കടം ഈ വീടിന്റെ ഐശ്വര്യം! കുബേരനുള്ളപ്പോള്‍ ഇനിയും കടമെടുക്കാം, കേരളം നാളെ വായ്പ എടുക്കുന്നത് 2,000 കോടി, ഒരാഴ്ചക്കിടയില്‍ രണ്ടാം തവണ

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ 15,800 കോടി രൂപയാണ് പൊതുവിപണിയില്‍ നിന്നും കടമെടുക്കുന്നത്
KN Balagopal, Kerala secretariate
canva, Facebook/KN Balagopal
Published on

സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുപ്പിലേക്ക്. മെയ് 27ന് 2,000 കോടി രൂപയുടെ കടപ്പത്രങ്ങളുടെ ലേലം റിസര്‍വ് ബാങ്കിന്റെ കോര്‍ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി നടക്കും. 26 വര്‍ഷ കാലാവധിയിലാണ് കടമെടുപ്പ്. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൊത്തകടം 7,000 കോടി രൂപയായി ഉയരും. കഴിഞ്ഞ മാസം 2,000 കോടിയും ഈ മാസം ആദ്യം 1,000 കോടി രൂപയും 20ന് 2,000 കോടി രൂപയും കേരളം കടമെടുത്തിരുന്നു. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കാണ് കടമെടുപ്പ്.

ഇക്കുറി കടം ഇങ്ങനെ

കേരളത്തിന് നടപ്പു കലണ്ടര്‍ വര്‍ഷത്തില്‍ (ഡിസംബര്‍ വരെ) 29,529 കോടി രൂപ വരെ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 21,521 കോടി രൂപയായിരുന്നു. ഇതില്‍ നിന്നും 3,300 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കടമെടുപ്പിന് സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരന്റിക്ക് റിഡംപ്ഷന്‍ ഫണ്ട് രൂപീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കടപ്പേടി പരത്താന്‍ ശ്രമമെന്ന് സര്‍ക്കാര്‍

അതേസമയം, സംസ്ഥാനം വലിയ കടക്കെണിയിലാണെന്ന പ്രചാരണം വ്യാജമാണെന്നും ചട്ടപ്രകാരമുള്ള കടം മാത്രമേ എടുത്തിട്ടുള്ളൂ എന്നുമാണ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ വേദികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയെടുത്ത വായ്പയുടെ ഭൂരിഭാഗവും പലിശ തിരിച്ചടവിന് വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

നാളെ 15,800 കോടി

കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങള്‍ നാളെ കടമെടുക്കുന്നത് 15,800 കോടി രൂപയാണ്. 5,000 കോടി രൂപ കടമെടുക്കുന്ന രാജസ്ഥാനാണ് കൂട്ടത്തില്‍ മുന്നില്‍. ഹരിയാന 3,000 കോടി രൂപ, തമിഴ്‌നാട് 2,000 കോടി രൂപ, ഗുജറാത്ത് 1,500 കോടി രൂപ എന്നിങ്ങനെയും സംസ്ഥാനങ്ങളുടെ കടമെടുപ്പ് കണക്കുകള്‍ തുടരുന്നു.

Kerala government to raise ₹2,000 crore through public borrowing amid fiscal challenges and fund requirements.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com