

ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ദൈനംദിന ചെലവുകള്‍ക്കായി കേരളം 605 കോടി രൂപ കൂടി കടമെടുക്കുന്നു. കടപ്പത്രങ്ങളുടെ ലേലം റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര വഴി മാര്‍ച്ച് 11ന് നടക്കും. പൊതുവിപണിയില്‍ നിന്നും 605 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം കേരളത്തിന് അനുമതി നല്‍കിയിരുന്നു. ഇതോടെ ഇക്കൊല്ലത്തെ കേരളത്തിന്റെ കടം 42,237 കോടി രൂപയായി വര്‍ധിച്ചു.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായ മാര്‍ച്ചിലെ ചെലവുകള്‍ക്കായി ഏകദേശം 24,000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ 6,600 കോടി, ക്ഷേമപെന്‍ഷന് 820 കോടി, വായ്പ, പലിശ ഇനത്തില്‍ 6,200 കോടി, ദൈനദിന ചെലവുകള്‍ക്കായി 4,000 കോടി, പ്ലാന്‍ ഫണ്ടിലേക്കായി 7,000 കോടി എന്നിങ്ങനെയാണ് മാര്‍ച്ചില്‍ സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്. നികുതിയേതര വരുമാന ഇനത്തില്‍ 19,000 കോടിയോളം രൂപ കേരളത്തിന് മാര്‍ച്ചില്‍ വരുമാനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ബാക്കി തുക കടമെടുപ്പിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരളം.
കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ കുറച്ചാണ് ഇക്കൊല്ലവും കേരളത്തിന്റെ വായ്പാ പരിധി നിശ്ചയിച്ചത്. എന്നാല്‍ സംസ്ഥാനത്തിന് കൂടുതല്‍ കടമെടുക്കാനുള്ള അര്‍ഹതയുണ്ടെന്നാണ് കേരളത്തിന്റെ വാദം. മാര്‍ച്ച് മാസത്തിലെ പ്രതിസന്ധി മറികടക്കാനായി 15,000 കോടി രൂപ കൂടി കടമെടുക്കാനുള്ള അനുമതിക്കായി കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ട്രഷറിയിലെ നീക്കിയിരുപ്പ് ഈടുവച്ച് 10,000 കോടിയും വൈദ്യുതി നഷ്ടംനികത്തുന്നതുമായി ബന്ധപ്പെട്ട് 5,500 കോടിയും കടമെടുക്കാനാകുമെന്നാണ് കേരളം കരുതുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ട്രഷറി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും.
Read DhanamOnline in English
Subscribe to Dhanam Magazine