എങ്ങനെ തിരിച്ചടക്കും? ഭാരം ആരുടെ തലയില്‍? പിടിയില്‍ നില്‍ക്കാതെ കേരളത്തിന്റെ പൊതുകടം, ഇക്കൊല്ലം എടുക്കുന്നത് ₹40,000 കോടി

വൈദ്യുതി മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ക്ക് ₹7,135 കോടി കൂടി കിട്ടിയാല്‍ കടം ₹47,000 കോടിയിലേക്ക്
kerala chief minister pinarayi vijayan on the left, minister cn balagopal on the right , kerala governement secretariate on background
Facebook / Pinarayi Vijayan, KN Balagopal
Published on

കേരളത്തിന് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ (2025-26) 39,876 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. വൈദ്യുതി മേഖലയില്‍ വരുത്തിയ പരിഷ്‌ക്കാരങ്ങളുടെ പേരില്‍ 7,135 കോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ട്. അങ്ങനെ വന്നാല്‍ ഇക്കൊല്ലത്തെ കടപരിധി 47,011 കോടി രൂപയായി വര്‍ധിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് 37,512 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും 54,000 കോടി രൂപയോളമാണ് പല ഘട്ടങ്ങളിലായി എടുത്തത്.

സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) പരമാവധി മൂന്ന് ശതമാനം വരെയാണ് കടമെടുക്കാന്‍ അനുവദിക്കാറുള്ളത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ ജി.എസ്.ഡി.പി 14,27,145 കോടി രൂപയാണ്. ഇതിന്റെ മൂന്ന് ശതമാനമായ 42,814 കോടി രൂപ കടമെടുക്കാനാണ് കേരളം കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയത്. എന്നാല്‍ കേരളം ആവശ്യപ്പെട്ടതില്‍ നിന്നും 2,938 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വെട്ടി. തുടര്‍ന്നാണ് 39,876 കോടി രൂപയിലെത്തിയത്. ഇതില്‍ നിന്നും 2,000 കോടി രൂപ അടുത്ത ദിവസങ്ങളില്‍ തന്നെ കേരളം പൊതുവിപണിയില്‍ നിന്നും കടമെടുക്കുമെന്നാണ് വിവരം.

കെ.എസ്.ഇ.ബിയുടെ കടം ഏറ്റെടുത്താലും കിട്ടും

ഇത് കൂടാതെ വൈദ്യുതി ബോര്‍ഡിന്റെ നഷ്ടത്തിന്റെ 90 ശതമാനം ഏറ്റെടുത്താല്‍ ജി.എസ്.ഡി.പിയുടെ അരശതമാനം കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കും. ഇതനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെ.എസ്.ഇ.ബിയുടെ 534.21 കോടിയുടെ നഷ്ടത്തിന്റെ 90 ശതമാനമായ 494.28 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ 6,250 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ഇക്കൊല്ലവും സമാനമായ രീതിയില്‍ കടമെടുക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. അതേസമയം, കഴിഞ്ഞ തവണ കെ.എസ്.ഇ.ബിയുടെ കടം ഏറ്റെടുത്ത വകയില്‍ നിക്ഷേപിച്ച തുക ട്രഷറിയില്‍ നിന്നും സര്‍ക്കാര്‍ തന്നെ തിരിച്ചെടുത്തതായും ആക്ഷേപമുണ്ട്.

പൊതുകടം കുതിക്കുന്നു

അതേസമയം, കേരളത്തിന്റെ സഞ്ചിത കടം കുതിക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2025-26 സംസ്ഥാന ബജറ്റ് അനുസരിച്ച് സര്‍ക്കാരിന്റെ സഞ്ചിതകടം 4,81,997.62 കോടി രൂപയാണ്. കേന്ദ്ര അനുമതി കിട്ടിയ 46,000 കോടിയും മറ്റ് ബാധ്യതകളും കൂടി ചേര്‍ക്കുമ്പോള്‍ മൊത്തകടം 6 ലക്ഷം കോടി രൂപയോളമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുമാസം ദൈനംദിന ചെലവുകള്‍ക്കായി ശരാശരി 15,000 കോടി രൂപയാണ് കേരളത്തിന് ചെലവാകുന്നത്. ഇതില്‍ 12,000 കോടി രൂപ സംസ്ഥാനത്തിന് വിവിധ വരുമാന മാര്‍ഗങ്ങളിലൂടെ ലഭിക്കും. ബാക്കി തുക കടമെടുപ്പിലൂടെയും മറ്റുമാണ് കണ്ടെത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പകരം മുന്‍പ് എടുത്ത കടത്തിന്റെ പലിശ അടക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com