സ്വന്തമായി ആസ്തിയില്ല, വരുമാനവുമില്ല; എന്നിട്ടും ബ്ലാസ്റ്റേഴ്സ് ഉടമകള്‍ ചോദിക്കുന്നത് കോടികള്‍! വാങ്ങാന്‍ വന്നവര്‍ പിന്നോട്ടടിക്കാനുള്ള കാരണം?

കഴിഞ്ഞ സീസണില്‍ മാത്രം 20-30 കോടി രൂപയ്ക്കടുത്തായിരുന്നു ക്ലബിന്റെ നഷ്ടം. മുന്‍ വര്‍ഷങ്ങളില്‍ പ്രകടനം മോശമായിരുന്നതിനാല്‍ ടിക്കറ്റ് കളക്ഷനിലും സ്‌പോണ്‍സര്‍ഷിപ്പിലും കാര്യമായ വരുമാനം കിട്ടിയതുമില്ല.
kerala blasters
Published on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വില്പന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം. കഴിഞ്ഞ സീസണുകളില്‍ അടക്കം കോടികളുടെ നഷ്ടം നേരിടേണ്ടി വന്ന ക്ലബിനെ വിറ്റഴിക്കാനാണ് നിലവിലെ ഉടമകളുടെ ശ്രമം. ക്ലബിനെ ഏറ്റെടുക്കാന്‍ കേരളം ആസ്ഥാനമായ രണ്ടു കമ്പനികള്‍ മുന്നോട്ടു വന്നിരുന്നു. എന്നാല്‍ ഉടമകളായ മാഗ്നം സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് വലിയ തുകയാണ് വില്പനയ്ക്കായി മുന്നോട്ടു വയ്ക്കുന്നത്.

കഴിഞ്ഞ സീസണില്‍ മാത്രം 20-30 കോടി രൂപയ്ക്കടുത്തായിരുന്നു ക്ലബിന്റെ നഷ്ടം. മുന്‍ വര്‍ഷങ്ങളില്‍ പ്രകടനം മോശമായിരുന്നതിനാല്‍ ടിക്കറ്റ് കളക്ഷനിലും സ്‌പോണ്‍സര്‍ഷിപ്പിലും കാര്യമായ വരുമാനം ക്ലബിന് കിട്ടിയതുമില്ല. ഇത്തരമൊരു അവസ്ഥയില്‍ ഉടമകള്‍ വലിയ തുക ആവശ്യപ്പെടുന്നതാണ് വില്പനയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പ്രമുഖ ഐടി കമ്പനിക്കൊപ്പം കേരളത്തിലും വിദേശത്തുമായി ബിസിനസ് സംരംഭങ്ങളുള്ള പ്രവാസി മലയാളിയും ക്ലബിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ സ്വന്തമായി യാതൊരു ആസ്തിയുമില്ലാത്ത ക്ലബിനായി വലിയ തുക ആവശ്യപ്പെടുന്നതാണ് ഇവരെയും പിന്നോട്ടു വലിക്കുന്നത്. നിലവിലെ അവസ്ഥയില്‍ ക്ലബിനെ വാങ്ങിയാലും ഒരു സീസണില്‍ 45-50 കോടി രൂപ ചെലവഴിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. സമീപഭാവിയില്‍ ലാഭത്തിലെത്തുമെന്ന് ഉറപ്പുമില്ല.

അടുത്തിടെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF) ഐഎസ്എല്ലിന്റെ വാണിജ്യാവകാശങ്ങള്‍ ക്ലബുകള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതിന് ബ്ലാസ്റ്റേഴ്‌സിന്റെ കൈമാറ്റ വാര്‍ത്തകള്‍ സജീവമാകുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ മാറ്റങ്ങളോടെ വരാനിരിക്കുന്ന സീസണുകളില്‍ കൂടുതല്‍ വരുമാന സാധ്യതകള്‍ ക്ലബുകള്‍ക്ക് മുന്നില്‍ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ.

വില്പനയില്ലെങ്കില്‍ പ്രതിസന്ധി

പുതിയ ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രവര്‍ത്തനം സ്തംഭിക്കാന്‍ സാധ്യതയുണ്ട്. ചുരുക്കം ചില ജീവനക്കാര്‍ മാത്രമാണ് നിലവില്‍ ക്ലബിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലുള്ളത്. ബാക്കിയുള്ളവരെ നിര്‍ബന്ധിത ശമ്പളരഹിത അവധിയില്‍ വിട്ടിരിക്കുകയാണ്. പലരും മറ്റ് ജോലികളിലേക്ക് മാറി. സെപ്റ്റംബറിലാണ് പുതിയ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്.

മറ്റ് ക്ലബുകളെല്ലാം പുതിയ കളിക്കാരുമായി കരാറൊപ്പ് വയ്ക്കുന്ന തിരക്കിലാണ്. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കുമോയെന്ന കാര്യത്തില്‍ പോലും സംശയം നിലനില്‍ക്കുകയാണ്. പുതിയ ഉടമകളെത്തിയില്ലെങ്കില്‍ ഈ സീസണില്‍ ടീം കളത്തിലുണ്ടാകില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. കളിക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫും പുതിയ താവളങ്ങള്‍ തേടാനുള്ള തയാറെടുപ്പിലാണ്.

Multiple business groups are reportedly exploring the acquisition of Kerala Blasters, but valuation differences and financial losses are complicating the deal

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com