂപയും തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ 2,000 കോടി രൂപയുമാണ് കടമെടുക്കുന്നത്. അസം 900 കോടി രൂപയും പഞ്ചാബ് 1,500 കോടി രൂപയും സമാഹരിക്കുന്നുണ്ട്.
2003 ധന ഉത്തരവാദിത്ത നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) പരമാവധി മൂന്ന് ശതമാനം വരെയാണ് കടമെടുക്കാന്‍ കഴിയുക. 2025-26 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ ജി.എസ്.ഡി.പി 14,27,145 കോടി രൂപയാകുമെന്നാണ് ബജറ്റ് രേഖകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അതിന്റെ മൂന്ന് ശതമാനമായ 42,814 കോടി രൂപക്കൊപ്പം വൈദ്യുതി പരിഷ്‌കാരങ്ങളുടെ പേരില്‍ ജി.എസ്.ഡി.പിയുടെ 0.5 ശതമാനം (7,135 കോടിരൂപ) കൂടി കടമെടുക്കാം. അങ്ങനെ വരുമ്പോള്‍ 49,949 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര അനുമതി ആയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 54,000 കോടി രൂപയോളമാണ് കേരളം പൊതുവിപണിയില്‍ നിന്നും സമാഹരിച്ചത്.
Kerala may borrow ₹1,000 crore from RBI to address financial shortfalls, raising concerns over the state's fiscal health
Read DhanamOnline in English
Subscribe to Dhanam Magazine