

വ്യോമയാന മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ഫിക്കിയുടെ (Federation of Indian Chambers of Commerce and Industry) സഹകരണത്തോടെ സഹകരണത്തോടെ പ്രഥമ കേരള ഏവിയേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നു. ഈ മാസം 23,24 തീയതികളില്‍ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടലിലാണ് ദ്വിദിന ഏവിയേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. അതിവേഗം കുതിക്കുന്ന ഏവിയേഷന്‍ മേഖലയുടെ പ്രധാന ഹബ്ബായി കേരളം മാറുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കരട് ഏവിയേഷന്‍ നയം തയാറാക്കിയിരുന്നു. ഏവിയേഷന്‍ മേഖലയിലെ തന്ത്രപ്രാധാന മാറ്റങ്ങള്‍, നയരൂപീകരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ സമ്മേളനം ചര്‍ച്ച ചെയ്യും.
23ന് രാവിലെ ഒന്‍പതരയ്ക്ക് സമ്മേളനത്തിന് തുടക്കമാകും. രാവിലെ പത്തിന് എയര്‍ സ്പേസിലേക്ക് ഡ്രോണുകളും ഡ്രൈവര്‍രഹിത വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള പാനല്‍ ചര്‍ച്ച നടക്കും. അര്‍ബന്‍ എയര്‍ ടാക്സി സാധ്യതകള്‍, ഡ്രോണ്‍ ഉപയോഗം സംബന്ധിച്ച നയരൂപീകരണം, സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ചര്‍ച്ചയാകും.
11ന് ഇന്ത്യയിലെ ഗതാഗത മേഖലയില്‍ സീപ്ലെയിന്‍, ഹെലികോപ്ടര്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ പ്രാദേശിക കണക്റ്റിവിറ്റി സംബന്ധിച്ചും ലാസ്റ്റ് മൈല്‍ എയര്‍ കണക്റ്റിവിറ്റിയും വിഷയമാകും. മള്‍ട്ടിമോഡല്‍ ടെര്‍മിനല്‍, ഫ്ളോട്ടിങ് ജെട്ടി, വെര്‍ട്ടിപോര്‍ട്ട്‌സ്, ഹെലിപോര്‍ട്ട്‌സ് വാട്ടര്‍ എയ്റോഡ്രോം എന്നിവയുടെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യും. തീര്‍ഥാടന കേന്ദ്രങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഹെലികോപ്പ്റ്റര്‍, സീപ്ലെയ്ന്‍ സാധ്യതകളും ഈ സെഷനില്‍ ചര്‍ച്ചയാകും.
വ്യോമഗതാഗതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് 12ന് പാനല്‍ ചര്‍ച്ച നടക്കും. ബയോമെട്രിക്, പേപ്പര്‍ലെസ് ചെക്ക് ഇന്‍, ഡിജിറ്റല്‍ വാലറ്റ്, നിര്‍മിതബുദ്ധി അധിഷ്ഠിതമായ പാസഞ്ചര്‍ സേവനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് വൈവിധ്യമാര്‍ഗങ്ങളിലൂടെ വരുമാനം എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് എയര്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിന് കുറിച്ചും പ്രാദേശിക വിമാനത്താവളങ്ങളുടെ സാധ്യതയും വിഷയമാകും.
വൈകുന്നേരം 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏവിയേഷന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine