കേരളത്തില്‍ ഒരു കോടി വീടുകള്‍! കൊവിഡിന് ശേഷം നിര്‍മാണം കുതിച്ചു, പുതിയ വീടുകളില്‍ മൂന്നിലൊന്നും വനിതകളുടേത്, ട്രെന്‍ഡ് മാറ്റം ഇങ്ങനെ

ഏറ്റവും കൂടുതല്‍ വീടുള്ളത് മലപ്പുറത്ത്, ഭവനസാന്ദ്രതയില്‍ തിരുവനന്തപുരം മുന്നില്‍
Building a house, a couple watching
Canva
Published on

സംസ്ഥാനത്ത് വാസയോഗ്യമായ 1.09 കോടി ഭവനങ്ങളുണ്ടെന്ന് കേരള ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പഠനം. കേരളത്തിലെ ഭവന നിര്‍മാണ രീതികളില്‍ വന്ന മാറ്റവും 2022-23 സാമ്പത്തിക വര്‍ഷത്തെ കണക്കുകളെ ആസ്പദമാക്കി തയ്യാറാക്കിയ ബില്‍ഡിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. കൊവിഡ് കഴിഞ്ഞ ശേഷം 2022-23 കാലയളവില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ച വേഗത്തിലായിരുന്നുവെന്നും പുതുതായി 4,39,857 കെട്ടിടങ്ങള്‍ നിര്‍മിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 11.13 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

വാസയോഗ്യമായ ഭവനങ്ങളുടെ കണക്ക്, ജില്ല തിരിച്ചുള്ളത്‌
വാസയോഗ്യമായ ഭവനങ്ങളുടെ കണക്ക്, ജില്ല തിരിച്ചുള്ളത്‌

വാസയോഗ്യമായ ഒരു കോടി വീടുകള്‍

കേരളത്തില്‍ വാസയോഗ്യമായ 1,09,19,039 വീടുകളുണ്ടെന്നാണ് കണക്ക്. 11,88,596 വീടുകളുമായി മലപ്പുറം ജില്ലയാണ് മുന്നില്‍. തൊട്ടുപിന്നില്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളാണുള്ളത്. ഏറ്റവും പിന്നില്‍ വയനാട് ജില്ലയും. സംസ്ഥാനത്തെ വനഭൂമി കഴിച്ചിട്ടുള്ള 28,046 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഈ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. അതായത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 389.32 വീടുകള്‍ എങ്കിലുമുണ്ട്. ഭവനസാന്ദ്രതയില്‍ തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 642.45 വീടുകളാണ് ഒരു ചതുരശ്ര കിലോമീറ്ററിലുള്ളത്. കൊല്ലം (532.92 വീടുകള്‍), തൃശൂര്‍ (531.42 വീടുകള്‍) ജില്ലകളാണ് തൊട്ടുപിന്നില്‍. 168.06 വീടുള്ള ഇടുക്കിയും 185.15 വീടുള്ള വയനാടുമാണ് ഏറ്റവും പിന്നില്‍. മലയോര പ്രദേശം കൂടുതലുള്ളതും ജനസംഖ്യ കുറഞ്ഞതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് പുതുതായി നിര്‍മിക്കുന്ന പുതിയ വീടുകളുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക്‌
സംസ്ഥാനത്ത് പുതുതായി നിര്‍മിക്കുന്ന പുതിയ വീടുകളുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക്‌

പുതിയ വീടുകള്‍

കേരളത്തിലെ ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ശരാശരി 16 വീടുകളാണ് ഈ കാലയളവില്‍ നിര്‍മിച്ചത്. എട്ട് വര്‍ഷത്തെ കൂടിയ നിരക്കാണിത്. പുതിയ ഭവനങ്ങളുടെ സാന്ദ്രതയിലും തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. ചതുരശ്ര കിലോമീറ്ററിന് 34 വീടുകള്‍ തിരുവനന്തപുരത്ത് പണിതപ്പോള്‍ നാല് വീടുകളുമായി ഇടുക്കിയാണ് ഏറ്റവും പിറകില്‍. സാമ്പത്തിക വളര്‍ച്ചയും നഗരവത്കരണവും നിര്‍മാണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇവക്ക് പുറമെ മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളും പുതിയ ഭവനങ്ങളുടെ സാന്ദ്രതയില്‍ മുന്നിലാണ്. ഈ മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ അഞ്ച് ജില്ലകള്‍ സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ്. കുറഞ്ഞ ജനസംഖ്യയും നിര്‍മാണത്തിലെ നിയന്ത്രണങ്ങളുമാണ് ഇടുക്കി ജില്ലയിലെ ഭവനസാന്ദ്രതയെ കുറച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്നിലൊന്നും വനിതകളുടേത്

കേരളത്തിലെ പുതിയ വീടുകളില്‍ മൂന്നിലൊന്നും വനിതകളുടെ പേരിലുള്ളതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊല്ലം ജില്ലയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 176 വീടുകളില്‍ നൂറെണ്ണവും സ്ത്രീകളുടെ പേരിലുള്ളതാണ്. മലപ്പുറം ജില്ലയാണ് ഇതില്‍ ഏറ്റവും പിന്നിലുള്ളത്. സംസ്ഥാനത്തെ ആകെയുള്ള 4.39 ലക്ഷം പുതിയ കെട്ടിടങ്ങളില്‍ 2.77 ലക്ഷം പുരുഷന്മാരുടെയും ഒരുലക്ഷം സ്ത്രീകളുടെയും 53,055 എണ്ണം സംയുക്ത ഉടമസ്ഥതയിലും നാലെണ്ണം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെയും ഉടമസ്ഥതയിലുമുള്ളതാണ്. രാജ്യത്ത് ഭൂസ്വത്തിലും കെട്ടിട ഉടമസ്ഥതയിലും ഏറ്റവും കൂടുതല്‍ ലിംഗ സമത്വമുള്ളത് കേരളത്തിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ട് പ്രകടമാക്കുന്നതെന്ത്?

മലയാളിക്ക് സ്വന്തം സ്ഥലത്ത് വീടുവെയ്ക്കുന്നതിനോടുള്ള ആസക്തി വലുതാണെന്ന് കെ-റെറ മുന്‍ ചെയര്‍മാന്‍ പി.എച്ച് കുര്യന്‍ അടക്കമുള്ളവര്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. ഇതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും നഗരവത്കരണത്തിന്റെയും പുരോഗതി വ്യക്തമാക്കുന്നത് കൂടിയാണ് റിപ്പോര്‍ട്ടെന്നും വിദഗ്ധര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com