സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5 ലക്ഷം രൂപ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മെഡിസെപ് രണ്ടാം ഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം

പ്രതിദിനം 5,000 രൂപ വരെ മുറി വാടകയായി ലഭിക്കും, സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് വാടക പ്രതിദിനം 2,000 രൂപ വരെ
Paper cut-out figures of a family placed beside a red heart, a stethoscope, and the MEDISEP logo in the background, representing Kerala’s medical insurance scheme for state employees and pensioners.
canva, Medisep
Published on

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷം രൂപയായി ഉയര്‍ത്തും. മെഡിസെപിന്റെ ഒന്നാം ഘട്ടത്തെക്കുറിച്ച് നിരവധി പരാതികള്‍ നിലനില്‍ക്കെയാണിത്. 2022 ജൂലൈ ഒന്നിന് തുടങ്ങിയ പദ്ധതി ഇക്കഴിഞ്ഞ ജൂണ്‍ മുപ്പതിന് അവസാനിച്ചിരുന്നു.

41 സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും. മെഡിസെപ് ഒന്നാം ഘട്ടത്തില്‍ കറ്റാസ്‌ട്രോഫിക് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന 2 ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator - 6 lakh, ICD Dual Chamber - 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജില്‍ ഉള്‍പ്പെടുത്തും. കാല്‍മുട്ട് മാറ്റിവെയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ അടിസ്ഥാന ബെനിഫിറ്റ് പാക്കേജില്‍ ഉള്‍പ്പെടുത്തും.

പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇന്‍ഷുറന്‍സ് കമ്പനി 2 വര്‍ഷത്തേക്ക് 40 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് നീക്കി വെയ്ക്കണം. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ 1% വരെ മുറി വാടക ( പ്രതിദിനം 5,000 രൂപ വരെ) ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വാര്‍ഡ് വാടക പ്രതിദിനം 2000 രൂപ വരെ ലഭിക്കും.

കൂടുതല്‍ പേരെ ചേര്‍ക്കും

സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. പോളിസി കാലയളവ് നിലവിലുള്ള 3 വര്‍ഷത്തില്‍ നിന്ന് 2 വര്‍ഷമാക്കി. രണ്ടാം വര്‍ഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വര്‍ദ്ധനവ് ഉണ്ടാകും. മെഡിസെപ് ഒന്നാം ഘട്ടത്തില്‍ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളില്‍ പങ്കെടുപ്പിക്കും.

നോണ്‍ എംപാനല്‍ഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകള്‍ക്ക് റീ-ഇംപേഴ്‌സ്‌മെന്റ് അനുവദിക്കുന്ന വ്യവസ്ഥയില്‍ നിലവിലുള്ള 3 ചികിത്സകള്‍ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകള്‍ കൂടി ഉള്‍പ്പെടുത്തും. തുടര്‍ച്ചയായി ചികിത്സ തേടേണ്ട ഡേ കെയര്‍ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇന്‍ഷ്വറന്‍സ് പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ അനുവദിക്കും. ഒരേ സമയം സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ ക്ലബ് ചെയ്ത് അംഗീകാരം നല്‍കും.

അധിക നിരക്ക് ഈടാക്കിയാല്‍ നടപടി

പ്രീ ഹോസ്പിറ്റലൈസേഷന്‍, പോസ്റ്റ് ഹോസ്പിറ്റലൈസേഷന്‍ ചെലവുകള്‍ യഥാക്രമം 3, 5 ദിവസങ്ങള്‍ എന്നിങ്ങനെ ലഭ്യമാക്കും. ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാര്‍ഡില്‍ ക്യൂ.ആര്‍ കോഡ് സംവിധാനം ഉള്‍പ്പെടുത്തും. കരാറില്‍ നിന്നും വ്യതിചലിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള അടിസ്ഥാന നടപടിക്രമം (Standard Operating Procedure) ഇന്‍ഷുറന്‍സ് കമ്പനി തയാറാക്കേണ്ടതാണ്. സ്വകാര്യ ആശുപത്രികള്‍ അധിക ബില്‍ ഈടാക്കുന്നത് പോലുള്ള ചൂഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒന്നാം ഘട്ടത്തില്‍ അനുവദിച്ചത്

  • 1,052,121 ക്ലെയിമുകള്‍ക്ക് 1911.22 കോടി

  • 2256 അവയവമാറ്റ ചികിത്സ ക്ലെയിമുകള്‍ക്ക് - 67.56 കോടി

  • 1647 റി ഇമ്പേഴ്‌സ്‌മെന്റ്‌റ് ക്ലെയിമുകള്‍ക്ക് - 9.61 കോടി

  • കമ്പനിക്ക് അനുവദിച്ച തുക (18% ജി എസ് ടി ഉള്‍പ്പെടെ ) - 1950.00 കോടി

  • ജി.എസ്.ടി ഒഴികെയുള്ള യഥാര്‍ഥ പ്രീമിയം -1599.09 കോടി

The Kerala cabinet has approved the second phase of the MEDISEP health insurance scheme, aiming to expand medical coverage for state employees, pensioners, and their families.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com