കൊച്ചി വിമാനത്താവളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍; 200 കോടിയുടെ ഐ.ടി പദ്ധതിക്ക് തുടക്കം

സിയാല്‍, ലാഭം സാമൂഹ്യവല്‍ക്കരിക്കുന്ന സ്ഥാപനമെന്ന് മുഖ്യമന്ത്രി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്ന 200 കോടി രൂപയുടെ സിയാല്‍ 2.0 പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്ന 200 കോടി രൂപയുടെ സിയാല്‍ 2.0 പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
Published on

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാല്‍ 2.0 പദ്ധതിക്ക് തുടക്കം. യാത്രക്കാരുടെ സുരക്ഷാ പരിശോധന, ബാഗേജ് പരിശോധന തുടങ്ങി വിവിധ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്ന 200 കോടി രൂപയുടെ ഐ.ടി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലാഭം സ്വകാര്യവല്‍ക്കരിക്കുകയല്ല, സാമൂഹ്യവല്‍ക്കരിക്കുകയാണ് സിയാല്‍ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങള്‍ സജ്ജമാകണം

യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍ വിമാനത്താവളങ്ങള്‍ സജ്ജമാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2023-24 ല്‍ രാജ്യത്ത് 37.5 കോടി പേര്‍ വിമാനയാത്ര ചെയ്തു. ഇതില്‍ 27.5 കോടി പേര്‍ ആഭ്യന്തര യാത്രക്കാരാണ്. 21 ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധന. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 2040 ആകുമ്പോള്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 100 കോടി വിമാന യാത്രക്കാരുണ്ടാകുമെന്നാണ് അനുമാനം. വിമാന യാത്രക്കാരുടെ സുരക്ഷയും വിമാനത്താവളങ്ങളുടെ ആസ്തിയും ഏറ്റവും പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട ഘട്ടമാണിത്. പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

യാത്രകള്‍ സുഗമമാകും

യാത്ര കൂടുതല്‍ സുഗമമാക്കുക, സൈബര്‍ ഇടങ്ങളിലെ പുതിയ വെല്ലുവിളികള്‍ നേരിടുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ 200 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കിയത്. പ്രതിദിനം 50,000 ത്തില്‍ അധികം യാത്രക്കാര്‍ ഇവിടെ വരുന്നുണ്ട്. ഒരു ലക്ഷത്തോളം പേര്‍ ഓരോ ദിവസവും യാത്രാ അനുബന്ധ ആവശ്യങ്ങള്‍ക്കായി എത്തുന്നു. നാനൂ റിലധികം സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികളും 30 എയര്‍ലൈനുകളും ഹോട്ടലുകളുള്‍പ്പെടെ ഇരുന്നൂറോളം കമേഴ്‌സ്യല്‍ സ്ഥാപനങ്ങളും 12,000 ജീവനക്കാരും ഈ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയും വിപുലവും സങ്കീര്‍ണവുമായ വിമാനത്താവളത്തിന്റെ ഡിജിറ്റല്‍ ആസ്തികളുടെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണ്. കൃത്രിമബുദ്ധി, ഓട്ടോമേഷന്‍, പഴുതടച്ച സൈബര്‍ സുരക്ഷ എന്നിവയിലൂന്നിയ വിവിധ പദ്ധതികളാണ് സിയാല്‍ 2.0 യില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി. പി രാജീവ്, അന്‍വര്‍ സാദത്ത് എം.എല്‍.എ, റോജി എം.ജോണ്‍.എം.പി, ഹൈബി ഈഡന്‍, എം.പി, അഡ്വ.  അഡ്വ.  ഹാരിസ് ബീരാന്‍ എം.പി, സിയാല്‍ ഡയറക്ടര്‍മാരായ എം.എ യൂസഫലി, എം.എ, ഇ.കെ ഭരത് ഭൂഷണ്‍ തുടങ്ങിയവര്‍
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി. പി രാജീവ്, അന്‍വര്‍ സാദത്ത് എം.എല്‍.എ, റോജി എം.ജോണ്‍.എം.പി, ഹൈബി ഈഡന്‍, എം.പി, അഡ്വ. അഡ്വ. ഹാരിസ് ബീരാന്‍ എം.പി, സിയാല്‍ ഡയറക്ടര്‍മാരായ എം.എ യൂസഫലി, എം.എ, ഇ.കെ ഭരത് ഭൂഷണ്‍ തുടങ്ങിയവര്‍

ഇനി മെറ്റല്‍ ഡിറ്റക്ടര്‍ വേണ്ട

പുതിയ ഫുള്‍ ബോഡി സ്‌കാനറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ കൊച്ചി വിമാനത്താവളത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് യാത്രക്കാരുടെ ശരീരം സ്പര്‍ശിച്ചുകൊണ്ടുള്ള സുരക്ഷാ പരിശോധന ഒഴിവാക്കാനാകും. ഓട്ടോമാറ്റിക് ട്രേ റിട്രീവല്‍ സിസ്റ്റം നിലവില്‍ വരുന്നതോടെ ക്യാബിന്‍ ബാഗേജുകളുടെ സുരക്ഷാ പരിശോധനയും വേഗത്തിലാവുന്നു. വിമാനത്താവളത്തിന്റെയും പരിസര പ്രദേശത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 4,000 എ.ഐ അധിഷ്ഠിത നിരീക്ഷണ ക്യാമറകളാണ് സഥാപിച്ചിട്ടുള്ളത്. നിലവിലുള്ള ബോംബ് നിര്‍വീര്യ സംവിധാനവും സിയാല്‍ 2.0 യിലൂടെ നവീകരിക്കുന്നു.

ഏപ്രണ്‍ നിര്‍മാണം അന്തിമ ഘട്ടത്തില്‍

കഴിഞ്ഞ വര്‍ഷം കൊച്ചി വിമാനത്താവളത്തില്‍ നിര്‍മാണം തുടങ്ങിയ ബൃഹദ് പദ്ധതികളെല്ലാം അതിവേഗം പുരോഗമിക്കുകയാണ്. 700 കോടിയോളം രൂപ ചെലവിട്ട് നടപ്പിലാക്കുന്ന അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനത്തിന്റെ ഭാഗമായ ഏപ്രണ്‍ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ടെര്‍മിനല്‍ മൂന്നിലേക്ക് പണികഴിപ്പിക്കുന്ന കൊമേഴ്‌സ്യല്‍ സോണിന്റെ പ്രവര്‍ത്തനവും മികച്ച നിലയില്‍ പുരോഗമിക്കുന്നു. ഈ വികസന പ്രവര്‍ത്തനങ്ങളിലൂടെ 29,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. നിക്ഷേപകര്‍ക്കും നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നതാണ് വികസന പ്രവര്‍ത്തനങ്ങള്‍.

45 ശതമാനം ലാഭവിഹിതം

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 45 ശതമാനം ലാഭവിഹിതമാണ് സിയാല്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. നിരവധി പാലങ്ങളുടെ നിര്‍മാണം ഏറ്റെടുത്തു. കാര്‍ഗോ കയറ്റിറക്ക് കരാര്‍ തൊഴിലാളികള്‍ക്കായി അടുത്തിടെ ആരംഭിച്ച സൊസൈറ്റിയും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മാണത്തിലും സിയാല്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്. ടൗണ്‍ഷിപ്പിലെ 400 വീടുകളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കുന്ന പദ്ധതി സിയാല്‍ സ്വന്തം നിലക്ക് നിര്‍വഹിക്കുകയാണ്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി. പി രാജീവ് അധ്യക്ഷനായിരുന്നു. അന്‍വര്‍ സാദത്ത് എം.എല്‍.എ, റോജി എം.ജോണ്‍.എം.പി, ഹൈബി ഈഡന്‍, എം.പി, അഡ്വ. അഡ്വ. ഹാരിസ് ബീരാന്‍ എം.പി, സിയാല്‍ ഡയറക്ടര്‍മാരായ യൂസഫലി, എം.എ, ഇ.കെ ഭരത് ഭൂഷണ്‍, അരുണ സുന്ദരരാജന്‍, എന്‍.വി ജോര്‍ജ്, വര്‍ഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ്, ജനറല്‍ മാനേജര്‍, എ.ടി ആന്റ് കമ്യൂണിക്കേഷന്‍സ് സന്തോഷ്. എസ് എന്നിവര്‍ സംസാരിച്ചു.

പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന എയ്‌റോ ഡിജിറ്റല്‍ സമ്മിറ്റില്‍ ഐ.ടി എക്‌സ്പീരിയന്‍സ് സെന്റര്‍, റോബോട്ടിക് പ്രദര്‍ശനം എന്നിവക്കൊപ്പം രാജ്യത്തെ പ്രമുഖ ഐ.ടി വിദഗ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും നടന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com