ഡിസംബര്‍ വരെ കേരളത്തിന് ₹29,529 കോടി കടമെടുക്കാം, ഇത്തവണയും കേന്ദ്രവെട്ട്! അതിനിടയില്‍ ₹2,000 കോടി കൂടി കടമെടുക്കുന്നു

കഴിഞ്ഞ വര്‍ഷവും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരുന്നു
finance minister Nirmala Sitharaman , kerala Finance Minister KN Balagopal Debt financial crisis symbolic background
canva, Facebook / KN Balaghopal , Nirmala Sitharaman
Published on

സംസ്ഥാന സര്‍ക്കാരിന് നടപ്പു കലണ്ടര്‍ വര്‍ഷത്തില്‍ (ഇക്കൊല്ലം ഡിസംബര്‍ വരെ) 29,529 കോടി രൂപ വരെ കടമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം 21,521 കോടി രൂപയാണ് ഡിസംബര്‍ വരെ കടമെടുക്കാന്‍ അനുവദിച്ചിരുന്നത്. ഇത്തവണ 8,000 കോടി രൂപയോളം കൂടുതലുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ ഇതിന് പിന്നാലെ കടമെടുപ്പ് പരിധിയില്‍ നിന്നും 3,300 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കടമെടുപ്പിന് സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരന്റിക്ക് റിഡംപ്ഷന്‍ ഫണ്ട് രൂപീകരിച്ചില്ലെന്നതാണ് കാരണം. ഫണ്ട് രൂപീകരിച്ച് ഇതിലേക്ക് 600 കോടി രൂപ നിക്ഷേപിച്ചാല്‍ 3,300 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കുമെന്നാണ് കേന്ദ്ര നിലപാട്. കഴിഞ്ഞ വര്‍ഷങ്ങളിലും കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കിഫ്ബി, പെന്‍ഷന്‍ കമ്പനികളുടെ വായ്പ ചൂണ്ടിക്കാട്ടിയായിരുന്നു വെട്ടിക്കുറക്കല്‍.

എന്താണ് ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് (ജി.ആര്‍.എഫ്)

പൊതുമേഖലാ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് വായ്പയെടുക്കുന്നത്. സ്ഥാപനങ്ങള്‍ പണം തിരിച്ചടച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഈ തുക നല്‍കണമെന്നതാണ് വ്യവസ്ഥ. ഇതിനായി വായ്പയെടുത്ത തുകയുടെ അഞ്ച് ശതമാനം സര്‍ക്കാര്‍ ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടില്‍ (ജി.ആര്‍.എഫ്) സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. നിലവില്‍ 600 കോടി രൂപയെങ്കിലും ഈ ഫണ്ടില്‍ സര്‍ക്കാര്‍ ചേര്‍ക്കേണ്ടി വരും. 61 സ്ഥാപനങ്ങള്‍ക്കായി നിലവില്‍ 40,000 കോടി രൂപയുടെ ഗ്യാരന്റി സര്‍ക്കാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

2,000 കോടി കടമെടുക്കും

അതിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ 2,000 കോടി രൂപ കൂടി പൊതുവിപണിയില്‍ നിന്നും കടമെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട കടപ്പത്രങ്ങളുടെ ലേലം മെയ് 20ന് റിസര്‍വ് ബാങ്കിന്റെ കോര്‍ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി നടക്കും. 22 വര്‍ഷ കാലാവധിയിലാണ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നത്. ഇതോടെ ഇക്കൊല്ലത്തെ കടം 5,000 കോടി രൂപയാകും. കഴിഞ്ഞ മാസം 2,000 കോടി രൂപയും മെയ് ആദ്യത്തില്‍ 1,000 കോടി രൂപയും കേരളം കടമെടുത്തിരുന്നു. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് 14,800 കോടി രൂപയാണ് കടമെടുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com