ഗവര്‍ണറുടെ പ്രസംഗത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം; കേരളം പണഞെരുക്കത്തില്‍, ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തിയതും ഗ്രാന്റ് കുറച്ചതും തിരിച്ചടി

വയനാട് ടൗണ്‍ഷിപ് ഒരു വര്‍ഷത്തിനുള്ളിലെന്ന് നിയമസഭ പ്രസംഗത്തില്‍ ഗവര്‍ണര്‍ ആര്‍.വി അര്‍ലേക്കര്‍
നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറെ നിയമസഭ മന്ദിരത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എം.ബി രാജേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചപ്പോള്‍
നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറെ നിയമസഭ മന്ദിരത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എം.ബി രാജേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചപ്പോള്‍
Published on

വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഒരുവര്‍ഷത്തിനുള്ളില്‍ ടൗണ്‍ഷിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും ജി.എസ്.ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകള്‍ കുറഞ്ഞതും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍. ഇതോടെ പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് പിരിഞ്ഞ സഭ തിങ്കളാഴ്ച വീണ്ടും ചേരും.

ഭരണഘടനാ മൂല്യങ്ങള്‍ നിലനിറുത്താനും നവകേരള നിര്‍മാണത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, അറിവ് അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥ, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പാക്കിയാണ് ഇത് സാധ്യമാക്കുന്നത്. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1,80,887 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയത് ചരിത്ര നേട്ടമാണ്. എട്ട് വര്‍ഷത്തിനിടെ 5,38,518 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനവും ഒരുക്കി.

വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവക്കാണ് സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന് നേരിടേണ്ടി വന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ ദുരന്തനിവാരണ മാനേജ്‌മെന്റ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടി. വൈവിധ്യങ്ങളെ ബഹുമാനത്തോടെ ഉള്‍ക്കൊണ്ട ഒരു രാജ്യത്ത് വ്യത്യാസങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും ദേശീയ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ക്കും എതിരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്രവിഹിതം കുറഞ്ഞത് ബുദ്ധിമുട്ട്

കേരളത്തിന്റെ പക്കലുള്ള പരിമിതമായ വിഭവങ്ങള്‍ കൊണ്ട് വികസനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ധനസമാഹരണത്തിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുമ്പോഴും കേന്ദ്രവിഹിതം കുറഞ്ഞതിനാല്‍ സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും ഗ്രാന്റ് കുറച്ചതും തിരിച്ചടിയാണ്. 16ാം ധനകാര്യ കമ്മിഷനെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. മൂലധന നിക്ഷേപം വര്‍ധിപ്പിക്കുവാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുണ്ടാകണം. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കണ്ടുവെന്നും ബിസിനസ് സൗഹൃദ സാഹചര്യത്തില്‍ കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിശക്തമായ സാമൂഹിക സുരക്ഷാ ശൃംഖലയാണ് കേരളത്തിനുള്ളത്. പ്രതിമാസം 62 ലക്ഷം വയോജനങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

വെടിനിറുത്തുമോ

പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടിയും കേന്ദ്രത്തെ വിമര്‍ശിച്ചുമാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം പൂര്‍ത്തിയാക്കിയത്. ഇത് ഏറെക്കാലമായി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറുമായി തുടര്‍ന്ന് വന്ന പ്രശ്‌നങ്ങള്‍ക്ക് വിരാമമിടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഒരുമിനിറ്റ് 17 സെക്കന്‍ഡില്‍ ഒതുക്കിയത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഭരണഘടനയുടെ അനുഛേദം 176 അനുസരിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനത്തെയും അഭിസംബോധന ചെയ്യേണ്ടത് ഗവര്‍ണറുടെ ചുമതലയാണ്. സര്‍ക്കാര്‍ തയ്യാറാക്കി മന്ത്രിസഭ അംഗീകരിച്ച നല്‍കിയ പ്രസംഗം അതേപടി ഗവര്‍ണര്‍ വായിക്കുകയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com