ഇന്ന് കടമെടുക്കും ₹1,920 കോടി! ₹605 കോടിക്ക് കൂടി അനുമതി, ₹5,000 കോടിയുടെ വായ്പക്ക് അര്‍ഹതയുണ്ടെന്ന് കേരളം

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമാണ് കടമെടുപ്പെന്നാണ് സര്‍ക്കാര്‍ വിശദീകരണം
kerala government secretariate , cm pinarayi vijayan, kn balagopal
canva
Published on

ദൈനംദിന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കേരളം ഇന്ന് 1,920 കോടി രൂപ കൂടി കടമെടുക്കും. റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര വഴി 17 വര്‍ഷത്തെ കാലാവധിയില്‍ കടപ്പത്രങ്ങള്‍ ഇറക്കിയാണ് കടമെടുപ്പ്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമാണ് കടമെടുപ്പെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതോടെ കേരളത്തിന്റെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ പൊതുകടം 41,632 കോടി രൂപയായി വര്‍ധിക്കും. ഈ മാസം നാലിന് കേരളം 3,000 കോടി രൂപ കടമെടുത്തിരുന്നു. സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിരൂപയാണ്.

605 കോടി രൂപക്ക് കൂടി അനുമതി

കേരളത്തിന് പൊതുവിപണിയില്‍ നിന്നും 605 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിന് വേണ്ടിയുള്ള കടപ്പത്രങ്ങള്‍ പുറത്തിറക്കുമെന്നാണ് വിവരം. മാര്‍ച്ച് മാസങ്ങളില്‍ സംസ്ഥാനത്തിന്റെ ചെലവഴിക്കല്‍ വര്‍ധിക്കുന്നതാണ് പതിവ്. അങ്ങനെയെങ്കില്‍ ഈ മാര്‍ച്ചില്‍ കൂടുതല്‍ പണം ആവശ്യമായി വരും. സംസ്ഥാനത്തിന് ഇനിയും 5,000 കോടി രൂപയെങ്കിലും കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്നാണ് കേരളത്തിന്റെ വാദം. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാര്‍ച്ചിലെ പ്രതിസന്ധി മറികടക്കാമെന്നും കേരളം കരുതുന്നു.

സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ പദ്ധതി ചെലവുകള്‍ പകുതിയായി വെട്ടിക്കുറക്കാനും അത്യാവശ്യമില്ലാത്തവ നിര്‍ത്തി വെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നിട്ടും സാമ്പത്തിക പ്രതിസന്ധി തുടരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 38,886.91 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ അനുവദിച്ചെങ്കിലും 48.48 ശതമാനം മാത്രമാണ് വിനിയോഗിക്കാനായത്.

17 സംസ്ഥാനങ്ങള്‍, 41,054 കോടി

കേരളത്തിന് പുറമെ 17 സംസ്ഥാനങ്ങള്‍ ഇ-കുബേര സംവിധാനം വഴി ഇന്ന് കടമെടുക്കുന്നത് 41,504 കോടി രൂപയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ 5,000 കോടി രൂപ വീതവും രാജസ്ഥാന്‍ 4,500 കോടിയും ഒഡിഷ, ഉത്തര്‍പ്രദേശ് 3,000 കോടി വീതവുമാണ് കടമെടുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com