

സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുപ്പിലേക്ക്. 16 വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതിനായുള്ള ലേലം റിസര്‍വ് ബാങ്കിന്റെ കോര്‍ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി ഓഗസ്റ്റ് അഞ്ചിന് നടക്കും. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കടമെടുപ്പെന്നാണ് വിശദീകരണം.
ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കടം 18,000 കോടി രൂപയായി വര്‍ധിക്കും. ജൂലൈ 29ന് 2,000 കോടി രൂപ സംസ്ഥാനം കടമെടുത്തിരുന്നു. ഇക്കൊല്ലം ഡിസംബര്‍ വരെ 29,529 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 18,000 കോടി രൂപ എടുത്തതോടെ ഇനി ബാക്കി 11,529 കോടി രൂപ മാത്രമാണ്. ഡിസംബറിലേക്ക് ഇനിയും നാല് മാസം ബാക്കിയുണ്ട്. അതായത് ഓരോ മാസവും ബാക്കി വരുന്നത് 2,800 കോടി രൂപ. ഓരോ മാസവും സംസ്ഥാന സര്‍ക്കാരിന് 3,000 രൂപയെങ്കിലും അധികമായി വേണ്ടി വരുമെന്നാണ് കണക്ക്.
എന്നാല്‍ ഓണക്കാലത്ത് ചെലവ് വര്‍ധിക്കുമെന്നതിനാല്‍ ഈ തുക മതിയാകുമോയെന്ന് സംശയമാണ്. ഓണക്കാലത്ത് ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കുന്ന പതിവുണ്ട്. ഇതിനു പുറമെ, ഉത്സവ ബത്തയും ബോണസും കൂടി വരുന്നതോടെ ചെലവേറും. കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍, ക്ഷേമ പെന്‍ഷന്‍ എന്നിവയും ഇതോടൊപ്പം വിതരണം ചെയ്യണം. ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ വര്‍ഷം കേരളത്തിന് ഡിസംബര്‍ വരെ അനുവദിച്ച തുക സെപ്റ്റംബറിന് മുമ്പ് തന്നെ എടുത്തിരുന്നു. കൂടുതല്‍ കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കാട്ടി കേന്ദ്രത്തെ സമീപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് 4,200 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.
The Kerala government plans to raise ₹1,000 crore from the Reserve Bank of India using the e-Kuber platform, amid growing fiscal needs and revenue challenges in the state.
Read DhanamOnline in English
Subscribe to Dhanam Magazine