

കേരളത്തില്‍ പോത്തിറച്ചി വില ഓരോ മാസവും വര്‍ധിക്കുകയാണ്. ലഭ്യതക്കുറവും കൂടിയ ഡിമാന്‍ഡും പോത്തിറച്ചിയെ വിപണിയിലെ വിലയേറിയ വിഭവമാക്കി മാറ്റിയിരിക്കുന്നു. ഒരുകാലത്ത് കേരളത്തിലെ ഗ്രാമങ്ങളില്‍ പോത്തുവളര്‍ത്തല്‍ വ്യാപകമായിരുന്നു. എന്നാലിന്ന് ആവശ്യകതയുടെ 90 ശതമാനവും അതിര്‍ത്തി കടന്നെത്തുകയാണ്.
കേരളത്തിലെ ബീഫ് ആവശ്യകതയുടെ വലിയൊരു പങ്കും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന കന്നുകാലികളിലൂടെയാണ് നിറവേറ്റുന്നത്. അതിനാല്‍ വിതരണ ശൃംഖലയില്‍ ചെറിയ തടസമുണ്ടായാല്‍ പോലും സംസ്ഥാനത്തെ വിപണിയെ അത് നേരിട്ട് ബാധിക്കുന്നു.
സമീപകാലത്ത് അയല്‍സംസ്ഥാനങ്ങളില്‍ കന്നുകാലി കടത്തുമായി ബന്ധപ്പെട്ട പരിശോധനകളും നിയന്ത്രണങ്ങളും കര്‍ശനമായത് കേരളത്തിലേക്കുള്ള കാലിവരവിനെ പ്രതികൂലമായി ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു.
ഇന്ധനവിലയിലെ വര്‍ധന, ലോജിസ്റ്റിക്സ് ചെലവ്, ചെക്ക്പോസ്റ്റുകളിലെ കാലതാമസം എന്നിവയും കന്നുകാലി എത്തിക്കുന്ന ചെലവ് ഗണ്യമായി കൂട്ടിയിട്ടുണ്ട്. ഈ അധികച്ചെലവ് ഒടുവില്‍ വിപണി വിലയിലും പ്രതിഫലിക്കുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വരവ് കുറഞ്ഞതോടെ ഇറച്ചിവിലയില്‍ 40 മുതല്‍ 60 രൂപ വരെ വര്‍ധിച്ചു. കേരളത്തില്‍ കിലോഗ്രാമിന് 500 രൂപ വരെ ചിലയിടങ്ങളില്‍ ഇറച്ചിവിലയായി.
വിപണിയില്‍ ബീഫിനുള്ള സ്ഥിരമായ ആവശ്യകതയും ലഭ്യതയിലെ അനിശ്ചിതത്വവും കണക്കിലെടുക്കുമ്പോള്‍, വാണിജ്യാടിസ്ഥാനത്തിലുള്ള പോത്തുവളര്‍ത്തല്‍ മികച്ച സംരംഭക അവസരമായി മാറുകയാണ്. വിപണി ആവശ്യകത മുന്‍കൂട്ടി കണ്ട് കിടാവുകളെ വാങ്ങി 10 മുതല്‍ 12 മാസം വരെ വളര്‍ത്തി ഉത്സവകാലങ്ങളിലോ ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള സമയങ്ങളിലോ വിപണിയിലെത്തിച്ചാല്‍ മികച്ച ലാഭം നേടാനാകുമെന്ന് വര്‍ഷങ്ങളായി ഈ രംഗത്തുള്ള ഐബിന്‍ ജോസഫ് പറഞ്ഞു.
തീറ്റച്ചെലവ് നിയന്ത്രിക്കുകയും പ്രാദേശിക വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ സംരംഭത്തിന്റെ ലാഭക്ഷമത കൂടുതല്‍ ഉയര്‍ത്താനുമാകും. കേരളത്തില്‍ വളര്‍ത്തുന്ന പോത്തിന് ഡിമാന്‍ഡ് കൂടുതലാണെന്നും ഐബിന്‍ പറയുന്നു.
പോത്തുവളര്‍ത്തല്‍ ലാഭകരമാകുമോ എന്നത് മൃഗങ്ങളുടെ എണ്ണത്തേക്കാള്‍ കര്‍ഷകന്റെ ബിസിനസ് പ്ലാനിംഗിനെയാണ് ആശ്രയിക്കുന്നത്. വാങ്ങുന്ന സമയം, വില്‍ക്കുന്ന സമയം, ലക്ഷ്യമിടുന്ന വിപണി, തീറ്റച്ചെലവ് എന്നിവ കൃത്യമായി കണക്കാക്കിയാല്‍ പോത്തുവളര്‍ത്തല്‍ മികച്ച വരുമാന മാര്‍ഗമാക്കാമെന്നാണ് ഈ രംഗത്ത് അനുഭവസമ്പത്തുള്ളവര്‍ പറയുന്നത്.
പോത്തുകളെ വാങ്ങുമ്പോള്‍ത്തന്നെ എപ്പോള്‍, ഏത് വിപണിയിലാണ് വില്‍ക്കേണ്ടതെന്ന് തീരുമാനിച്ചിരിക്കണം. കൊടുങ്ങല്ലൂര്‍ സ്വദേശി കെ.ഡി. സജിയുടെ അനുഭവത്തില്‍, ഒരു പോത്തിനെ വില്‍ക്കുമ്പോള്‍ അതിന്റെ വാങ്ങിയ വിലയും പരിപാലനച്ചെലവും കിഴിച്ച് കുറഞ്ഞത് 25,000 എങ്കിലും ലാഭം ലഭിക്കുന്ന തരത്തിലായിരിക്കണം കണക്കുകൂട്ടല്‍.
10 മുതല്‍ 12 മാസം വരെ വളര്‍ത്തുന്ന ഒരു പോത്തില്‍നിന്ന് ശരാശരി പ്രതിമാസം 2,500 വരുമാനം ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ച് പോത്തുകളുണ്ടെങ്കില്‍ മാസം ഏകദേശം 12,000 വരെ അധിക വരുമാനം നേടാനാകും.
പോത്തുവളര്‍ത്തലിലെ ഏറ്റവും വലിയ ചെലവ് തീറ്റയാണ്. അതുകൊണ്ടുതന്നെ ചെലവ് നിയന്ത്രിക്കുകയാണ് ലാഭത്തിന്റെ പ്രധാന രഹസ്യം. തരിശുപാടങ്ങളിലോ തുറസായ സ്ഥലങ്ങളിലോ മേയിച്ച് വളര്‍ത്താന്‍ കഴിയുമെങ്കില്‍ തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കാം. തുടക്കഘട്ടത്തില്‍ ഒരു മൃഗത്തിന് ദിവസേന 15-20 വരെയും വേനല്‍ക്കാലത്ത് പരമാവധി 30 വരെയും കൈത്തീറ്റച്ചെലവ് നിയന്ത്രിക്കാനായാല്‍ മികച്ച ലാഭം ഉറപ്പാക്കാനാകും. വിലകൂടിയ സാന്ദ്രിത തീറ്റകളെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
കോഴിവളര്‍ത്തലില്‍ വിജയകരമായി നടപ്പാക്കുന്ന ഇന്റഗ്രേഷന്‍ മോഡല്‍ പോത്തുവളര്‍ത്തലിലും ഫലപ്രദമാണെന്ന് കേരളത്തിലെ കര്‍ഷകര്‍ തെളിയിച്ചിട്ടുണ്ട്. 60 മുതല്‍ 100 കിലോ വരെ തൂക്കമുള്ള പോത്തിന്‍കുട്ടികളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കര്‍ഷകര്‍ക്ക് നല്‍കും. വീട്ടുപറമ്പിലെ പുല്ലും കഞ്ഞിവെള്ളവും ഉപയോഗിച്ച് വലിയ അധിക ചെലവില്ലാതെ കര്‍ഷകര്‍ ഇവയെ വളര്‍ത്തുന്നു.
ഏകദേശം ഒന്നര വര്‍ഷത്തിനുശേഷം 350 കിലോയ്ക്ക് മുകളില്‍ തൂക്കമെത്തുമ്പോള്‍ വിപണി വിലയ്ക്ക് മൃഗങ്ങളെ തിരികെ വാങ്ങും. ആദ്യമായി നല്‍കിയ പോത്തിന്‍കുട്ടിയുടെ വില കിഴിച്ച ശേഷമുള്ള തുകയാണ് കര്‍ഷകന് ലഭിക്കുന്നത്.
ഈ രീതിക്ക് മറ്റൊരു പ്രധാന നേട്ടവുമുണ്ട്. വലിയ ഫാമുകളില്‍ നിരവധി മൃഗങ്ങളെ ഒരുമിച്ച് വളര്‍ത്തുമ്പോള്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. എന്നാല്‍ വിവിധ വീടുകളിലായി ഒന്നോ രണ്ടോ പോത്തുകളെ മാത്രം വളര്‍ത്തുമ്പോള്‍ രോഗസാധ്യത കുറയുകയും പരിപാലനച്ചെലവ് നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.
പ്രാദേശിക വിഭവങ്ങളും അധ്വാനവും ഫലപ്രദമായി പ്രയോജനപ്പെടുത്തി വിപണി ആവശ്യകത മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിച്ചാല്‍, കേരളത്തില്‍ പോത്തുവളര്‍ത്തല്‍ മികച്ച വരുമാനം നല്‍കുന്ന ഒരു കാര്‍ഷിക സംരംഭമായി വളര്‍ത്താനാകുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine