വേണ്ടത് 35,000 കോടിയിലേറെ, കേരളത്തിന്റെ കടമെടുപ്പില്‍ കേന്ദ്രത്തിന്റെ കടുംവെട്ട്! 5,944 കോടിയുടെ കുറവ്

ക്ഷേമപെന്‍ഷന്‍ 2,000 രൂപയായി വര്‍ധിപ്പിച്ചതിനാല്‍ പെന്‍ഷന്‍ വിതരണത്തിന് കൂടുതല്‍ തുകയും വേണ്ടി വരും
finance minister Nirmala Sitharaman , kerala Finance Minister KN Balagopal Debt financial crisis symbolic background
canva, Facebook / KN Balaghopal , Nirmala Sitharaman
Published on

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ ഇരിക്കെയാണ് തിരിച്ചടി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്) അനുവദിച്ചിരുന്ന കടമെടുപ്പ് പരിധിയാണ് വെട്ടിക്കുറച്ചത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെ 12,515 കോടി രൂപയാണ് കടമെടുക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഇതില്‍ 5,944 കോടി രൂപയുടെ കുറവ് വരുത്തി കേന്ദ്രധനമന്ത്രാലയം കത്തുനല്‍കി. ഇനി ബാക്കിയുള്ളത് 5,672 കോടി രൂപ മാത്രം. അതായത് ഒരു മാസം ശരാശരി കടമെടുക്കാന്‍ കഴിയുന്നത് ശരാശരി 2,200 കോടി രൂപയോളം മാത്രമാണ്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും നേരത്തെ എടുത്ത വായ്പ സംസ്ഥാനത്തിന്റെ മൊത്ത കടത്തില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രനടപടി. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരുന്നു.

അവസാന മാസങ്ങളില്‍ ശമ്പളം മുടങ്ങും?

നികുതി വരുമാനത്തിന് പുറമെ 2,000 കോടി രൂപയോളം കേരളത്തിന് ഓരോ മാസവും അധികമായി ചെലവാകാറുണ്ട്. കടമെടുപ്പിലൂടെയാണ് സംസ്ഥാനം ഇത് കണ്ടെത്തുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കരാറുകാര്‍ക്കും മറ്റും ബില്ല് മാറി നല്‍കേണ്ടതിനാല്‍ ചെലവ് കുത്തനെ ഉയരും. അവസാന പാദത്തില്‍ കരാറുകാര്‍ക്കും മറ്റുമായി 20,000 കോടി രൂപ നല്‍കേണ്ടി വരും. ശമ്പളവും പെന്‍ഷനും നല്‍കാന്‍ 15,000 കോടി രൂപ വേറെയും വേണ്ടിവരും. ക്ഷേമപെന്‍ഷന്‍ 2,000 രൂപയായി വര്‍ധിപ്പിച്ചതിനാല്‍ പെന്‍ഷന്‍ വിതരണത്തിന് കൂടുതല്‍ തുകയും വേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

കടമെടുപ്പ് ഇങ്ങനെ

സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം വരെയാണ് കടമെടുക്കാന്‍ അനുമതിയുള്ളത്. കേരളത്തിന്റെ നിലവിലെ ജി.എസ്.ഡി.പി 14,27,145 കോടി രൂപയാണ്. ഇതനുസരിച്ച് 42,814 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാനായിരുന്നു കേരളം ആവശ്യപ്പെട്ടത്. ഇതില്‍ 29,529 കോടി രൂപ ഡിസംബര്‍ വരെയും ബാക്കി തുടര്‍ മാസങ്ങളിലുമായിരുന്നു കടമെടുക്കാന്‍ അനുമതി. നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കടമെടുപ്പിലെ ജാമ്യവ്യവസ്ഥകളുടെ പേരില്‍ 3,300 കോടി രൂപ കൂടി കേന്ദ്രം തടഞ്ഞിരുന്നു. ഇതിന് തടയിടാന്‍ റിഡംപ്ഷന്‍ ഫണ്ട് രൂപീകരിച്ചെങ്കിലും കേന്ദ്ര അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

The Union government has reduced Kerala’s borrowing limit by ₹5,944 crore for the final quarter of the financial year, raising concerns over salaries, pensions and pending payments.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com