ഓവര്‍ സ്പീഡുകാര്‍ക്ക് പണി വരുന്നു, നിരീക്ഷണത്തിന് ജിയോ ഫെന്‍സിംഗ്, ലംഘിച്ചാല്‍ ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റ്

ആക്രി വിറ്റ് കെ.എസ്.ആര്‍.ടി.സി നേടിയത് 39 കോടി, ഒഴിവാക്കിയത് 2,089 ബസുകള്‍
indian traffic , traffic camera
image credit : canva
Published on

കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഇതിനായി വാഹനങ്ങളില്‍ ബാര്‍ കോഡ് പതിപ്പിക്കും. റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് മറികടക്കാന്‍ വാഹനങ്ങള്‍ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കുകയും ചെയ്യും. അമിതവേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകള്‍ വന്ന ലൈസന്‍സുകള്‍ സ്വയം റദ്ദാകും. ഇത് നടപ്പാക്കുന്നതോടെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ തടയാനാകും. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷനു വേണ്ടി ആപ്പ് നിലവില്‍ വരും. ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് നഷ്ടമായാല്‍ തിരികെ ലഭിക്കാനുള്ള നടപടികള്‍ എളുപ്പമാകില്ലെന്നും മന്ത്രി പറഞ്ഞു.

അനാവശ്യ പ്രതിഷേധങ്ങള്‍ അനുവദിക്കില്ല

റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങള്‍, റോഡരികിലെ പാര്‍ക്കിംഗ് എന്നിവ കര്‍ശനമായി തടയുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിച്ചുകൊടുക്കാനാവില്ല. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിച്ചപ്പോഴും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായി. ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റില്‍നിന്ന് ഇപ്പോള്‍ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയില്‍ ടെസ്റ്റ് നടത്താന്‍ തുടങ്ങിയപ്പോഴാണ്. ഡ്രൈവിങ് സ്‌കൂളില്‍ നിന്ന് ഇതുവരെ കെ.എസ്.ആര്‍.ടി.സിക്ക് ഫീസിനത്തില്‍ ലഭിച്ച 46 ലക്ഷം രൂപയില്‍ 11 ലക്ഷം രൂപ ലാഭമാണെന്നും അദ്ദേഹം പറഞ്ഞു.

ആക്രി വിറ്റ് കെ.എസ്.ആര്‍.ടി.സി നേടിയത് 39 കോടി

അതേസമയം, ഉപയോഗ ശൂന്യമായ ബസുകള്‍ വിറ്റ് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സി നേടിയത് 39.78 കോടി രൂപയാണെന്ന് കണക്കുകള്‍. റോഡിലിറക്കാന്‍ സാധിക്കാത്ത 2,089 ബസുകളാണ് ഇങ്ങനെ വിറ്റൊഴിച്ചത്. 1998 മുതല്‍ 2017 വരെ വാങ്ങിയതില്‍ കാലാവധി കഴിഞ്ഞ ബസുകളാണ് ഇതില്‍ കൂടുതലും. അപകടത്തില്‍ തകര്‍ന്ന വാഹനങ്ങളും കൂട്ടത്തിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com