

സിമന്റ് വിപണിയിലെ കിടമല്‍സരത്തില്‍ കേരളത്തിലെ ചെറുകിട വ്യവസായികള്‍ക്ക് കാലിടറുന്നു. പുറത്തു നിന്നുള്ള വമ്പന്‍ കമ്പനികള്‍ കുറഞ്ഞ വിലയില്‍ സിമന്റ് ഇറക്കി തുടങ്ങിയതോടെ നിര്‍മാണച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയിലേക്കാണ് ചെറുകിട നിര്‍മ്മാതാക്കള്‍ നീങ്ങുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചെറുകിട സിമന്റ് നിര്‍മ്മാണ കമ്പനികളുള്ള പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് മേഖലയില്‍ ഇതിനകം ഏതാനും സിമന്റ് കമ്പനികള്‍ പൂട്ടി. മഴക്കാലത്ത് സിമന്റിന് ഡിമാന്റ് കുറഞ്ഞതിനൊപ്പം വിലയിടിവ് കൂടിയായതോടെ പിടിച്ചു നില്‍ക്കാന്‍ പല യൂണിറ്റുകളും ബുദ്ധിമുട്ടുകയാണ്.
അപ്രതീക്ഷിത വിലയിടിവ്
സിമന്റ് വിലയില്‍ അപ്രതീക്ഷിതമായ വിലയിടിവാണ് ഉണ്ടാകുന്നതെന്ന് കഞ്ചിക്കോട് എമറാള്‍ഡ് സിമന്റ്‌സിന്റെ ഉടമ എം.വിശ്വനാഥന്‍ നായര്‍ പറയുന്നു. സാധാരണയായി മഴക്കാലത്ത് സിമന്റിന് ഡിമാന്റ് കുറയുമ്പോള്‍ വിലയിലും കുറവ് വരുത്താറുണ്ട്. എന്നാല്‍ ഇത്തവണ മഴക്കാലത്തിന് മുമ്പു തന്നെ കുറഞ്ഞ വിലയിലാണ് സംസ്ഥാനത്തിന് പുറത്തു നിന്ന് സിമന്റ് എത്തുന്നത്. ചെറുകിട നിര്‍മ്മാതാക്കള്‍ക്ക് സിമന്റിന് നിര്‍മാണ,ഗതാഗത ചെലവുകള്‍ പോലും ലഭിക്കാത്ത രീതിയിലാണ് വിലയിടിയുന്നത്. ഫ്‌ളൈ ആഷ് ഉള്‍പ്പടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതും വ്യവസായികളെ പ്രതിസന്ധിയിലാക്കുന്നതായും വിശ്വനാഥന്‍ നായര്‍ പറയുന്നു.സിമന്റ് വിലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി റീട്ടെയ്ല്‍ വിലയില്‍ ചാക്കിന് അമ്പത് രൂപ വരെ ഇടിഞ്ഞിരുന്നു. വിലക്കുറവിന്റെ ട്രെന്റാണ് കുറച്ചു കാലമായി സിമന്റ് വിപണിയിലുള്ളത്. സംസ്ഥാനത്തിന് പുറത്തു നിന്ന് കുറഞ്ഞ വിലയില്‍ സിമന്റ് എത്തുന്നതാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പിന്തുണ ആവശ്യം
കേരളത്തില്‍ കൂടുതല്‍ ചെറുകിട സിമന്റ് നിര്‍മാണ കമ്പനികള്‍ പൂട്ടിപോകാതിരിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്. ഉല്‍പ്പാദനം കൂടുതല്‍ നടത്തുന്ന വമ്പന്‍ കമ്പനികള്‍ അവ വിറ്റഴിക്കാന്‍ വില കുറക്കുന്ന പ്രവണതയുമുണ്ട്. കേരളത്തിലെ നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിലയേക്കാള്‍ ഏറെ കുറഞ്ഞ വിലയിലാണ് അവര്‍ സിമന്റ് എത്തിക്കുന്നത്. ഈ കിടമല്‍സരത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍, വിപണിയില്‍ ഇടപെടണം. പ്രാദേശിക സിമന്റ് നിര്‍മ്മാതാക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് ഉള്‍പ്പടെയുള്ള ഭാരിച്ച ചെലവുകളില്‍ നിന്ന് ആശ്വാസം നല്‍കുന്ന നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine