ക്ഷേമപെന്‍ഷന്‍ 2,000 രൂപയാക്കി, റബ്ബറിന്റെ താങ്ങുവില കൂട്ടി, അർഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ പെന്‍ഷന്‍! തിരഞ്ഞെടുപ്പ് വേളയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

നവംബര്‍ ഒന്ന് മുതല്‍ പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
Pinarayi Vijayan
Image : CM Pinarayi Vijayan /FB
Published on

ക്ഷേമപെന്‍ഷനും റബ്ബറിന്റെയും നെല്ലിന്റെയും താങ്ങുവിലയും വര്‍ധിപ്പിക്കുന്നതടക്കം വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെയാണ് വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും ശ്രദ്ധേയം. എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തീരുമാനം നവംബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കും. ഇന്ന് വൈകുന്നേരം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ 400 രൂപ വര്‍ധിപ്പിച്ച് 2,000 രൂപയാക്കി ഉയര്‍ത്തി. 13,000 കോടി രൂപയാണ് ഇതിനായി പ്രതിമാസം മാറ്റിവെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഒരു ഗഡു ഡി.എ കുടിശിക നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കും. ഏറെ വിവാദമായ ആശമാരുടെ ഓണറേറിയം 1,000 രൂപ വര്‍ധിപ്പിച്ചു. ഇതുവരെയുള്ള കുടിശികയും കൊടുത്തുതീര്‍ക്കും. സ്ത്രീസുരക്ഷാ പദ്ധതി പ്രകാരം അര്‍ഹരായ വനിതകള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം പെന്‍ഷന്‍ നല്‍കും. അര്‍ഹരായ യുവാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രതിമാസം ഒരുലക്ഷം രൂപക്ക് താഴെ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കണക്ട് ടു വര്‍ക്ക് പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപയായി വര്‍ധിപ്പിക്കും. മുന്‍കാലത്തെ കുടിശികയും കൊടുത്തുതീര്‍ക്കും. പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1,000 രൂപ വര്‍ധിപ്പിച്ചു. കോളേജ് ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2,000 രൂപ വരെ വര്‍ധിപ്പിക്കും. റബറിന്റെ താങ്ങുവില 200 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇത് 180 രൂപയാണ്. നെല്ലിന്റെ സംഭരണ വില 28.20രൂപയില്‍ നിന്ന് 30 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനോപകരമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാരുകാരുടെ കുടിശികയും വിപണി ഇടപെടലിന് സപ്ലൈക്കോക്ക് നല്‍കാനുള്ള കുടിശികയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറെ വിവാദമായ പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാനും തീരുമാനമായി. വിഷയം പഠിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Ahead of the elections, the Chief Minister's newly announced welfare pension hike, the new monthly pension for women, and the increase in the support price for rubber will all come into effect from November 1.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com