രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട ബജറ്റ്; പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് (Kerala Budget 2022)പേപ്പര്‍ രഹിതമായിരുന്നു. രണ്ട് മണിക്കൂര്‍ പതിനഞ്ച് മിനിട്ട് നീണ്ട ബജറ്റ് പ്രസംഗത്തില്‍ കേരളത്തിന്റെ സമഗ്രവികസനത്തിന്റെ സമ്പൂര്‍ണ പാക്കേജുകളാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ബജറ്റ് കഴിയും വരെയുണ്ടായിരുന്ന പ്രതീക്ഷകളെ കാറ്റില്‍ പറത്തി ജനക്ഷേമ പദ്ധതികള്‍ക്കൊന്നും തന്നെ ബജറ്റില്‍ ഇടമുണ്ടായിരുന്നില്ല.

ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സമാധാന പ്രവര്‍ത്തകരെയും ചിന്തകരെയും സംഘടിപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനും സമാധാന പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകരുന്നതിനുമായി രണ്ടുകോടി നീക്കിവെക്കുന്നു എന്നതായിരുന്നു 2022-23 സാമ്പത്തികവര്‍ഷത്തെ ബജറ്റിലെ ആദ്യപ്രഖ്യാപനം.
'ലോംഗ് ഇക്കണോമിക' കോവിഡിനെ പരാമര്‍ശിക്കുകയും ചെയ്തു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചത്. ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഐടി പാര്‍ക്കുകള്‍ക്കും ബജറ്റില്‍ വേണ്ട പ്രാധാന്യം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ മൂല്യവര്‍ധിത ഉത്പാദനം സാധ്യമാക്കുക എന്നൊരു ലക്ഷ്യവും ബജറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്.
പഴവര്‍ഗങ്ങളില്‍നിന്നും കാര്‍ഷിക ഉല്‍പന്നങ്ങളില്‍നിന്നും എഥനോള്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുകയും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ബജറ്റ് പറയുന്നുണ്ട്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ മരച്ചീനിയില്‍നിന്ന് എഥനോളും മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ടുകോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
ഐടി ഇടനാഴികള്‍
ഐ.ടി. ഇടനാഴികളുടെ വിപുലീകരണം പ്രതിപാദിച്ചിട്ടുണ്ട്. നാലുവരിപ്പാതയായി വികസനത്തിനൊപ്പം ദേശീയപാത 66-ന് സമാന്തരമായി നാല് ഐ.ടി. ഇടനാഴികളുടെ സ്ഥാപനം, കണ്ണൂരിലും കൊല്ലത്തും പുതിയ ഐ.ടി. പാര്‍ക്കുകള്‍ തുടങ്ങിയവ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോഴുള്ള ഐ.ടി. പാര്‍ക്കുകളില്‍ രണ്ടുലക്ഷം പുതിയ തൊഴില്‍ അവസരങ്ങളെങ്കിലും സൃഷ്ടിക്കപ്പെടും. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി വഴി 100 കോടി രൂപ അനുവദിക്കും.
ആയിരം കോടി രൂപ മുതല്‍മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സമീപമാകും ഇത്. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗോള ശാസ്ത്രോത്സവം സംഘടിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
കാലവസ്ഥാ വ്യതിയാനത്തിനായി പ്രത്യേക പാക്കേജ്
തീരപ്രദേശങ്ങളെ മണ്ണൊലിപ്പില്‍നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍നിന്നും സംരക്ഷിക്കാനുള്ള പുതിയ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മനുഷ്യ-വന്യമൃഗ സംഘര്‍ഷ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്താന്‍ 25 കോടി വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 7 കോടി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കാനാണ്.
വ്യവസായ മേഖലയ്ക്കു വേണ്ടിയുള്ള പ്രഖ്യാപനത്തില്‍ ഏറ്റവും ശ്രദ്ധേയം, ഇലക്ട്രോണിക്സ് ആന്‍ഡ് ഹാര്‍ഡ് വെയര്‍ ടെക്നോളജീസ് ഹബ് സ്ഥാപിക്കുന്നതിന് 28 കോടി രൂപ വകയിരുത്തിയതാണ്. ചെറുകിട ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്ക് വിവിധങ്ങളായ സഹായങ്ങള്‍ അനുവദിക്കുന്നതിന് 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കയര്‍വ്യവസായ മേഖലയ്ക്ക് വകയിരുത്തിയ തുക 117 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്.
ഗതാഗതം, വിനോദ സഞ്ചാരം
മുന്‍വര്‍ഷത്തെ 1444.25 കോടിയില്‍നിന്ന് 1788.67 കോടിയായി ഗതാഗത മേഖലയ്ക്ക് പാക്കേജ് ഉയര്‍ത്തിയിട്ടുണ്ട്. വിഴിഞ്ഞം കാര്‍ഗോ വികസനം, തങ്കശ്ശേരി തുറമുഖം എന്നിവയുടെ വികസനത്തിന് 10 കോടി രൂപവീതം വകയിരുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. പുനരുജ്ജീവനത്തിന് 1000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കെ റെയില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് വേണ്ടി കിഫ്ബിയില്‍നിന്ന് 2,000 കോടി രൂപ അനുവദിക്കുമെന്നും ബജറ്റ് പറയുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യോമമാര്‍ഗം എത്താനുള്ള പദ്ധതിക്കായി 20 മുതല്‍ 40 സീറ്റുവരെയുള്ള വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഡ്രോണ്‍ അധിഷ്ഠിത ഗതാഗതം എന്നിവയ്ക്കായി എയര്‍ സ്ട്രിപ്പുകളുടെ ശൃംഖല സ്ഥാപിക്കും. വിനോദസഞ്ചാര ഹബ്ബുകള്‍, ഡെസ്റ്റിനേഷന്‍ ചലഞ്ച് പോലെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രാവര്‍ത്തികമാക്കാനായി 362.15 കോടി രൂപ നീക്കി വെച്ചിട്ടുമുണ്ട്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് 12 സ്ഥലങ്ങളില്‍ നടത്തുന്നതിനായി 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ ലാറ്റിന്‍അമേരിക്കയ്ക്ക് സ്വാധീനമുണ്ട്. ഇതിന്റെ ഭാഗമായി ലാറ്റിന്‍ അമേരിക്കന്‍ സെന്ററിന്റെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍പദ്ധതികള്‍ക്കുമായി രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പിന്നോക്കക്കാരുടെ ഭൂമി, പാര്‍പ്പിടം മറ്റു വികസന പദ്ധതികള്‍ എന്നിവയ്ക്കായി 1935.38 കോടിയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ ജെന്‍ഡര്‍ ബജറ്റിനായുള്ള അടങ്കല്‍ 4665.20 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അംഗനവാടി കുട്ടികളുടെ പോഷകാഹാരം മെച്ചപ്പെടുത്താന്‍ അവര്‍ക്കു വേണ്ടിയുള്ള മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തും.
ക്ഷേമ പെന്‍ഷനെ തഴഞ്ഞു



ഇത്തവണത്തെ ബജറ്റില്‍ ആശ്വാസമാകുന്ന മറ്റൊരു കാര്യം നികുതികളില്‍ വന്‍ വര്‍ധനവ് വരുത്തിയിട്ടില്ല എന്നതാണ്. അതേസമയം ഭൂമിയുടെ ന്യായവില 10% കൂട്ടി, ഭൂനികുതി സ്ലാബുകള്‍ പരിഷ്‌കരിക്കും ഭൂമിയുടെ ന്യായവില 10% കൂട്ടി, ഭൂനികുതി സ്ലാബുകള്‍ പരിഷ്‌കരിക്കുമെന്നും പ്രഖ്യാപനം വന്നിട്ടുണ്ട്. ഭൂമിയുടെ ന്യായവില ഉയര്‍ത്തിയും മോട്ടോര്‍ നികുതി പരിഷ്‌ക്കരിച്ചും 602 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇത്തവണ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക ഉയര്‍ത്തിയില്ല. വിലക്കയറ്റത്തിന്റെ ആഘാതം കുറക്കാന്‍ 2000 കോടി ചെലവഴിക്കും.
ക്ഷേമപദ്ധതിക്കായി യാതൊന്നും വകയിരുത്തിയില്ല ഇത്തവണത്തെ ബജറ്റില്‍. രണ്ടാം പിണറായി സര്‍ക്കാരിനെ തുണച്ചത് പെന്‍ഷന്‍ ഫണ്ടുകളും കിറ്റുകളും മറ്റും കൂടിയാണെന്നത് മറന്നിട്ടാണോ സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ നിന്നും ജനക്ഷേമ പദ്ധതികളിലേക്കുള്ള തുക കുറച്ചതെന്നാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകളില്‍ കാണാനാകുന്ന ചോദ്യം.
2026 ആകുമ്പേഴെക്കും 2500 ആക്കി ഉയര്‍ത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിലനില്‍ക്കുമ്പോഴും ഇത്തവണ സര്‍ക്കാര്‍ ഇടവേളയെടുത്തു. യുദ്ധത്തിന്റെ ആഘാതം വിലക്കയറ്റത്തിലേക്ക് എത്തുമെന്ന വിലയിരുത്തലില്‍ ഭക്ഷ്യസുരക്ഷ അടക്കം ഉറപ്പാക്കാന്‍ 2000കോടി ബജറ്റില്‍ നീക്കുവച്ചു. വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കാന്‍ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകളും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
1,57,000 കോടിയിലേറെ റവന്യു ചെലവ് കണക്കാക്കുമ്പോഴും നികുതി പരിഷ്‌ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത് അധിക വരുമാനം 602 കോടി മാത്രമാണ്. ഭൂമിയുടെ ന്യായവില ഉയര്‍ത്തലാണ് പ്രധാന തീരുമാനം. പതിനഞ്ച് ശതമാനം വര്‍ധനവുണ്ടാകുമെന്ന വിലയിരുത്തലുകളിലും ന്യായവിലയില്‍ സര്‍ക്കാര്‍ കൂട്ടിയത് പത്ത് ശതമാനം.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഒരെക്കറിന് മുകളില്‍ സ്ലാബ് ഏര്‍പ്പെടുത്തി. അടിസ്ഥാന ഭൂനികുതി പരിഷ്‌ക്കരിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ വാഹന നികുതി ഒരു ശതമാനം കൂട്ടി. പതിനഞ്ച് വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം ഉയര്‍ത്തി. ഡീസല്‍ വാഹനങ്ങള്‍ക്കും ഹരിത നികുതി ചുമത്തും.
പ്രളയ സെസ് അധികമായി അടച്ചുപോയവര്‍ക്ക് പണം തിരകെ നല്‍കുന്നതിനായി നിയമത്തില്‍ ഭേദഗതി വരുത്തുന്നതും ആശ്വാസ നടപടിയാകും. ജിഎസ്ടിയുടെ കാലത്ത് നികുതി അവകാശങ്ങള്‍ കുറഞ്ഞതോടെ സാധാരണ നിലയില്‍ സര്‍ക്കാര്‍ കൈവയ്ക്കുന്നത് ഇന്ധനത്തിലും മദ്യത്തിലുമാണ്. എന്നാല്‍ ഇവ രണ്ടിലും ഇത്തവണ നികുതി വര്‍ധനവില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it