ഈ വന്ദേഭാരത് പിടിച്ചാല്‍ തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് വേണ്ടത് 9 മണിക്കൂര്‍ മാത്രം

ചെന്നൈ സെൻട്രൽ-നാഗർകോവിൽ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലുളളവര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ സര്‍വീസ്. യാത്രക്കാര്‍ക്ക് തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലെത്തി ഈ വന്ദേ ഭാരത് ട്രെയിനില്‍ കയറാവുന്നതാണ്. സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള മറ്റു ട്രെയിനുകൾ പാലക്കാട്, നാഗർകോവിൽ വഴി തിരുവനന്തപുരത്തു നിന്ന് ചെന്നൈയിൽ എത്താന്‍ ഏകദേശം 14 മുതൽ 17 മണിക്കൂർ വരെയാണ് എടുക്കുന്നത്.

വന്ദേ ഭാരതിന്റെ സമയക്രമം

ചെന്നൈ സെൻട്രൽ-നാഗർകോവിൽ ഡോ. എം.ജി.ആർ വന്ദേ ഭാരത് (ട്രെയിന്‍ നമ്പർ 06067) ശനിയാഴ്ച മുതലാണ് സർവീസ് ആരംഭിച്ചത്. കേരളത്തില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ ആദ്യം നാഗര്‍കോവില്‍ സ്റ്റേഷനിലാണ് എത്തേണ്ടത്. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് 1 മണിക്കൂര്‍ 45 മിനിറ്റിന് ശേഷം ഉച്ചയ്ക്ക് 1.50 ന് നാഗർകോവിലിലെത്തുന്നതാണ്.
അവിടെ നിന്ന് ഉച്ചയ്ക്ക് 2.20 നാണ് ചെന്നൈ വന്ദേ ഭാരത് പുറപ്പെടുന്നത്. ട്രെയിന്‍ അതേ ദിവസം രാത്രി 9 മണിക്ക് ചെന്നൈയിലെത്തി ചേരും. അതായത് നാഗര്‍ കോവിലില്‍ നിന്ന് ചെന്നൈയിലെത്താന്‍ വന്ദേഭാരത് എടുക്കുന്ന സമയം ഏകദേശം 7 മണിക്കൂറാണ്.
നാഗർകോവിലിൽ നിന്നുളള ചെന്നൈ വന്ദേ ഭാരത് പിടിക്കാൻ തിരുവനന്തപുരത്ത് നിന്ന് രണ്ട് ട്രെയിനുകൾ കൂടിയുണ്ട്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.10 ന് പുറപ്പെടുന്ന പൂനെ-കന്യാകുമാരി എക്‌സ്പ്രസും 11.35 ന് പുറപ്പെടുന്ന തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്‌സ്പ്രസും നാഗർകോവിലില്‍ ഉച്ചയ്ക്ക് 12.38 ന് എത്തുന്നതാണ്. ഈ ട്രെയിനുകളില്‍ കയറിയാലും 2.20 ന് പുറപ്പെടുന്ന വന്ദേഭാരതില്‍ സഞ്ചരിക്കാന്‍ സാധിക്കും.
സ്റ്റോപ്പുകള്‍
ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് രാവിലെ 5.20 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് നാഗർകോവിലിലെത്തുന്ന രീതിയിലാണ് വന്ദേഭാരതിന്റെ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. നാഗർകോവിലിൽ നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06068) രാത്രി 9ന് ചെന്നൈയിലെത്തും. വില്ലുപുരം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര, കോവില്‍പെട്ടി, തിരുനെൽവേലി എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകള്‍ ഉളളത്.
അതേസമയം, തിരിച്ച് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോള്‍ നാഗർകോവില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍, ഉടന്‍ തിരുവനന്തപുരത്തേക്ക് ട്രെയിൻ സർവീസുകളില്ല എന്നത് ഒരു ന്യൂനതയാണ്. നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിവേക് ​​എക്‌സ്‌പ്രസും പാസഞ്ചർ ട്രെയിനുകളും വൈകുന്നേരത്തിന് ശേഷമാണ് പുറപ്പെടുന്നത് എന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. എന്നാല്‍ നാഗര്‍കോവിലില്‍ നിന്ന് ബസ് മാര്‍ഗം തിരുവനന്തപുരത്തേക്ക് എത്തുന്ന കാര്യവും യാത്രക്കാര്‍ക്ക് പരിഗണിക്കാവുന്നതാണ്.
Related Articles
Next Story
Videos
Share it