

ഫെബ്രുവരിയില്‍ ദേശീയതലത്തില്‍ വാഹന വില്‍പ്പന വര്‍ധിച്ചിട്ടും കേരളത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് കണക്കുകള്‍. കഴിഞ്ഞ മാസത്തെ യാത്രാവാഹനങ്ങളുടെ വില്‍പ്പനയാകട്ടെ രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലുമെത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഫെബ്രുവരിയിലെ ആകെ വാഹന വില്‍പ്പനയില്‍ കുറവുണ്ടായെന്നും വാഹന്‍ ഡാഷ് ബോര്‍ഡിലെ കണക്കുകള്‍ പറയുന്നു.
ഫെബ്രുവരിയില്‍ ദേശീയതലത്തില്‍ 3.56 ലക്ഷം യാത്രാ വാഹനങ്ങളാണ് വിറ്റത്. മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം വര്‍ധന. കേരളത്തിലാകട്ടെ 12,626 വാഹനങ്ങള്‍ വിറ്റതായി കണക്കുകള്‍ പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 18.46 ശതമാനം കുറവ്. ജനുവരിയില്‍ 22,374 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്നാണ് കുത്തനെ ഇടിഞ്ഞത്. ഇതിന് മുമ്പ് 2023 ഏപ്രിലിലാണ് ഇത്രയും കുറവ് വില്‍പ്പന രേഖപ്പെടുത്തിയത്. അന്ന് 9,610 യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരിയില്‍ 36,209 ഇരുചക്ര വാഹനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.22 ശതമാനം കുറവ്. കഴിഞ്ഞ മാസം 3,907 വാണിജ്യ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ 14.09 ശതമാനം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും യെസ് ബാങ്കും നടത്തിയ പഠനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിലെ ഇ.വി വ്യാപനം 11.1 ശതമാനമായിരുന്നു. ദേശീയ തലത്തില്‍ ഇ.വി വ്യാപനത്തില്‍ രണ്ടാമതെത്തിയെങ്കിലും കേരളത്തില്‍ ഇ.വി വില്‍പ്പന കുറയുന്നതായും കണക്കുകള്‍ പറയുന്നു. ഫെബ്രുവരിയില്‍ 6,313 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷത്തേക്കാള്‍ 9.09 ശതമാനം കുറവ്. ജനുവരിയില്‍ 8,059 ഇവികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ മാസം 389 ഹൈബ്രിഡ്, 39,590 പെട്രോള്‍, 4,099 ഡീസല്‍, 1,379 സി.എന്‍.ജി വാഹനങ്ങള്‍ എന്നിവ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് മാത്രമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുള്ളത്.
എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ വാഹന വില്‍പ്പന കുറയുന്നത് സ്വാഭാവികമാണെന്ന് ഈ രംഗത്തുള്ള ചിലര്‍ പറയുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ മികച്ച ഓഫറുകള്‍ ലഭിക്കുമെന്ന് കരുതി കുറച്ചാളുകള്‍ വാഹനമെടുക്കാന്‍ മാര്‍ച്ച് മാസത്തെ തിരഞ്ഞെടുക്കും. ജനുവരി മുതല്‍ ഏതാണ്ടെല്ലാ മോഡലുകള്‍ക്കും വാഹന കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഇതും ഒരു കാരണമാകാമെന്നാണ് വിലയിരുത്തല്‍.
2024ന്റെ അവസാനത്തില്‍ വാഹന കമ്പനികള്‍ നല്‍കിയ മികച്ച ഓഫറുകളും ഫെബ്രുവരിയിലെ വില്‍പ്പനക്കുറവിന് കാരണമായി. ഫെബ്രുവരിയില്‍ വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന പലരും മികച്ച ഓഫറുകള്‍ കണ്ട് ഡിസംബറില്‍ തന്നെ വണ്ടി സ്വന്തമാക്കിയെന്നാണ് കരുതുന്നത്. ഫെബ്രുവരിയില്‍ ഓഹരി വിപണി തകര്‍ച്ച നേരിട്ടതോടെ വലിയ തുക ചെലവാക്കുന്നതില്‍ ഉപയോക്താക്കള്‍ വിമുഖത കാണിച്ചതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. യൂസ്ഡ് കാര്‍ വിപണിയില്‍ കച്ചവടം തകൃതിയായി നടക്കുന്നതും വില്‍പ്പന കുറയാന്‍ കാരണമായെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine