92ാം ദിവസം കേരളത്തിന്റെ കടം ₹14,000 കോടി! പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ 2,000 കോടി കൂടിയെടുക്കുന്നു, ബജറ്റിന് പുറത്തുള്ള കടമെടുപ്പ് കുത്തനെയിടിഞ്ഞു

ഡിസംബര്‍ വരെ 29,529 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്
finance minister Nirmala Sitharaman , kerala Finance Minister KN Balagopal Debt financial crisis symbolic background
canva, Facebook / KN Balaghopal , Nirmala Sitharaman
Published on

സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുപ്പിലേക്ക്. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങള്‍ക്കുള്ള പണം ഉറപ്പാക്കാന്‍ ജൂലൈ ഒന്നിന് 2,000 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതിന് വേണ്ടിയുള്ള കടപ്പത്രങ്ങളുടെ ലേലം റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി നടക്കും. 33 വര്‍ഷത്തെ കാലാവധിയിലാണ് കടമെടുപ്പ്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കടമെടുക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം.

കടം 14,000 കോടി!

ജൂലൈ ഒന്നിന് 2,000 കോടി രൂപ കൂടി കടമെടുക്കുന്നതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ പൊതുകടം 14,000 കോടി രൂപയായി വര്‍ധിക്കും. ഡിസംബര്‍ വരെ 29,529 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ഇനി ബാക്കിയുള്ളത് 15,529 കോടി രൂപ മാത്രമാണ്. ഡിസംബര്‍ വരെ ആറുമാസത്തോളം ബാക്കിയുള്ളതിനാല്‍ ഇനി ഒരു മാസം ശരാശരി കടമെടുക്കാവുന്നത് 2,588 കോടി രൂപ വീതം മാത്രമാണ്. മെയ്, ജൂണ്‍ മാസങ്ങളില്‍ 5,000 കോടി രൂപ വീതവും ഏപ്രിലില്‍ 2,000 കോടി രൂപയും കേരളം കടമെടുത്തിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പയില്‍ ജാമ്യം നിന്നതിന് 3,000 കോടി രൂപ വെട്ടിക്കുറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് കൂടി ചേര്‍ത്താല്‍ കേരളത്തിന് പ്രതിമാസം കടമെടുക്കാവുന്ന തുക ശരാശരി 2,088 രൂപയായിരിക്കുമെന്നും കണക്കുകള്‍ പറയുന്നു.

18,100 കോടി വേണം

കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങള്‍ ജൂലൈ ഒന്നിന് കടമെടുക്കുന്നത് 18,100 കോടി രൂപയാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 6,000 കോടി രൂപ കടമെടുക്കുന്ന മഹാരാഷ്ട്രയാണ് ഇക്കൂട്ടത്തില്‍ മുന്നിലുള്ളത്. ആന്ധ്രപ്രദേശ് 2,000 കോടി രൂപയും അസം 900 കോടിും ഗുജറാത്ത് 1,000 കോടിയും ഹിമാചല്‍ പ്രദേശ് 1,200 കോടിയും രാജസ്ഥാന്‍ 500 കോടിയും തമിഴ്നാട് 2,000 കോടിയും തെലങ്കാന 1,500 കോടിയും പശ്ചിമ ബംഗാള്‍ 1,000 കോടി രൂപയും കടമെടുക്കുന്നുണ്ട്.

ബജറ്റിന് പുറത്തുള്ളത് കുറഞ്ഞു

അതേസമയം, ബജറ്റിന് പുറത്തുള്ള കേരളത്തിന്റെ കടമെടുപ്പ് കുത്തനെ കുറഞ്ഞതായും ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6,708.91 കോടി രൂപയായിരുന്നു ഈയിനത്തില്‍ കേരളത്തിന്റെ കടം. 2023-24 വര്‍ഷത്തില്‍ ഇത് 4,687.79 കോടി രൂപയായും 2024-25 വര്‍ഷത്തില്‍ 983.09 കോടി രൂപയായും കുറഞ്ഞു. സംസ്ഥാനത്തിന്റെ മികച്ച ധനകാര്യ മാനേജ്‌മെന്റിന്റെ ഉദാഹരണമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Kerala plans to raise ₹2,000 crore through an RBI E-Kuber bond auction to cover pensions, salaries, and welfare expenses—part of its ₹10,000 cr debt taken since April amid ongoing fiscal tightening.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com