₹12,000 കോടി കൂടി കടമെടുക്കാന്‍ കേരളം! മാര്‍ച്ച് കടക്കാന്‍ ഇനിയും വേണം, ₹6,000 കോടി കേന്ദ്രപരിഗണനയില്‍

കേന്ദ്രവുമായി അനുനയത്തിന്റെ പാതയില്‍ കേരളം, കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍
Union Finance Minister Nirmala Sitharaman is holding a meeting with Governor Rajendra Vishwanath Arlekar and Chief Minister Pinarayi Vijayan at Kerala House in New Delhi. K.V. Thomas is also present.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു. കെ.വി തോമസ് സമീപം.
Published on

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ മാര്‍ച്ച് മാസത്തിലെ ചെലവുകള്‍ക്കായി കേരളം 12,000 കോടി രൂപ കൂടി കടമെടുക്കുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് 12,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ എന്നിവര്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അധിക കടമെടുപ്പിന് കേന്ദ്രം അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട കടപ്പത്രങ്ങള്‍ ഈ മാസം 18ന് പുറത്തിറക്കുമെന്നാണ് വിവരം.

ഏത് ഇനത്തില്‍?

12,000 കോടി രൂപയുടെ അധിക വായ്പ അനുമതി ലഭിച്ചെങ്കിലും ഇത് ഏത് ഇനത്തിലാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വൈദ്യുതി പരിഷ്‌ക്കാരങ്ങളുടെ പേരില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.5 ശതമാനം വായ്പയെടുക്കാമെന്ന വ്യവസ്ഥ അനുസരിച്ച് 5,500 കോടി രൂപ വായ്പയെടുക്കാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു കേരളത്തിന്റെ വാദം. കൂടാതെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് 6,000 കോടി രൂപ കൂടി അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഏത് ഇനത്തിലാണ് ഇപ്പോള്‍ വായ്പയെടുക്കാന്‍ അനുവദിച്ചതെന്ന കാര്യം വ്യക്തമല്ല.

ഇക്കൊല്ലത്തെ കടം 54,237 കോടി!

ധന ഉത്തരവാദിത്ത ബജറ്റ് നിര്‍വഹണ നിയമം 2003 അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം വരെയാണ് കടമെടുക്കാന്‍ കഴിയുക. ഇതനുസരിച്ച് കേരളത്തിന് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കടമെടുക്കാനാവുക 40,000 കോടി രൂപയില്‍ താഴെ മാത്രമാണ്. എന്നാല്‍ ഓണക്കാലത്തെ അധിക ചെലവുകള്‍ പരിഗണിച്ച് അനുവദിച്ച 4,200 കോടി രൂപയും ഇപ്പോഴത്തെ 12,000 കോടി രൂപയും ചേര്‍ക്കുമ്പോള്‍ നടപ്പുസാമ്പത്തിക വര്‍ഷത്തെ കടം 54,237 കോടി രൂപയാകും. കേരളത്തിന്റെ സഞ്ചിത കടം 4.81 ലക്ഷം കോടി രൂപയാണ്. ഈ മാസം 11ന് 605 കോടി രൂപ കേരളം കടമെടുത്തിരുന്നു.

മാര്‍ച്ച് കടക്കാന്‍ ഇനിയും വേണം

സാമ്പത്തിക വര്‍ഷത്തെ അവസാന മാസമായ മാര്‍ച്ചിലെ ചെലവുകള്‍ക്കായി 24,000 കോടി രൂപയിലധികം വേണ്ടി വരുമെന്നാണ് ഏകദേശം കണക്ക്. 12,000 കോടി രൂപ ലഭിച്ചതോടെ കേരളത്തിന് വലിയ ആശ്വാസമാകുമെങ്കിലും മാര്‍ച്ചിലെ ചെലവുകള്‍ പൂര്‍ണമായും കണ്ടെത്താന്‍ ഈ തുക മതിയാകില്ലെന്നാണ് വിലയിരുത്തല്‍. സാമൂഹ്യപെന്‍ഷന്‍ വിതരണത്തിന് 820 കോടി രൂപയും കരാറുകാരുടെ കുടിശിക ഇനത്തില്‍ 3,000 കോടിയും പ്ലാന്‍ ഫണ്ടിലേക്കായി 7,500 കോടി രൂപയും ഇനി കണ്ടെത്തേണ്ടതുണ്ട്. കെ.എസ്.എഫ്.ഇ, ബിവറേജസ് കോര്‍പറേഷന്‍ എന്നിവയില്‍ നിന്നും ധനസമാഹരണം നടത്താനും പൊതുമേഖലാ സ്ഥാപനങ്ങളിലെ നീക്കിയിരുപ്പ് ട്രഷറിയിലേക്ക് മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

₹6,000 കോടി കൂടി പരിഗണനയില്‍

അതേസമയം, 12,000 കോടി രൂപയുടെ അധിക വായ്പയ്ക്ക് പുറമെ 6,000 കോടി രൂപ കൂടി കടമെടുക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര പരിഗണനയിലാണെന്നും സൂചനകളുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ധനമന്ത്രാലയത്തിലെ കേരളത്തിന്റെ ഫയലുകള്‍ക്ക് വേഗം കൂടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കേന്ദ്രത്തിനെതിരെ നിയമ നടപടികളുമായി സുപ്രീം കോടതിയിലായിരുന്നു കേരളം. ഒടുവില്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് അവസാന ഗഡുവായി 13,500 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. എന്നാല്‍ ഇത്തവണ പുതിയ ഗവര്‍ണറുടെ നേതൃത്വത്തില്‍ അനുനയത്തിന്റെ പാതയിലാണ് കേരളം. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com