

മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു. സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാനും അവയുടെ നിയന്ത്രണത്തിനുമുള്ള ബില്ലിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കും. സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ ഉന്നയിച്ച ഭേദഗതികള്‍ അംഗീകരിച്ചാണ് കരട് പാസാക്കിയത്. സര്‍വകലാശാലകളില്‍ ഏറ്റവും ഉയര്‍ന്ന പദവിയില്‍ വിസിറ്റര്‍ സ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് സി.പി.ഐ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കിയത്. ഇങ്ങനെ ചെയ്താല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനത്തിലും സര്‍ക്കാര്‍ ഇടപെടേണ്ടി വരുമെന്നും ഇത് അനാവശ്യ ബാധ്യതയാകുമെന്നായിരുന്നു സി.പി.ഐ വാദം. മറ്റ് വകുപ്പുകളും ഇതിനെ എതിര്‍ത്തു.
സ്വകാര്യ സംരംഭകരെ നിരുല്‍സാഹപ്പെടുത്തുമെന്നതിനാല്‍ ഫീസ്, നിയമനം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണമില്ലാതെയാണ് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത്. 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് നല്‍കണം. എസ്.സി, എസ്.ടി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫീസിളവും സ്‌കോളര്‍ഷിപ്പും മാറ്റില്ല. അധ്യാപക നിയമനം, വൈസ് ചാന്‍സലര്‍ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം തുടങ്ങിയവയില്‍ യു.ജി.സി, സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള നിയന്ത്രണ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിബന്ധനയുണ്ട്.
സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. പരമ്പരാഗത കോഴ്‌സുകള്‍ക്ക് പകരം പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ സാധ്യതയും ഉറപ്പുവരുത്തും. മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാന-വിദേശ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുള്ള വിദ്യാഭ്യാസ രീതി ആവിഷ്‌കരിച്ചാല്‍ വ്യവസായ രംഗത്തും വലിയ ഊര്‍ജ്ജമുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ സര്‍വകലാശാലകള്‍ എത്തുന്നത് മത്സരാധിഷ്ടിതമായി പ്രവര്‍ത്തിക്കാന്‍ ഇവരെ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഈ ഇത്തരം കേന്ദ്രങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങിയാല്‍ വിദ്യാഭ്യാസ നിലവാരം താഴോട്ടുപോകുമെന്ന ആശങ്കയും വിദഗ്ധര്‍ പ്രകടിപ്പിക്കുന്നുണ്ട്.
രാജ്യത്താകമാനം 455 സ്വകാര്യ സര്‍വകലാശാലകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഇരുപതോളം സര്‍വകലാശാലകള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഇതിനോടകം താത്പര്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്വയംഭരണ അവകാശമുള്ള കോളേജുകള്‍ക്കും ഇക്കാര്യത്തില്‍ അനുകൂല മനോഭാവമാണുള്ളത്.
കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്കെതിരെ നിരന്തരമായി സമരം ചെയ്തിട്ടുള്ള സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണി ഭരിക്കുമ്പോള്‍ തന്നെ ഇത്തരമൊരു നിയമം കൊണ്ടുവന്നത് പാര്‍ട്ടിയുടെ നയം മാറ്റമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഘടക കക്ഷികളില്‍ നിന്നുവരെ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ബില്‍ മന്ത്രിസഭയുടെ പരിഗണനക്ക് എത്തിയത്. സി.പി.ഐ വഴങ്ങിയെങ്കിലും വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് ഇപ്പോഴും എതിര്‍പ്പിലാണ്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുകൂലമാണെങ്കിലും ടി.പി ശ്രീനിവാസനെ തല്ലിയതിന് എസ്.എഫ്.ഐ മാപ്പ് പറയണമെന്ന നിലപാടിലാണ് കെ.എസ്.യു. സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ത്തിരുന്ന എസ്.എഫ്.ഐ ആകട്ടെ ഇപ്പോഴത്തെ നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല.
വിദ്യാഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്‌പോണ്‍സറിംഗ് ഏജന്‍സിക്ക് സ്വകാര്യ സര്‍വകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.
സര്‍വ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികള്‍ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം.
25 കോടി കോര്‍പ്പസ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണം.
മള്‍ട്ടി-ക്യാമ്പസ് യൂണിവേഴ്‌സിറ്റിയായി ആരംഭിക്കുകയാണെങ്കില്‍ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറില്‍ ആയിരിക്കണം.
സര്‍വ്വകലാശാലയുടെ നടത്തിപ്പില്‍ അധ്യാപക നിയമനം, വൈസ് ചാന്‍സലര്‍ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം ഉള്‍പ്പെടെ വിഷയങ്ങളില്‍ യു.ജി.സി, സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള നിയന്ത്രണ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
ഓരോ കോഴ്‌സിലും 40% സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്യും. ഇതില്‍ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.
പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫീസിളവ് / സ്‌കോളര്‍ഷിപ്പ് നിലനിര്‍ത്തും
1. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സര്‍ക്കാരിന് സമര്‍പ്പിക്കുക
2. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉള്‍പ്പെടെ സര്‍വകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം
3. നിയമത്തില്‍ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും.
4. വിദഗ്ദ്ധ സമിതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യന്‍ (Chairperson), സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാന്‍സലര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗണ്‍സിലിന്റെ നോമിനി. ആസൂത്രണ ബോര്‍ഡിന്റെ നോമിനി, സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടര്‍ (Members) എന്നിവര്‍ അംഗങ്ങളാകും.
5. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സര്‍ക്കാരിന് സമര്‍പ്പിക്കണം
6. സര്‍ക്കാര്‍ അതിന്റെ തീരുമാനം സ്‌പോണ്‍സറിംഗ് ബോഡിയെ അറിയിക്കും
7. നിയമസഭ പാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സര്‍വകലാശാലയെ നിയമത്തിനൊപ്പം ചേര്‍ത്തിരിക്കുന്ന ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തും.
8. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് മറ്റ് പൊതു സര്‍വ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും .
1. സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കല്‍റ്റിക്ക് ഗവേഷണ ഏജന്‍സികളെ സമീപിക്കാം.
2. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സര്‍വ്വകലാശാലയുടെ ഗവേണിംഗ് കൗണ്‍സിലില്‍ ഉണ്ടായിരിക്കും.
3. സംസ്ഥാന ഗവണ്‍മെന്റിന്റെ ഒരു നോമിനി സ്വകാര്യ സര്‍വ്വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായിരിക്കും
4. സംസ്ഥാന ഗവണ്‍മെന്റിന്റെ 3 നോമിനികള്‍ സ്വകാര്യ സര്‍വ്വകലാശാലയുടെ അക്കാഡമിക് കൗണ്‍സിലില്‍ അംഗമായിരിക്കും.
5. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യും.
6. പി.എഫ് ഉള്‍പ്പടെ ജീവനക്കാരുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തണം.
Read DhanamOnline in English
Subscribe to Dhanam Magazine