കര്‍ഷകരുടെ ഒരു കാര്യം! തെങ്ങിന്റെ മണ്ടയില്‍ ഒന്നുമില്ല, ചെല്ലി കുത്തി മറിക്കുന്നു, നാളികേരത്തിനോ നല്ല ഡിമാന്റ്; തെങ്ങ് വെച്ചവര്‍ വിചിത്ര പ്രതിസന്ധിയില്‍

ആക്റ്റിവേറ്റഡ് കാർബണിന് അമേരിക്ക അടക്കമുളള രാജ്യങ്ങളില്‍ വലിയ വിപണി
coconut
Image courtesy: Canva
Published on

കേരളത്തിലെ നാളികേര കര്‍ഷകര്‍ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. നാളികേരത്തിന്റെ വില കുതിച്ചുയരുന്നുണ്ട്. എന്നാല്‍ ഉൽപ്പാദനത്തില്‍ കുത്തനെയുള്ള ഇടിവാണ് കർഷകർ നേരിടുന്നത്. പ്രാദേശിക വിപണിയിൽ തേങ്ങ കിലോഗ്രാമിന് 80 രൂപയിലാണ് വില്‍പ്പന നടക്കുന്നത്. വെളിച്ചെണ്ണ ലിറ്ററിന് 400 രൂപയ്ക്ക് മുകളിലാണ് ഉളളത്.

ഉല്‍പ്പാദന കുറവിനുളള കാരണങ്ങള്‍

കുറഞ്ഞ സംഭരണ ​​നിരക്കും ഉയര്‍ന്ന വളം വിലയും മൂലം ചെറുകിട കർഷകർ അടുത്ത കാലത്തായി തെങ്ങുകളുടെ വളപ്രയോഗം, മുകൾഭാഗം വൃത്തിയാക്കൽ തുടങ്ങിയവ നിർത്തിവച്ചിരിക്കുകയാണ്. കൂടാതെ തെങ്ങ് കയറ്റക്കാർ പണിക്കൂലി കൂട്ടിയതും തിരിച്ചടിയാണ്. ഒരു തെങ്ങിന് 70 മുതല്‍ 100 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് താങ്ങാനാവില്ലെന്നും കർഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, മഴയുടെ കുറവ് തുടങ്ങിയവ കാരണവും ഉൽപ്പാദനക്ഷമതയിൽ കുറവ് വന്നു. തെങ്ങുകള്‍ക്കുണ്ടാകുന്ന കീടങ്ങളും രോഗബാധയും കര്‍ഷകരെ വലയ്ക്കുന്നു. ഒരു തെങ്ങിന് 50 ഓളം തേങ്ങകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് സമീപ വർഷങ്ങളിൽ ഉൽപ്പാദനക്ഷമത 10-15 തേങ്ങകളായി കുറയുന്നതായും കര്‍ഷകര്‍ പറയുന്നു.

തേങ്ങയുടെ ദൗർലഭ്യം മൂലം മില്ലുടമകളും കമ്പനികളും പ്രതിസന്ധി നേരിടുന്നുണ്ട്. തേങ്ങ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവര്‍ വാങ്ങൽ വിലയും വിപണി വിലയും സന്തുലിതമാക്കാൻ കഴിയാത്ത സാഹചര്യവും നേരിടുന്നുണ്ട്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും മില്ലുകള്‍ തേങ്ങ സംഭരിക്കുന്നുണ്ട്. നാളികേര അധിഷ്ഠിത വ്യവസായങ്ങളുടെ ഏകദേശം 800 യൂണിറ്റുകളാണ് കേരളത്തിലുളളത്. വെളിച്ചെണ്ണ, ഉണക്കിയ തേങ്ങ, തേങ്ങാപ്പാൽ, തേങ്ങാപ്പാൽ പൊടി, ചിപ്‌സ്, കരിക്കിന്‍ വെള്ളം, നാറ്റ ഡി കൊക്കോ (നാളികേര ജെൽ), ശർക്കര, സ്ക്വാഷ്, കുക്കികൾ, ക്രഞ്ചുകൾ, തേങ്ങാ ചിരട്ട പൊടി, ഷെൽ ചാർക്കോൾ, ആക്ടിവേറ്റഡ് കാർബൺ തുടങ്ങിയ വിവിധ മൂല്യ വര്‍ധിത ഉൽപ്പന്നങ്ങളാണ് ഈ യൂണിറ്റുകളില്‍ ഉണ്ടാക്കുന്നത്.

കയറ്റുമതിയില്‍ വര്‍ധന

അതേസമയം തേങ്ങാ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. 2024-25 ൽ 4,349 കോടി രൂപയുടെ തേങ്ങാ ഉൽപ്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തതെന്ന് നാളികേര വികസന ബോർഡ് (CDB) വ്യക്തമാക്കുന്നു. ഇതിൽ 1,031.6 കോടി രൂപയുടെ ഉൽപ്പന്നങ്ങളുടെ കയറ്റുമതി കൊച്ചി തുറമുഖം വഴിയായിരുന്നു. യു.എ.ഇ യിലേക്കുള്ള കയറ്റുമതിയിലും കുത്തനെ വർധനയുണ്ടായി. 2024-25 ൽ 636 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് യു.എ.ഇ യിലേക്ക് കയറ്റുമതി ചെയ്തത്. ആക്റ്റിവേറ്റഡ് കാർബണിന് അമേരിക്ക അടക്കമുളള രാജ്യങ്ങളില്‍ വലിയ വിപണിയാണ് ഉളളത്. ചിരട്ടയുടെ വില കിലോഗ്രാമിന് 8 രൂപയിൽ നിന്ന് 30 രൂപയായി ഉയരാന്‍ ഇതും കാരണമാണ്. വെള്ളം, വായു തുടങ്ങിയവയിലെ മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യാനാണ് സാധാരണയായി ആക്റ്റിവേറ്റഡ് കാർബണ്‍ ഉപയോഗിക്കുന്നത്.

Despite soaring demand, Kerala coconut farmers face crisis due to production drop, high input costs, and climate challenges.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com