കടമുറിയുണ്ടോ? 227 ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ വാടക കെട്ടിടം തേടി ബെവ്‌കോ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

സംസ്ഥാനത്ത് 227 ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ വാടക കെട്ടിടങ്ങള്‍ തേടി ബിവറേജസ് കോര്‍പറേഷന്‍. താത്പര്യമുള്ള എല്ലാവര്‍ക്കും കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ അവസരം കൊടുക്കുന്നതിന് ബവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും കോര്‍പറേഷന്‍ തുറന്നു. ഈ പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കാവുന്നതാണ്. അധികം വൈകാതെ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ നിങ്ങളെ ബന്ധപ്പെടുമെന്നും ബെവ്‌കോ പറയുന്നു.
സമീപത്തുള്ള ബാങ്കിനോ സര്‍ക്കാര്‍ ഓഫീസിനോ നല്‍കുന്ന വാടക അടിസ്ഥാനമാക്കിയാണ് കെട്ടിടത്തിന്റെ മാസവാടക നിശ്ചയിക്കുന്നത്. എന്നാല്‍ അനുയോജ്യമാണെന്ന് കണ്ടാല്‍ വാടക വര്‍ധിപ്പിക്കാന്‍ കോര്‍പറേഷന്‍ എം.ഡിയ്ക്ക് അധികാരമുണ്ട്. അനുയോജ്യമായ കെട്ടിടമുണ്ടെങ്കില്‍ നിങ്ങള്‍ക്കും
https://bevco.in/bevspace/
എന്ന ലിങ്കിലെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപേക്ഷിക്കാനുള്ള സാങ്കേതിക സഹായം itd@ksbc.co.in എന്ന ഇ-മെയിലിലോ 6238904125 എന്ന നമ്പരിലോ ലഭിക്കുമെന്നും കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്.

പറ്റിയ അവസരം

കടമുറികള്‍ വാടകയ്ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ അവസരമാണിതെന്ന് ബെവ്‌കോ ഉദ്യോഗസ്ഥര്‍ പറയുന്നു. കൃത്യമായ വാടകയും ദീര്‍ഘകാലത്തേക്കുള്ള കരാര്‍ ലഭിക്കുമെന്നതും കെട്ടിട ഉടമകളെ ഇതിലേക്ക് ആകര്‍ഷിക്കും. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കാറില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബെവ്‌കോ എം.ഡി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് വെബ് പോര്‍ട്ടല്‍ നടപ്പിലാക്കിയത്.

പുതിയ ഔട്ട്‌ലെറ്റുകളില്‍ മികച്ച സൗകര്യങ്ങള്‍

നിലവില്‍ കോര്‍പറേഷന് കീഴില്‍ 278 ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്കും അപരിഷ്‌കൃതമായ വരിനില്‍ക്കലും അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി പല തവണ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് മദ്യനയത്തിന്റെ ഭാഗമായി യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ 68 എണ്ണവും പുതുതായി 175 ഔട്ട്‌ലെറ്റുകളും അടക്കം 227 മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ 2022 മേയില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഇതുവരെയായി 16 ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് തുറക്കാനായത്. സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും സെല്‍ഫ് സര്‍വീസ് മാതൃകയില്‍ നവീകരിക്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം. പ്രീമിയം സേവനങ്ങള്‍ അടക്കം മികച്ച സൗകര്യങ്ങളോടെയാകും പുതിയ ഔട്ട്‌ലെറ്റുകളും നിലവില്‍ വരിക.
Related Articles
Next Story
Videos
Share it