വീണ്ടും 100 ദിന കര്‍മ പരിപാടി: ₹13,013 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

1070 പദ്ധതികള്‍, 2,59,384 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
Pinarayi Vijayan
Image : CM Pinarayi Vijayan /FB
Published on

രണ്ടാമൂഴം അധികാരമേറിയ ഇടതു മുന്നണി മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് ഒക്ടോബര്‍ 22 വരെയുള്ള 100 ദിന കര്‍മ പരിപാടിക്ക് തുടക്കമായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാമത്തെ കര്‍മ പരിപാടിയാണിത്. 47 വകുപ്പുകളിലായി 13,013.40 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആകെ 1,070 പദ്ധതികള്‍ ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2,59,384 തൊഴിലവസരങ്ങളും സൃഷ്ടിക്കും. 706 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 364 പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനമോ പ്രഖ്യാപനമോ ഈ ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും. ഉപജീവനത്തിനായുള്ള പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും ഇതിലുണ്ട്.

761.93 കോടി ചെലവില്‍ നിര്‍മ്മിച്ച 63 റോഡുകള്‍, 28.28 കോടിയുടെ 11കെട്ടിടങ്ങള്‍, 90.91 കോടി രൂപയുടെ ഒമ്പത് പാലങ്ങള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും. 437.21 കോടി രൂപ വകയിരുത്തിയ 24 റോഡുകള്‍, 81.74 കോടി വരുന്ന 17 കെട്ടിടങ്ങള്‍, 77.94 കോടി രൂപ ചെലവ് വരുന്ന 9 പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനവുമുണ്ടാകും.

30,000 പട്ടയങ്ങള്‍ കൂടി

സംസ്ഥാനത്ത് 30,000 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യും. 37 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പൂര്‍ത്തീകരണവും 29 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ ഉദ്ഘാടനവും ഈ ഘട്ടത്തില്‍ നടക്കും. പുതുതായി 456 റേഷന്‍ കടകള്‍ കൂടി കെ-സ്റ്റോറുകളായി മാറ്റി സംസ്ഥാനത്ത് 1000 കെ-സ്റ്റോറുകളെന്ന നാഴികക്കല്ല് പൂര്‍ത്തീകരിക്കും. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ മുതലായ വിലകൂടിയ മരുന്നുകള്‍ ലാഭമില്ലാതെ സീറോ പ്രോഫിറ്റായി കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി വഴി രോഗികള്‍ക്ക് നല്‍കുന്ന പദ്ധതി ആരംഭിക്കും.

കോട്ടയം അക്ഷര ടൂറിസം ഹബ്ബ്

ലൈഫ് മിഷനിലൂടെ പുതിയ 10,000 വ്യക്തിഗത ഭവനങ്ങള്‍ കൂടി കൈമാറും. അക്ഷരനഗരിയായ കോട്ടയത്തെ അക്ഷര ടൂറിസം ഹബ്ബായി മാറ്റുന്ന പദ്ധതി, തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന സോളാര്‍ സിറ്റി പദ്ധതി, പൂജപ്പുരയില്‍ വനിതകള്‍ക്ക് മാത്രമായി പുതിയ പോളിടെക്നിക് കോളേജ്, കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് - ധര്‍മ്മടം ബീച്ചിന്റെ സമഗ്ര വികസനം, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഡിജിറ്റല്‍ രൂപത്തില്‍ അനാവരണം ചെയ്യുന്ന മ്യൂസിയം, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ 250 എം.പി.ഐ ഫ്രാഞ്ചൈസി ഔട്ലെറ്റുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. പ്രവര്‍ത്തനങ്ങളുടെ വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങളും പുരോഗതിയും അറിയാന്‍ വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com