

ഓഹരി വിപണിയിലേക്ക് കാലെടുത്തു വയ്ക്കാന്‍ പ്രമുഖ മാട്രസ് നിര്‍മാതാക്കളായ ഡ്യൂറോഫ്‌ലക്‌സ്. പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി കമ്പനിയുടെ പേരില്‍ ഉള്‍പ്പെടെ മാറ്റം വരുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 1964ല്‍ ആലപ്പുഴ ആസ്ഥാനമായി സ്ഥാപിതമായ കമ്പനിയാണ് ഡ്യൂറോഫ്‌ലക്‌സ്.
അടുത്ത സാമ്പത്തികവര്‍ഷം കമ്പനിയുടെ ഐപിഒ നടക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ഓഹരികള്‍ക്കൊപ്പം ഓഫര്‍ ഫോര്‍ സെയിലിലൂടെ പ്രമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികളും ലഭ്യമാക്കും.
മാട്രസ് രംഗത്തെ മുന്‍നിര കമ്പനിയാണ് ഡ്യൂറോഫ്‌ലക്‌സ്. 2024-25 സാമ്പത്തികവര്‍ഷം കമ്പനിയുടെ വരുമാനം 1,095.3 കോടി രൂപയായിരുന്നു. ലാഭം 11.2 കോടി രൂപയാണ്. മുന്‍ വര്‍ഷം 15.47 കോടി രൂപ നഷ്ടം നേരിട്ട സ്ഥാനത്തു നിന്നാണ് നേട്ടം കൊയ്തത്.
കമ്പനിയുടെ വരുമാനത്തിന്റെ 85 ശതമാനവും മാട്രസ് വില്പനയില്‍ നിന്നാണ്. മറ്റ് മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡ്യൂറോഫ്‌ലക്‌സ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സോഫ അടക്കമുള്ള മറ്റ് ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനം ഇരട്ടിയാക്കാനാണ് ലക്ഷ്യമെന്ന് സി.ഇ.ഒ ശ്രീധര്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ഡ്യൂറോഫ്‌ലക്‌സിന് നിലവില്‍ 77ലധികം സ്റ്റോറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഈ വര്‍ഷം പുതുതായി 25 സ്‌റ്റോറുകള്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വില്പന ഉയര്‍ത്തുന്നതിനായി കൂടുതല്‍ ഫാക്ടറികള്‍ തുറക്കാനും കമ്പനി തയാറെടുപ്പ് നടത്തുന്നുണ്ട്.
യുകെ, ജര്‍മനി, ദക്ഷിണ കൊറിയ, മലേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളാണ് ഡ്യൂറോഫ്‌ലക്‌സിന്റെ പ്രധാന വിദേശ വിപണികള്‍. ഡ്യൂറോഫ്ലക്സിന്റെ വരുമാനത്തില്‍ 70 ശതമാനവും റീട്ടെയില്‍ ഷോപ്പുകളിലൂടെയാണ് ലഭിക്കുന്നത്. ബാക്കിയുള്ള വില്‍പ്പന കമ്പനിയുടെ തന്നെ സ്റ്റോറുകളും വെബ്സൈറ്റുകളും ഉള്‍പ്പെട്ട ഡി2സി ചാനല്‍ വഴിയാണ് നടക്കുന്നത്.
രാജ്യത്തെ കിടക്ക വിപണി അതിവേഗ വളര്‍ച്ചയിലൂടെയായിരുന്നു പോയിരുന്നത്. എന്നാല്‍ കോവിഡ് കാലത്ത് വില്പന കൂപ്പുകുത്തി. മഹാമാരിക്കു ശേഷം വിപണി കരുത്തോടെ മുന്നേറുന്നുണ്ട്. കൂടുതല്‍ വിദേശ ബ്രാന്‍ഡുകള്‍ മാട്രസ് വിപണി പിടിക്കാന്‍ എത്തുന്നുണ്ട്. ഇതിനൊപ്പം പ്രാദേശികമായി കുറഞ്ഞ വിലയ്ക്ക് വില്ക്കുന്ന കിടക്കകളും വലിയതോതില്‍ വരുമാനം കണ്ടെത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine