

കേരളത്തിന്റെ സംരംഭകാനുകൂല പരിതസ്ഥിതിക്ക് ഗതിവേഗം കൈവരുകയാണ്. വിവിധ വ്യവസായ മേഖലകളില്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപുകള്‍ സ്വന്തം ഇടം ഉറപ്പിക്കുന്നു. അതിലൊന്നാണ് കേരളത്തില്‍ സ്ഥാപിതമായ വിദ്യാഭ്യാസ-സാങ്കേതികവിദ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പായ എഡ്യൂപോര്‍ട്ട്. യുനെസ്‌കോ നയിച്ച ആഗോള വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുത്ത് നിര്‍ണായകമായ ചുവടുവെയ്പ് നടത്തിയിരിക്കുകയാണ് എഡ്യൂപോര്‍ട്ട്.
പഠനത്തിന്റെ ഭാവിയെക്കുറിച്ച സുപ്രധാനമായ സംഭാഷണങ്ങളില്‍ ഇന്ത്യയുടെ ശബ്ദമാണ് ഇതിലൂടെ അവിടെ മുഴങ്ങിയത്. അഡാപ്റ്റ് എ.ഐ രൂപപ്പെടുത്തിയ സംരംഭമാണ് എഡ്യൂപോര്‍ട്ട്. അഞ്ചു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കും നീറ്റ്, ജെ.ഇ.ഇ പരീക്ഷയെഴുതുന്നവര്‍ക്കും തനതായ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പരിതസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയാണ് അഡാപ്റ്റ് എ.ഐ.
എല്ലാറ്റിനും ഉതകുന്ന ഒന്ന് എന്ന പരമ്പരാഗത രീതി വിട്ട് നിര്‍മിത ബുദ്ധി ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് അഡാപ്റ്റ് എ.ഐ ചെയ്യുന്നത്. അതിലൂടെ ഓരോ വിദ്യാര്‍ഥിയുടെയും കഴിവും വെല്ലുവിളികളും വിലയിരുത്തുന്നു. അതിനൊത്ത വിധം പാഠഭാഗങ്ങളില്‍ കൂടുതല്‍ ധാരണ ഉണ്ടാകുന്ന വിധം മികവു കൈവരുത്തുന്നു.
വിദ്യാഭ്യാസ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, നൂതനാശയങ്ങള്‍ മുന്നോട്ടു വെക്കുന്നവര്‍ എന്നിവര്‍ക്കെല്ലാമിടയില്‍ ഇടം ഉറപ്പിക്കാന്‍ യുനെസ്‌കോയിലെ പങ്കാളിത്തത്തിലൂടെ എഡ്യൂപോര്‍ട്ടിന് സാധിച്ചു. ലോകമെങ്ങും അധ്യയന രീതി മാറ്റിയെടുക്കുന്നതില്‍ സാങ്കേതികവിദ്യക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനും എഡ്യൂപോര്‍ട്ടിന് ഇതുവഴി സാധിച്ചു. ഇന്ത്യയിലും പുറത്തുമുള്ള ദശലക്ഷക്കണക്കായ വിദ്യാര്‍ഥികള്‍ വ്യക്തികേന്ദ്രീകൃതമായ പഠന കാര്യത്തില്‍ നേരിടുന്ന വെല്ലുവിളി ലഘൂകരിക്കുകയെന്ന ലക്ഷ്യം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിനും ഈ ആഗോള വേദി വഴി എഡ്യൂപോര്‍ട്ടിന് കഴിഞ്ഞു.
നൂതനമായ വഴികളിലൂടെ സഞ്ചരിക്കുന്ന സംരംഭങ്ങളുടെ കേന്ദ്രമായി കേരളം വളരുന്നതിന്റെ ചിത്രം കൂടിയാണ് എഡ്യൂപോര്‍ട്ട് സമ്മാനിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങളിലൂടെ അറിയപ്പെട്ടിരുന്ന സംസ്ഥാനം ഇപ്പോള്‍ ആഗോള വേദികള്‍ക്ക് അനുസൃതമായ പോംവഴികള്‍ രൂപപ്പെടുത്തുന്ന സ്റ്റാര്‍ട്ടപുകളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. കേരളത്തില്‍ പിറന്ന സംരംഭങ്ങള്‍ക്ക് ആഗോള ശൃംഖലയില്‍ കണ്ണിയാകാനും വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ സംഭാവന ചെയ്യാനും എങ്ങനെയൊക്കെ സാധിക്കുമെന്ന് കാണിച്ചു തരുന്നുണ്ട്, എഡ്യൂപോര്‍ട്ടിന്റെ യുനെസ്‌കോ സാന്നിധ്യം.
സഹകരണ, പങ്കാളിത്തങ്ങള്‍ക്ക് ഈ അംഗീകാരം എഡ്യൂപോര്‍ട്ടിനു മുന്നില്‍ പുതുവഴി തുറക്കുന്നു. വിദ്യാഭ്യാസ സാങ്കേതിക വിദ്യയുടെ ഉപയോക്താവു മാത്രമല്ല, ആഗോളതലത്തില്‍ പ്രസക്തമായ പരിഹാര വഴികളുടെ രൂപകര്‍ത്താക്കള്‍ കൂടിയാണ് കേരളമെന്നു കാണിച്ചു കൊടുക്കാനും ഇതുവഴി കഴിയുന്നു.
വിദ്യാഭ്യാസം ശരിക്കും വ്യക്തികേന്ദ്രീകൃതമാക്കുകയെന്ന ലക്ഷ്യത്തോടെ അതിവേഗം വളരുന്ന എഡ്ടെക്, ഇ-ലേണിംഗ് സേവനദാതാവാണ് അജാസ് മുഹമ്മദ് സ്ഥാപിച്ച എഡ്യൂപോര്‍ട്ട്. ഓരോ വിദ്യാര്‍ഥിയുടെയും പഠനം വ്യത്യസ്തമാണെന്ന ഉത്തമ ബോധ്യത്തോടെ പരമ്പരാഗത വിദ്യാഭ്യാസവും സാങ്കേതിക വിദ്യയുമായുള്ള അകലം കുറച്ചെടുക്കുകയാണ് എഡ്യൂപോര്‍ട്ട് ചെയ്യുന്നത്. ഇതിനായി വ്യക്തിയധിഷ്ഠിത സമീപനങ്ങളെ നവീന ഉപാധികളുമായി കൂട്ടിയിണക്കുന്നു. അതുവഴി ഓരോ പഠിതാവിന്റെയും കഴിവുകള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ അവസരമൊരുക്കുന്നു.
എഡ്യൂപോര്‍ട്ടിന്റെ ആപ് ഡൗണ്‍ലോഡുകള്‍ ഇന്ന് ആറു ലക്ഷം കടന്നിട്ടുണ്ട്. 115 ദശലക്ഷം അധ്യയന മണിക്കൂറുകള്‍ ലഭ്യമാക്കി. പഠിതാക്കള്‍ പ്രതിദിനം ശരാശരി ഏഴു മണിക്കൂറുകള്‍ ചെലവിടുന്ന വിധം മതിപ്പാര്‍ന്ന പ്രവര്‍ത്തനം. പ്രതിമാസം ഒരു ലക്ഷത്തിലേറെയാണ് ആപ് ഉപയോക്താക്കള്‍. കേരളത്തിലെ ഓഫ്ലൈന്‍ കാമ്പസുകളിലും അഞ്ച് റസിഡന്‍ഷ്യല്‍ കാമ്പസുകളിലുമായി രണ്ടായിരത്തിലേറെ വിദ്യാര്‍ഥികളുണ്ട്.
നീറ്റ്, ജെ.ഇ.ഇ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവരുടെയും ഇ-ലേണിംഗ് നടത്തുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെയും വിശ്വസ്ത സ്ഥാപനമായി എഡ്യൂപോര്‍ട്ട് അതിവേഗം വളര്‍ന്നു. ആയിരക്കണക്കിന് കുട്ടികളുടെ പഠന ജീവിതത്തില്‍ ഗണ്യമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞതിലൂടെ പഠനത്തില്‍ മാറ്റത്തിന്റെ ശക്തിയായി, അധ്യയനത്തെ കൂടുതല്‍ പുതുമയുള്ളതാക്കി, കൂടുതല്‍ അവസരങ്ങള്‍ ഉറപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് എഡ്യൂപോര്‍ട്ട്.
Read DhanamOnline in English
Subscribe to Dhanam Magazine