ഇലയൊന്നിന് സീസണില്‍ ₹10 രൂപ വരെ! മുന്നില്‍ വന്‍ വിപണിയും ഉറപ്പുള്ള ലാഭവും; എന്നിട്ടും കേരളത്തില്‍ നിന്ന് നേട്ടം കൊയ്യുന്നത് തമിഴ്നാട്

വാഴയില കൃഷിയും വില്പനയും 365 ദിവസവും ചെയ്യാവുന്ന ബിസിനസാണ്. ഓണത്തിനും വിഷുവും സാധാരണയേക്കാള്‍ മൂന്നും നാലും ഇരട്ടിയാണ് ഇലയുടെ ഡിമാന്‍ഡ്.
ഇലയൊന്നിന് സീസണില്‍ ₹10 രൂപ വരെ! മുന്നില്‍ വന്‍ വിപണിയും ഉറപ്പുള്ള ലാഭവും; എന്നിട്ടും കേരളത്തില്‍ നിന്ന് നേട്ടം കൊയ്യുന്നത് തമിഴ്നാട്
Published on

മലയാളിയുടെ ഭക്ഷണശീലങ്ങളില്‍ വാഴയിലയ്ക്കുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്. ഓണവും വിഷുവും വിവാഹ വിരുന്നുകളും മാത്രമല്ല, ഇന്ന് ഹോട്ടലുകളിലെയും കാറ്ററിംഗ് യൂണിറ്റുകളിലെയും പ്രഭാതഭക്ഷണം പോലും വാഴയിലയിലേക്ക് മാറിയിരിക്കുന്നു. പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളിലേക്കുള്ള മറ്റം വാഴയില വിപണിക്ക് വന്‍ കുതിപ്പാണ് നല്‍കുന്നത്.

എന്നാല്‍, കേരളത്തിന് ആവശ്യമുള്ള 90 ശതമാനം ഇലകളും ഇന്നും എത്തിക്കൊണ്ടിരിക്കുന്നത് തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്. സ്വന്തം നാട്ടില്‍ വലിയൊരു വിപണി തുറന്നു കിട്ടിയിട്ടും അത് മുതലാക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. സംസ്ഥാനത്തെ കര്‍ഷകര്‍ക്കും യുവസംരംഭകര്‍ക്കും ഒരേക്കറില്‍ നിന്ന് പോലും നല്ലൊരു ലാഭം കൊയ്യാവുന്ന മികച്ചൊരു ബിസിനസ് അവസരമാണ് വാഴയില കൃഷിയും വില്പനയും. വാഴയില വിപണിയുടെ അനന്തസാധ്യതകള്‍ പരിശോധിക്കാം.

എന്നും സീസണ്‍

വാഴയില കൃഷിയും വില്പനയും 365 ദിവസവും ചെയ്യാവുന്ന ബിസിനസാണ്. എല്ലാ സമയത്തും ആവശ്യക്കാരുണ്ടാകും. ഓണത്തിനും വിഷുവും സാധാരണയേക്കാള്‍ മൂന്നും നാലും ഇരട്ടിയാണ് ഇലയുടെ ഡിമാന്‍ഡ്. കേരളത്തില്‍ വാഴയില കൃഷി ജനകീയമാക്കിയവരില്‍ ഒരാള്‍ ആലപ്പുഴ മുഹമ്മ കായിപ്പുറം കൂപ്ലിക്കാട്ട് വീട്ടില്‍ കെ.എസ് ചാക്കോയാണ്. എട്ടുവര്‍ഷമായി വാഴയില കൃഷിയിലും വില്പനയിലും സജീവമാണ് അദ്ദേഹം.

കൃഷി ആരംഭിച്ച സമയത്ത് ഇലയൊന്നിന് മൂന്നര രൂപയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിത് അഞ്ചുരൂപയായി. ഓണക്കാലത്ത് 10 മുതല്‍ 12 രൂപയ്ക്ക് ഇലയെടുക്കാന്‍ ആളുകളുണ്ടെന്ന് ചാക്കോ ധനംഓണ്‍ലൈനിനോട് പറഞ്ഞു. ഹോട്ടലുകാരും കാറ്ററിംഗുകാരുമാണ് സ്ഥിരമായി ഇല എടുക്കുന്നത്. ഇവര്‍ തോട്ടത്തിലെത്തി ഇല വാങ്ങുമെന്നതിനാല്‍ വിതരണത്തിനായി ഒരു രൂപ പോലും മുടക്കേണ്ടതില്ലെന്ന് കെ.എസ് ചാക്കോ പറയുന്നു.

ഞാലിപ്പൂവന്‍ വാഴയാണ് ഇലയ്ക്കായി കൃഷി ചെയ്യുന്നത്. ഇലയാണ് വരുമാന മാര്‍ഗമെന്നതിനാല്‍ കായയ്ക്ക് വലിയ പ്രാധാന്യം നല്കാറില്ല. സ്ഥിരവരുമാനത്തിനാണ് കൃഷിയെങ്കില്‍ 3,000 വാഴ വച്ചാല്‍ ഒരുദിവസം 200-250 ഇല വീതം എടുക്കാം. 1,000-1,250 രൂപ പ്രതിദിന വരുമാനം ലഭിക്കും. 3,000 വാഴയില്‍ നിന്ന് ഇല ഒരു തവണ എടുത്തു തീരുന്നതേ അടുത്തത് വെട്ടാന്‍ പാകമായിട്ടുണ്ടാകും. വര്‍ഷം മുഴുവന്‍ വലിയ പരിചരണമില്ലാതെ വരുമാനം നല്കാന്‍ വാഴയില കൃഷിക്ക് സാധിക്കും.

വരവ് കൂടുതലും അതിര്‍ത്തി കടന്ന്

കേരളത്തില്‍ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ വലിയ തോതില്‍ വാഴക്കൃഷിയുണ്ടെങ്കിലും ഇല വില്ക്കുന്നവര്‍ തീരെ കുറവാണ്. നിലവില്‍ കേരളത്തിന് ആവശ്യമായ വാഴയിലയില്‍ 90 ശതമാനവും തമിഴ്നാട്ടിലെ മേട്ടുപ്പാളയം, ചിന്നത്തടാകം, തൃശ്ശിനാപ്പള്ളി എന്നിവിടങ്ങളില്‍നിന്നാണ് വരുന്നത്. ഒരേക്കറില്‍നിന്ന് നല്ല ലാഭം ഇവിടത്തുകാര്‍ക്ക് കിട്ടുന്നുണ്ട്. വടക്കന്‍ കേരളത്തിലേക്കു ആവശ്യമായ വാഴയിലകള്‍ പ്രധാനമായും ദക്ഷിണ കന്നട ജില്ലകളില്‍ നിന്നാണ് എത്തുന്നത്.

കേരളത്തിലെ മാര്‍ക്കറ്റിലേക്ക് വാഴയില കയറ്റിയയ്ക്കാന്‍ വേണ്ടിമാത്രം കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ തമിഴ്‌നാട്ടിലുണ്ട്. വലിയ വരുമാനം ലഭിക്കുമെന്നതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വാഴയില കൃഷി വ്യാപിക്കുന്നതായി എറണാകുളം നഗരത്തില്‍ വാഴയിലയുടെ മൊത്തക്കച്ചവടക്കാരനായ സജി രമേശ് പറയുന്നു.

കേരളത്തിലേക്ക് ഒരുദിവസം എത്ര വാഴയില അതിര്‍ത്തി കടന്നെത്തുന്നുവെന്നതിന് കൃത്യമായ കണക്കില്ല. 2025ലെ ഓണക്കാലത്ത് എറണാകുളം മാര്‍ക്കറ്റിലേക്ക് മാത്രം പ്രതിദിനം ഏകദേശം ഒരു ലക്ഷം വാഴയിലകള്‍ എത്തിയിരുന്നതായി വ്യാപാരികള്‍ വ്യക്തമാക്കുന്നു. അന്ന് മൊത്തവില ഇലയൊന്നിന് 7 വരെയും ചില്ലറവില 8 രൂപ വരെയും എത്തിയിരുന്നു.

'മാങ്ങാട്ടിടം വിജയമാതൃക

കണ്ണൂരിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ വാഴയില കൃഷി പദ്ധതി ഈ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു വിജയമാതൃകയാണ്. 2023 ഒക്ടോബറില്‍ ആരംഭിച്ച പദ്ധതിയില്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ചെയ്യുന്നത്. പഞ്ചായത്തും കൃഷിവകുപ്പും ചേര്‍ന്ന് സൗജന്യമായി വാഴവിത്തുകള്‍ നല്കുന്നു. ഉത്പാദിപ്പിക്കുന്ന ഇലകള്‍ 'മാങ്ങാട്ടിടം' എന്ന സ്വന്തം ബ്രാന്‍ഡിലാണ് പഞ്ചായത്തിനകത്തും പുറത്തുമായി വിപണിയിലെത്തിക്കുന്നത്.

വാഴ നട്ട് ഏകദേശം രണ്ട് മാസം കഴിയുമ്പോള്‍ തന്നെ ഇല വെട്ടിത്തുടങ്ങും. കുല പാകമാകുന്നതിന് മുമ്പ് തന്നെ കര്‍ഷകര്‍ക്ക് വരുമാനം ലഭിച്ചുതുടങ്ങും. അഞ്ച് കുടുംബശ്രീ വനിതകള്‍ക്ക് ഇല ശേഖരണം, വൃത്തിയാക്കല്‍, പാക്കിംഗ്, വിപണനം എന്നിവയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ തോട്ടങ്ങളില്‍ നിന്ന് ഇലകള്‍ ശേഖരിച്ച് സംസ്‌കരിച്ച് 'മാങ്ങാട്ടിടം' ബ്രാന്‍ഡില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു.

വാര്‍ഷിക പദ്ധതിയില്‍ രണ്ടു ലക്ഷം വീതമാണ് പഞ്ചായത്ത് ഇതിനായി മാറ്റിവെക്കുന്നത്. ആദ്യഘട്ടത്തില്‍ 100 കര്‍ഷക ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി അഞ്ച് പേര്‍ വീതമുള്ള സംഘങ്ങളായി ഏകദേശം 35 ഏക്കറിലാണ് പദ്ധതി നടപ്പിലാക്കിയത്. വാഴയിലയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി പദ്ധതി രണ്ടാംഘട്ടത്തിലേക്ക് വ്യാപിപ്പിക്കാനും സൗജന്യ വാഴത്തൈ വിതരണം തുടരാനുമാണ് പഞ്ചായത്തിന്റെ തീരുമാനം.

നഷ്ടമില്ലാത്ത കൃഷിയല്ല

വാഴയിലയ്ക്ക് ഡിമാന്‍ഡുണ്ടെങ്കിലും ഇതിനെ നഷ്ടസാധ്യതയില്ലാത്ത ബിസിനസായി കാണരുത്. ശക്തമായ കാറ്റിലും മഴയിലും ഇല കീറിപ്പോകുന്നത് ഉല്‍പന്നത്തിന്റെ വിപണിമൂല്യം കുറയ്ക്കാം. രോഗങ്ങളും കീടങ്ങളും ഗുണമേന്മയെ ബാധിക്കും. ജലസേചനം, തൊഴിലാളി ചെലവ്, ഗതാഗതം എന്നിവയും കണക്കിലെടുക്കണം.

മുറിച്ചെടുത്ത വാഴയില ഏറെ നാള്‍ സംഭരിക്കാവുന്ന ഉല്‍പന്നമല്ല. അതുകൊണ്ട് വിളവെടുപ്പും ഓര്‍ഡറും ഗതാഗതവും തമ്മില്‍ കൃത്യമായ ഏകോപനം വേണം. ആവശ്യത്തേക്കാള്‍ കൂടുതല്‍ ഇല ഒരേസമയം മുറിക്കുന്നത് നഷ്ടത്തിലേക്ക് നയിക്കാം.

Kerala has a year-round market for banana leaves, but a major share of the state’s demand is currently supplied by neighbouring states, especially Tamil Nadu

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com