

കേരളം വീണ്ടും കടമെടുപ്പിലേക്ക്. ഈ മാസം 22ന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി 1,000 കോടി രൂപ കൂടി സമാഹരിക്കും. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കടമെടുപ്പെന്നാണ് വിശദീകരണം. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കടമെടുപ്പ് 15,000 കോടി രൂപയായി വര്‍ധിക്കും. ഈ മാസം ഒന്നിന് 2,000 കോടി രൂപ കടമെടുത്തിരുന്നു.
ഇക്കൊല്ലം ഡിസംബര്‍ വരെ 29,529 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന് അനുമതിയുള്ളത്. ഇതില്‍ 15,000 കോടി രൂപ എടുത്തതോടെ ഇനി ബാക്കിയുള്ളത് 14,529 കോടി രൂപയാണ്. ഇനിയും അഞ്ച് മാസക്കാലം ബാക്കിയുണ്ട്. ഓരോ മാസവും ഇനി എടുക്കാനാകുന്നത് ശരാശരി 2,900 കോടി രൂപ മാത്രമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പയില്‍ ജാമ്യം വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി കടമെടുപ്പ് പരിധിയില്‍ 3,000 കോടി രൂപ വെട്ടിക്കുറക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനായി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതോടെ ഡിസംബര്‍ വരെ അനുവദിച്ച മുഴുവന്‍ തുകയും എടുക്കാന്‍ സാധിക്കും.
എന്നാല്‍ ബോണസും ബത്തയും അടക്കം നല്‍കേണ്ടി വരുന്ന ഓണക്കാലത്ത് ചെലവ് വര്‍ധിക്കുമെന്നതിനാല്‍ ഈ തുക മതിയാകുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കഴിഞ്ഞ വര്‍ഷം കേരളത്തിന് ഡിസംബര്‍ വരെ അനുവദിച്ച തുക സെപ്റ്റംബറിന് മുമ്പ് തന്നെ എടുത്തുതീര്‍ത്തിരുന്നു. കൂടുതല്‍ കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കാട്ടി കേന്ദ്രത്തെ സമീപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് 4,200 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇക്കുറിയും കടമെടുപ്പ് പരിധി കഴിഞ്ഞാല്‍ ഓണക്കാലത്ത് എന്തുചെയ്യുമെന്ന ആശങ്കയും ശക്തമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine