

ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി) ശൃംഖലയുടെ ഫലപ്രദമായ നടപ്പാക്കലിലൂടെ കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ആഗോള വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒ.എന്‍.ഡി.സി അന്തര്‍-വകുപ്പ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറയിലെ ബിസിനസ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സെപ്റ്റംബറില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന 'യങ് എന്റര്‍പ്രണേഴ്‌സ് കോണ്‍ക്ലേവ്' പരിപാടിയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ഡിജിറ്റല്‍ വാണിജ്യ മേഖലയെ ജനാധിപത്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ഡി.സി പ്രവര്‍ത്തിച്ചുവരികയാണ്. കേരളത്തില്‍ ഇതിന്റെ സുഗമമായ നടപ്പാക്കലിനായുള്ള റോഡ്മാപ്പ് തയാറാക്കുന്നതിനും വിവിധ വകുപ്പുകള്‍ക്കിടയിലെ ഏകോപനം ശക്തിപ്പെടുത്താനുമാണ് ശില്പശാല സംഘടിപ്പിച്ചത്.
വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine