Begin typing your search above and press return to search.
സമുദ്രാന്തർ ഭാഗത്തെ മൈനുകൾ നശിപ്പിക്കാന്‍ ഡ്രോണുകള്‍; ഡി.ആർ.ഡി.ഒയുമായി കരാറൊപ്പിട്ട് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി
കപ്പലുകള്‍ തകർക്കാൻ വെള്ളത്തിനടിയിൽ ശത്രുക്കൾ സ്ഥാപിക്കുന്ന മൈനുകൾ കണ്ടെത്തുന്ന ഡ്രോണുകള്‍ വികസിപ്പിക്കാന്‍ കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ഐറോവിന് കരാര്‍ ലഭിച്ചു. ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ)- എൻ.എസ്.ടി.എ (നേവൽ സയൻസ് ആൻഡ് ടെക്നിക്കൽ ലബോറട്ടറി)യുടെ ലോങ്റേഞ്ച് ആർ.ഒ.വി (Remotely operated underwater vehicle) കരാറിനായുള്ള ധാരണാപത്രത്തില്‍ കമ്പനി ഒപ്പിട്ടു.
രണ്ട് കിലോ മീറ്റര്‍ ദൂരം വരെ സമുദ്രാന്തർ ഭാഗത്ത് നിരീക്ഷണം നടത്താന്‍ ശേഷിയുളള ഡ്രോണുകളാണ് ഐറോവ് വികസിപ്പിക്കുക. സമുദ്രത്തിന്റെ ആഴത്തിൽ ദീർഘദൂരം സഞ്ചരിച്ച് വസ്തുക്കൾ തിരയുക, ഭീഷണിയുള്ള വസ്തുക്കളെ നിർവീര്യമാക്കുക തുടങ്ങിയവ പ്രവര്‍ത്തികളാണ് ഡ്രോണ്‍ ചെയ്യേണ്ടത്. ഇന്ന് വരെ എത്തിപ്പെടാന്‍ സാധിക്കാത്ത ആഴത്തിലുളള വസ്തുക്കളെ കണ്ടെത്താന്‍ സഹായിക്കുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കള്‍ ഡി.ആർ.ഡി.ഒ-ക്കായി വികസിപ്പിക്കാനാണ് ഐറോവിന്റെ ശ്രമം.
കമ്പനി ആരംഭിച്ചത് 2017 ല്‍
ജോൺസ് ടി മത്തായി, കണ്ണപ്പ പളനിയപ്പൻ എന്നിവർ ചേർന്ന് 2017 ലാണ് ഐറോവ് കമ്പനി തുടങ്ങുന്നത്. ജലാന്തർ ഭാഗത്തെ വ്യക്തമായ ദൃശ്യങ്ങളും വിവരശേഖരണവും നടത്താന്‍ സാധിക്കുന്ന കമ്പനിയുടെ ഐറോവ് ട്യൂണ എന്ന ഡ്രോൺ ഇതിനോടകം പല മേഖലകളിലും ഉപയോഗിക്കുന്നുണ്ട്. കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലാണ് ഐറോവ് പ്രവര്‍ത്തിക്കുന്നത്.
ഡി.ആർ.ഡി.ഒ, എൻ.പി.ഒ.എ, ബി.പി.സി.എ, സി.എസ്.ഐ.ആർ, ഇന്ത്യൻ റെയിൽവേ, അദാനി, ടാറ്റ, എൻ.എച്ച്.ഡി.സി, കെ.എൻ.എൻ.എ തുടങ്ങിയ സ്ഥാപനങ്ങൾ ഐറോവ് ട്യൂണയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ ഡ്രോണ്‍ പ്രതിരോധം, ദുരന്തനിവാരണം, അണക്കെട്ടുകൾ, പാലം നിര്‍മാണം, എണ്ണക്കിണറുകൾ, തുറമുഖങ്ങൾ, കപ്പൽ വ്യവസായം തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കുന്നുണ്ട്.
Next Story
Videos